അഞ്ച് പഞ്ചായത്തിൽക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു
text_fieldsആലപ്പുഴ: തകഴി പഞ്ചായത്തിന് പിന്നാലെ അഞ്ച് പഞ്ചായത്തിൽക്കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് അധികൃതർ. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കാൻ മുന്‍കരുതല്‍ നടപടി ശക്തമാക്കാൻ ആരോഗ്യവകുപ്പിന് കലക്ടർ നിര്‍ദേശം നല്‍കി. നെടുമുടി, കരുവാറ്റ, കോട്ടയം ജില്ലയിലെ വെച്ചൂർ, അയ്മനം, കല്ലറ പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഈ പഞ്ചായത്തുകളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്ന് സാമ്പിൾ ശേഖരിച്ച് ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിൽ പരിശോധന നടത്തി. എച്ച് 5 എൻ1 വിഭാഗത്തിൽപെടുന്ന വൈറസിെൻറ സാന്നിധ്യമാണ് സാമ്പിളിൽ കണ്ടെത്തിയത്.
ദേശാടനപ്പക്ഷികളിൽനിന്നാകാം രോഗം പിടിപെട്ടതെന്നാണ് മൃഗസംരക്ഷണ വകുപ്പ് നിഗമനം. ആലപ്പുഴ ജില്ലയിൽ പുറക്കാട് പഞ്ചായത്തിലും താറാവുകൾ കൂട്ടത്തോടെ ചാകുന്നുണ്ട്. ഇവിടെനിന്ന് ശേഖരിച്ച സാമ്പിൾ ഫലം വന്നിട്ടില്ല.
അതിവ്യാപനം തടയുന്നതിന് നെടുമുടിയിലും കരുവാറ്റയിലും കൂടി താറാവുകളെ കൊന്ന് ദഹിപ്പിക്കുകയാണ് (കള്ളിങ്) അധികൃതർ. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിെൻറ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഉൾെപ്പടെ കള്ളിങ് ചെയ്യും. നെടുമുടിയിൽ 22,803 പക്ഷികളെയും കരുവാറ്റയിൽ 15,875 പക്ഷികളെയുമാണ് മൃഗസംരക്ഷണ വകുപ്പിനുകീഴിലെ റാപിഡ് റെസ്പോൺസ് ടീം കള്ളിങ്ങിന് വിധേയമാക്കിത്തുടങ്ങിയത്.
നെടുമുടി പഞ്ചായത്തിലും കരുവാറ്റയിലും താറാവ്, കോഴി, കാട മുട്ടയും ഇറച്ചിയും വിൽപന നിരോധിച്ചിരിക്കുകയാണ്. നെടുമുടിയിലെ മൂന്ന് കർഷകരുടെ 21,000 താറാവിൽ ബുധനാഴ്ച വരെ 12,722 എണ്ണം ചത്തു. ചത്ത താറാവുകളുടെ സാമ്പിൾ ആറുദിവസം മുമ്പ് ശേഖരിച്ചെങ്കിലും ഫലം ലഭിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.