പക്ഷിപ്പനി: താറാവുകളെ കൊന്നുതുടങ്ങി
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധിച്ച ഹരിപ്പാട് നഗരസഭയിലെ വഴുതാനം പടിഞ്ഞാറ്, വടക്ക് പാടശേഖരങ്ങളിൽ പക്ഷികളെ കൊന്നുനശിപ്പിക്കുന്ന നടപടി ആരംഭിച്ചു. അഞ്ച് ദ്രുതപ്രതികരണ സംഘമാണ് കള്ളിങ് ജോലികളില്‍ ഏര്‍പ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ച മുതൽ പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വീടുകളിലെ എല്ലാ പക്ഷികളെയും കൊന്നൊടുക്കും.
20,471 താറാവിനെയാണ് കൊല്ലുക. 15,000ലേറെ താറാവുകളെ വ്യാഴാഴ്ച കൊന്നു നശിപ്പിച്ചു. അവശേഷിക്കുന്ന താാറാവുകളെയും പ്രഭവ കേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മറ്റ് പക്ഷികളെയും വെള്ളിയാഴ്ച കൊന്ന് നശിപ്പിക്കും. പി.പി.ഇ കിറ്റ് ധരിച്ച് വെറ്ററിനറി ഡോക്ടറുടെ നിർദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിങ് ജോലികൾ ആരംഭിച്ചിട്ടുള്ളത്. താറാവുകളെ കൊന്നശേഷം കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. പക്ഷികളെ കൊന്നൊടുക്കുന്നതിന് പുറമെ 10 കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ നിരീക്ഷിക്കുകയും ചെയ്യും.
കള്ളിങ് നടപടി പൂര്‍ത്തിയായശേഷവും ഒരാഴ്ചത്തേക്ക് ഹരിപ്പാട് നഗരസഭ, പള്ളിപ്പാട് പഞ്ചായത്ത് എന്നിവിടങ്ങളിലും സമീപങ്ങളിലും നിരീക്ഷണം ശക്തമാക്കും. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍നിന്ന് പക്ഷികളെ കൊണ്ടുവരാനും കൊണ്ടുപോകാനും നിരോധനം ഏര്‍പ്പെടുത്തി.അതിനിടെ നെടുമുടിയിൽ താറാവിൻകുഞ്ഞുങ്ങൾ ചത്തത് ബാക്ടീരിയൽ രോഗം മൂലമാണെന്ന് അധികൃതർ വ്യക്തമാക്കി.
നെടുമുടി ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ മനു ഭവനിൽ പി.ബി. ബാബുവിന്‍റെ താറാവിൻകുഞ്ഞുങ്ങളാണ് മൂന്ന് ദിവസങ്ങളിലായി ചത്തത്. പക്ഷിപ്പനിയാണോ എന്ന സംശയത്തിൽ ചത്ത താറാവിൻകുഞ്ഞുങ്ങളുടെ സാമ്പിൾ പരിശോധനക്ക് അയച്ചിരുന്നു. പരിശോധനയിൽ ബാക്ടീരിയൽ രോഗമാണ് കാരണമെന്ന് കണ്ടെത്തിയെന്നും മൂന്നു ദിവസങ്ങളിലായി 45 താറാവിൻകുഞ്ഞുങ്ങൾ ചത്തതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.