പക്ഷിപ്പനി ഇവിടെ; രോഗനിർണയം ഭോപാലിൽ
text_fieldsആലപ്പുഴ: മൃഗങ്ങളുടെ രോഗ നിർണയത്തിന് സംസ്ഥാന സർക്കാറിന്റെ നിയന്ത്രണത്തിലുള്ള തിരുവല്ല മഞ്ഞാടിയിലെ ലാബ് ബയോസേഫ്റ്റി ലെവൽ മൂന്ന് (ബി.എസ്.എൽ -3) നിലവാരത്തിലേക്ക് ഉയർത്താൻ 10 മാസം മുമ്പ് മൃഗസംരക്ഷണ വകുപ്പ് സമർപ്പിച്ച 50 ലക്ഷത്തിന്റെ പദ്ധതി കടലാസിൽ ഒതുങ്ങി.
നിലവിൽ ലാബിന് ബി.എസ്.എൽ രണ്ട് പദവിയാണുള്ളത്. ഒട്ടുമിക്ക വൈറസുകളെയും കണ്ടെത്താനുള്ള പരിശോധന സംവിധാനം ഇവിടെയുണ്ട്. പദവി ഉയർന്നാൽ പരിശോധന ഫലം വേഗം കിട്ടുന്നതിനൊപ്പം വൈറസ് രോഗങ്ങളെക്കുറിച്ച് നിരന്തര ഗവേഷണം നടത്താനും കഴിയും. പള്ളിപ്പാട്ട് കൂട്ടത്തോടെ ചത്ത താറാവുകളുടെ രക്തസാമ്പിൾ ആദ്യം മഞ്ഞാടിയിലെ സർക്കാർ ലാബിൽ പരിശോധിച്ചപ്പോൾ പക്ഷിപ്പനി പരത്തുന്ന എച്ച്5 എൻ1 വിഭാഗത്തിൽപെട്ട വൈറസുകളെ കണ്ടെത്തിയിരുന്നു.
രോഗം സ്ഥിരീകരിക്കാനുള്ള അധികാരം മഞ്ഞാടിയിലെ സർക്കാർ ലാബിന് ഇല്ലാത്തതിനാൽ സാമ്പിളുകൾ ഭോപാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ പരിശോധിച്ചാണ് ഫലം പ്രഖ്യാപിച്ചത്.ഭോപാലിൽ അയച്ച് ഫലം വരുമ്പോഴേക്ക് പക്ഷിപ്പനി വ്യാപനം സംഭവിച്ചുകഴിയും. ഭോപാലിലെ ലാബിൽനിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നഷ്ടപരിഹാരത്തുക നൽകുന്നത്.
കേന്ദ്രവും സംസ്ഥാനവും 50 ശതമാനം വീതം തുകയാണ് നൽകുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക കണക്കനുസരിച്ച് ജില്ലയിൽ 107 കർഷകർ അഞ്ചുലക്ഷത്തോളം താറാവുകളെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1000 മുതൽ 22,000 വരെ താറാവുകൾ വളർത്തുന്ന കർഷകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഭോപാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ പക്ഷിപ്പനി സ്ഥിരീകരിച്ചാൽ പരിശോധന ഫലം ലാബിൽനിന്ന് ആദ്യം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് കൈമാറും. ഫലം പരിശോധിച്ച ശേഷം വകുപ്പ് രോഗ നിയന്ത്രണത്തിന് എടുക്കേണ്ട നിർദേശങ്ങളോടെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകും. ചീഫ് സെക്രട്ടറി സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് കൈമാറും.
രോഗ നിയന്ത്രണത്തിന് കേന്ദ്ര നിർദേശം അനുസരിച്ച് താറാവുകൾക്ക് വാക്‌സിൻ നൽകുകയോ കൊന്നൊടുക്കുകയോ ആണ് പതിവ്. ഇത്രയും നടപടികൾ പൂർത്തീകരിക്കാൻ കുറഞ്ഞത് ഒരാഴ്ച വേണ്ടിവരും. ഫലം വൈകുന്നത് വൈറസ് വ്യാപനത്തിന് കാരണമാകും. സാമ്പിളുകൾ വിമാനമാർഗമാണ് ഭോപാലിൽ എത്തിക്കുന്നത്. ഇതിനായി കഴിഞ്ഞ വർഷം മാത്രം ചെലവഴിച്ചത് ഒരു ലക്ഷത്തോളം രൂപയാണ്. എയർ ഇന്ത്യ ഒഴികെയുള്ള വിമാന കമ്പനികൾ സാമ്പിളുകൾ കൊണ്ടുപോകാൻ വിസമ്മതിക്കുന്നതും പ്രതിസന്ധിയാണ്.
അടിക്കടി ജില്ലയിൽ താറാവുകൾക്ക് പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ മഞ്ഞാടിയിലെ ലാബ് കേന്ദ്ര മാനദണ്ഡങ്ങൾ അനുസരിച്ച് പരിശോധന ഫലം പ്രഖ്യാപിക്കാനുള്ള അധികാരത്തോടെ ബയോ സേഫ്റ്റി ലെവൽ മൂന്ന് നിലവാരത്തിലേക്ക് ഉയർത്താൻ സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി അംഗീകാരം നേടണമെന്നതാണ് കർഷകരുടെ മുഖ്യ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.