പക്ഷിപ്പനി താറാവുകൾക്ക്; വംശനാശം കർഷകർക്ക്
text_fieldsകുട്ടനാട് ഇപ്പോൾ പക്ഷികളുടെ ശവപ്പറമ്പാണ്. മിക്കയിടത്തും കൂട്ടിയിട്ട് കത്തിക്കുന്നു. മാംസം കരിയുന്നതിന്റെ ഗന്ധം കുട്ടനാട്ടിലാകെ നിറയുന്നു. പക്ഷിപ്പനി ബാധയാണ് കുട്ടനാടിന് ഈഗതി വരുത്തിയത്. കത്തിക്കുന്നതിൽ ബഹു ഭൂരിഭാഗവും താറാവുകളാണ്. ഇതുവരെ 72,548 പക്ഷികളെ കൊന്ന് കത്തിച്ചു. ഇതിൽ 69,610 എണ്ണവും താറാവുകളാണ്.
ഇനിയും കൊന്നൊടുക്കപ്പെടുമോ എന്ന ആശങ്കയിൽ കഴിയുന്നത് നിരവധി കർഷകരാണ്. കത്തിയെരിയുന്നത് താറാവ് കർഷകരുടെ ജീവിത സ്വപ്നങ്ങളുമാണ്. രോഗബാധ വ്യാപിക്കുന്നത് തടയുക ലക്ഷ്യമിട്ട് സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നത്. അതുമൂലമുണ്ടാകുന്ന നഷ്ടം കർഷകൻ സഹിക്കേണ്ട അവസ്ഥയാണ്. സമൂഹത്തിന് വേണ്ടി ചെയ്യുന്ന കാര്യത്തിന് കർഷകൻ കണ്ണീര് കുടിക്കേണ്ടി വരുന്ന കാട്ടു നീതിയാണ് ഇവിടെ നടമാടുന്നത്. സർക്കാറിന്റെ സഹായ പദ്ധതികളുടെ പട്ടികയിലൊന്നും താറാവ് കർഷകരില്ല. ബാങ്കുകാർ വായ്പ അനുവദിക്കില്ല. എന്നിട്ടും സ്വന്തം നിലയിൽ താറാവുകളെ വളർത്തുന്ന കർഷകർ ശിക്ഷിക്കപ്പെടുന്ന അവസ്ഥ. താറാവ് കർഷകരുടെ ദുരിത ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന പരമ്പര തുടങ്ങുന്നു.
വർഷംതോറും ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥിയായാണ് ഇപ്പോൾ കുട്ടനാട്ടുകാർക്ക് പക്ഷിപ്പനി. മുൻ കാലങ്ങളിൽ വർഷങ്ങളുടെ ഇടവേളയിലൊരിക്കലായിരുന്നു ഇതിന്റെ വരവ്. ഇപ്പോൾ വർഷംതോറും എത്തുകയാണ് ഈ മഹാമാരി. പക്ഷിപ്പനിയുടെ ഈ വരവും പോക്കും കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും വിതക്കുന്നത് കൊടിയ ദുരന്തമാണ്. ആയിരക്കണക്കിന് വളർത്തുപക്ഷികളുടെ ജീവനാണ് കവരുന്നത്. നിരവധി കുടുംബങ്ങളുടെ ജീവിതമാണ് വെള്ളത്തിലാകുന്നത്. ഇത്തവണയും ആ ദുരന്തത്തിന് സാക്ഷ്യംവഹിക്കുകയാണ് ഇവിടത്തുകാർ. പക്ഷികളുടെ മരണ താഴ്വാരമാണ് ഇപ്പോൾ അപ്പർകുട്ടനാടും കുട്ടനാടും. നെൽകൃഷി കഴിഞ്ഞാൽ കുട്ടനാട്ടുകാരുടെ ജീവിതമാർഗമാണ് താറാവ് വളർത്തൽ. നെല്ലും മീനും താറാവുമെന്ന കുട്ടനാട്ടുകാരുടെ ജീവിത താളമാണ് പക്ഷിപ്പനി തെറ്റിക്കുന്നത്. താറാവുകളുടെ കര കര ശബ്ദം കേൾക്കാതിരിക്കാൻ ഇവിടത്തുകാർക്ക് കഴിയില്ല. അതിനാൽ ഓരോ പക്ഷിപ്പനികാലത്തും കൊന്നും ചത്തും ഒടുങ്ങിയ താറാവുകൾക്ക് പകരം പുതിയവയെ അവർ വിരിയിച്ചിറക്കും. വിസ്തൃതമായ നെൽപാടങ്ങളിലും ചതുപ്പുകളിലും അരുവികളിലും തോടുകളിലും നദികളിലും താറാവുകൾ പിച്ചവച്ചും തത്തിക്കളിച്ചും നീന്തിതുടിച്ചും പുതു ജീവതാളമുയർത്തും. നെൽപാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞ് താറാവുകളെ ഇറക്കിയാൽ കീടബാധ 15 ശതമാനത്തോളം കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്.
