പക്ഷിപ്പനി: വിദഗ്ധസമിതി റിപ്പോർട്ട് അശാസ്ത്രീയമെന്ന് കർഷകർ
text_fieldsആലപ്പുഴ: താറാവുകളുടെ വംശനാശത്തിന് കാരണമാകുന്ന പക്ഷിപ്പനി വിദഗ്ധസമിതിയുടെ റിപ്പോർട്ട് അശാസ്ത്രീയമെന്ന് താറാവ് കർഷകർ. പക്ഷിപ്പനി ബാധിത ജില്ലകളിൽ വിൽപനയും വളർത്തുപക്ഷികളുടെ നീക്കവും 2025 മാർച്ച് വരെ നിരോധിക്കാനും ഹാച്ചറികൾ അടച്ചിടാനുമാണ് നിർദേശം.
ഇത് കുട്ടനാട്, അപ്പർ കുട്ടനാട് മേഖയിലെ താറാവുകളുടെ അന്ത്യത്തിന് വഴിയൊരുക്കുമെന്ന് കർഷകർ പറയുന്നു. മുട്ടകൾ വിരിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടനാട്ടിലെ സവിശേഷ താറാവ് ഇനങ്ങളായ ചെമ്പല്ലി, ചാര എന്നിവ പൂർണമായും തുടച്ചുനീക്കപ്പെടും.
ആഗോളതലത്തിൽ വംശനാശം നേരിടുന്ന പക്ഷികളെ സംരക്ഷിക്കാൻ സംവിധാനം ഒരുക്കുമ്പോഴാണ് താറാവുകളെ ഇല്ലാതാക്കുന്നത്. വിദഗ്ധസമിതി കണ്ടെത്തലുകൾക്ക് ശാസ്ത്രീയ അടിത്തറയില്ല. 10 വർഷമായി ആവർത്തിക്കുന്ന പക്ഷിപ്പനിക്ക് പ്രതിരോധം ഒരുക്കാത്തതാണ് വ്യാപിക്കാൻ കാരണം. രോഗലക്ഷണങ്ങളോടെ പക്ഷികൾ കൂട്ടത്തോടെ ചത്താലും ഇതു കണ്ടെത്താൻ രണ്ടാഴ്ചയിലേറെ സമയമെടുക്കും.
ആദ്യം തിരുവല്ല മഞ്ഞാടിയിലെ ലാബിൽ പരിശോധന നടത്തി രോഗബാധയുണ്ടെന്ന് തിരിച്ചറിഞ്ഞാലും ഭോപ്പാലിലെ ഹൈസെക്യൂരിറ്റി ലാബിൽനിന്ന് ഔദ്യോഗിക സ്ഥിരീകരണമുണ്ടാകണം. 10 മുതൽ 15ദിവസം വരെ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ടാകും. എന്നിട്ടും മനുഷ്യരിലേക്ക് രോഗം പടരുന്നില്ലെന്ന വിദഗ്ധസമിതി റിപ്പോർട്ട് സർക്കാർ പരിഗണിക്കണം.
താറാവുകളുടെ വംശനാശത്തിന് കാരണമാകുന്ന നിരോധനം ഒഴിവാക്കി വാക്സിനും മരുന്നുകളും ലഭ്യമാക്കി പക്ഷിപ്പനി നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കണം. ഇതിന് സർക്കാർ തയാറായില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപംനൽകും. വാർത്തസമ്മേളനത്തിൽ ജില്ല താറാവ് കർഷകസംഘം പ്രസിഡന്റ് അഡ്വ. ബി. രാജശേഖരൻ, സെക്രട്ടറി കെ. ശാമുവൽ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.