കോട്ടയത്ത് മൂന്നിടത്ത് പക്ഷിപ്പനി; ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശത്തെ പക്ഷികളെ നശിപ്പിക്കും
text_fieldsകോട്ടയം: ആലപ്പുഴക്ക് പിന്നാലെ കോട്ടയത്തും പക്ഷിപ്പനി. ജില്ലയിൽ മൂന്നിടത്താണ് രോഗം സ്ഥിരീകരിച്ചത്. വെച്ചൂർ, കല്ലറ, അയ്മനം പഞ്ചായത്തുകളിലാണ് രോഗബാധ. ഭോപാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസ് ലാബിൽ അയച്ച സാമ്പിൾ പരിശോധനയിലാണ് സ്ഥിരീകരണം.
വെച്ചൂർ ഗ്രാമപഞ്ചായത്തിലെ കട്ടമട, വലിയപുതുക്കരി-പുല്ലൂഴിച്ചാൽ പ്രദേശം, കല്ലറയിലെ വെന്തകരി കിഴക്കേച്ചിറ പ്രദേശം, അയ്മനത്തെ കല്ലുങ്കത്തറ ഐക്കരശാല പാടശേഖര പ്രദേശം എന്നിവിടങ്ങളിൽനിന്ന് ശേഖരിച്ച സാമ്പിളുകളിലാണ് എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ഇതോടെ യുദ്ധകാലാടിസ്ഥാനത്തിൽ പ്രതിരോധ നടപടികൾ ആരംഭിച്ചു.
രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള താറാവ് അടക്കമുള്ള പക്ഷികളെ കൊന്നുനശിപ്പിക്കുമെന്ന് ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. 28,500 മുതൽ 35,000വരെ പക്ഷികളെ നശിപ്പിക്കേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
രോഗബാധ സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, വളർത്തുപക്ഷികൾ ഇവയുടെ മുട്ട, ഇറച്ചി, കാഷ്ഠം (വളം) എന്നിവയുടെ വിപണനവും പുറത്തേക്ക് കൊണ്ടുപോകലും നിരോധിച്ചിട്ടുണ്ട്. 10 കിലോമീറ്റർ ചുറ്റളവിൽ താറാവ്, കോഴി, മറ്റു പക്ഷികൾ എന്നിവയെ തീറ്റക്കായി കൊണ്ടുനടക്കുന്നതിനും നിരോധനമുണ്ട്.
കല്ലറയിൽ ഒരു ദിവസം കൊണ്ടും വെച്ചൂരിൽ മൂന്നുദിവസം കൊണ്ടും അയ്മനത്ത് രണ്ടു ദിവസം കൊണ്ടും പക്ഷികളെ നശിപ്പിക്കാൻ കഴിയുമെന്നും പക്ഷിപ്പനി പടരുന്നത് തടയാൻ കഴിയുമെന്നുമാണ് വിലയിരുത്തൽ. 60 ദിവസത്തിൽ താഴെയുള്ള താറാവിന് 100 രൂപയും അതിനു മുകളിലുള്ളവക്ക് 200 രൂപയുമാണ് കർഷകർക്ക് ധനസഹായമായി നൽകുകയെന്ന് കലക്ടർ പറഞ്ഞു. വെച്ചൂർ, കുമരകം എന്നിവിടങ്ങളിൽനിന്നുള്ള സാമ്പിൾകൂടി ഭോപാലിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതിെൻറ ഫലം വന്നിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.