40 ലക്ഷത്തോളം താറാവുകളുടെ വാസഗേഹമാണ് കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി പരന്ന് കിടക്കുന്ന അപ്പർകുട്ടനാട്, കുട്ടനാടൻ മേഖല. ഇത്രയേറെ താറാവുകളുള്ളതിനാൽ ഓരോ പക്ഷിപ്പനികാലവും ഏറ്റവുമധികം മരണംവിധിക്കുന്നത് അവക്കാണ്.
ഇത്തവണയും പക്ഷിപ്പനി കവർന്നത് മുക്കാൽ ലക്ഷത്തോളം താറാവുകളുടെ ജീവനാണ്. ജീവിക്കാൻ വേണ്ടി താറാവുകളെ പോറ്റിവളർത്തുന്നവരുടെ ജീവിതവും പ്രതീക്ഷയുമാണ് പക്ഷിപ്പനിയുടെ മുന്നിൽ വിറകൊണ്ട് നിൽക്കുന്നത്. എപ്പോഴാണ് ആ ദുരന്തം തങ്ങളുടെ താറാവുകളുടെ ജീവനെടുക്കാൻ വരുന്നതെന്ന ആശങ്കയിൽ ദിനങ്ങൾ തള്ളി നീക്കുകയാണ് കർഷകർ. താറാവുകളെ പോറ്റിവളർത്തി ജീവിതം കരുപിടിപ്പിച്ച തലമുറകൾ ഇവിടെ ആയിരകണക്കിനായിരുന്നു. പാരമ്പര്യമായി താറാവ് വളർത്തൽ തൊഴിലാക്കിയ കുടുംബങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോഴും അവയെയും തെളിച്ച് പാടങ്ങളിലൂടെ നടക്കുന്നത്. ഈ നടത്തത്തിനിടയിൽ പക്ഷിപ്പനി ഒഴിയാബാധയായി മാറിയതോടെ കാലിടറിയവർ നിരവധിയാണ്. ഇപ്പോൾ താറാവുകളെയും തെളിച്ച് നടക്കാൻ കുറച്ച് പേരെയുള്ളൂ. അവരും ഇനിയും എത്രനാൾ ഇങ്ങനെ മുന്നോട്ടുപാകാനാവും എന്ന ആശങ്ക പങ്കുവക്കുന്നു. ഇങ്ങനെ പോയാൽ ഏതാനും വർഷങ്ങൾക്കകം താറാവ് വളർത്തൽ കുട്ടനാട്ടിൽ കുറ്റിയറ്റുപോകുമെന്ന് അവർ പറയുന്നു.
പടരുന്നത് H5N1 എന്ന അപകടകാരി
ഏവിയൻ ഇൻഫ്ലുവൻസ H5N1 എന്ന ഏറ്റവും അപകടകാരിയായ വൈറസാണ് ഇപ്പോൾ കുട്ടനാടൻ മേഖലയിലെ പക്ഷികളിൽ കണ്ടെത്തിയിട്ടുള്ളത്. ഏപ്രിൽ 12നാണ് എടത്വ, ചെറുതന എന്നിവിടങ്ങളിലെ താറാവുകളിൽ രോഗം സ്ഥിരീകരിച്ചത്. പിന്നീട് മുട്ടാർ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളിലും ചങ്ങനാശ്ശേരിയിലും രോഗബാധ സ്ഥിരീകരിച്ചു. ഇപ്പോൾ തഴക്കര, നിരണം പഞ്ചായത്തുകളിലും രോഗബാധ കണ്ടെത്തി. മനുഷ്യരിലേക്കും മൃഗങ്ങളിലേക്കും പടരുമെന്നതാണ് ഈ വൈറസിന്റെ അപകടം.
മനുഷ്യരിലും മരണകാരണമാകാം. H5N1 പക്ഷിപ്പനിയുടെ അപകടത്തെക്കുറിച്ച് ലോകാരോഗ്യ സംഘടനയും ഈയിടെ മുന്നറിയിപ്പ് നൽകിയതിനാൽ ഇത് പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. 2003 ൽ വിയറ്റ്നാമിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും പടർന്നുകഴിഞ്ഞു.
മൂന്ന് വർഷത്തിനിടെ കുട്ടനാട് മേഖലയിൽ നാല് തവണ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2021, 2022, 2023 വർഷങ്ങളിൽ കുട്ടനാട്, തകഴി ഗ്രാമപ്പഞ്ചായത്ത്, വഴുതാനം എന്നിവിടങ്ങളിൽ പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടരും.....
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.