പക്ഷിപ്പനി; സ്നോവൈറ്റ് താറാവിനത്തിന് വംശനാശം
text_fieldsആലപ്പുഴ: പക്ഷിപ്പനി ബാധയിൽ വംശനാശം സംഭവിച്ച് സ്നോവൈറ്റ് താറാവിനം. താറാവിനങ്ങളിൽ ഏറ്റവും മുന്തിയതായിരുന്നു സ്നോവൈറ്റ്. നിരണത്ത് സർക്കാർ താറാവ് വളർത്തൽ കേന്ദ്രം വികസിപ്പിച്ചെടുത്തതാണിതിനെ. സ്ഥാപനത്തിൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതിനാൽ ഇവിടെയുള്ള എല്ലാ താറാവുകളെയും കൊന്നൊടുക്കി. അക്കൂട്ടത്തിൽ സ്നോവൈറ്റുകളെയും കൊല്ലുകയായിരുന്നു. കുട്ടനാട്ടിലെ തനത് ഇനം താറാവുകളായ ചാര, ചെമ്പല്ലി എന്നിവയുടെ ഏറ്റവും ശുദ്ധമായ വംശത്തെയും ഇവിടെ സൂക്ഷിച്ചിരുന്നു. ഇതിൽ ചാര ഇനത്തിനെ പൂർണമായും കൊന്നൊടുക്കി. ചെമ്പല്ലിയുടെ തനത് ബ്രീഡ് തിരുവല്ല മഞ്ഞാടിയിലെ കേന്ദ്രത്തിൽ 1000ത്തോളം എണ്ണം അവശേഷിക്കുന്നുണ്ട്.
മുട്ട ഉൽപാദനത്തിലും തൂക്കത്തിലും മുന്തിയ ഇനമായിരുന്നു സ്നോവൈറ്റ്. ഏറ്റവുമധികം മുട്ടയിടുന്ന ഇനങ്ങളായ ചാരയുടെയും ചെമ്പല്ലിയുടെയും അത്രയും മുട്ടയിടൽ ശേഷിയും ഇറച്ചിക്കായി വളർത്തുന്ന വിഗോവയുടെ അത്രയും തൂക്കവും ഇവ കൈവരിക്കുമായിരുന്നു. മുട്ടവിരിഞ്ഞിറങ്ങുമ്പോൾ മുതലുള്ള തൂവെള്ള നിറവും സ്നോവൈറ്റിന്റെ പ്രത്യേകതയായിരുന്നു.
ഫാമിൽ വികസിപ്പിച്ചെടുത്ത ഇവയെ പ്രത്യേകം സൂക്ഷിച്ചുവരുകയായിരുന്നു. ഇതിന് പ്രത്യേക ബ്രീഡ് പദവി നേടിയെടുക്കുന്നതിനായുള്ള ശ്രമത്തിലായിരുന്നു ഫാം അധികൃതർ. അതിനാൽ ഇവയുടെ ഉൽപാദനം വൻതോതിൽ തുടങ്ങിയിരുന്നില്ല. ഏതാനും ചില കർഷകർക്ക് സ്നോവൈറ്റിന്റെ കുഞ്ഞുങ്ങളെ ഫാമിൽനിന്ന് നൽകിയിരുന്നു. അവരുടെ പക്കൽ അവശേഷിക്കുന്നുണ്ടെങ്കിൽ അവയെ കണ്ടെത്തി വംശം പുനരുജ്ജീവിപ്പിക്കാനാവുമോയെന്ന് പരിശോധിക്കുമെന്ന് ഫാം അധികൃതർ പറഞ്ഞു.
2018ലെ പ്രളയത്തിൽ ഫാമിൽ വെള്ളം കയറി ഇവിടെയുണ്ടായിരുന്ന മുഴുവൻ താറാവുകളും ചത്തിരുന്നു. അതിനുശേഷം ചാര, ചെമ്പല്ലി ഇനങ്ങളുടെ ഏറ്റവും ശുദ്ധമായ തലമുറയെ സൃഷ്ടിച്ചെടുത്തത് അടുത്തകാലത്താണ്. ഇപ്പോൾ ചാരയുടെ ശുദ്ധമായ തലമുറയും ഇല്ലാതായതിനാൽ കർഷകരിൽനിന്ന് അവയെ വാങ്ങി വർഷങ്ങൾ നീളുന്ന പരീക്ഷണങ്ങളിലൂടെ ചാരയുടെ തനത് തലമുറയെ സൃഷ്ടിച്ചെടുക്കാമെന്ന് പ്രതീക്ഷയുണ്ടെന്നും ഫാം അധികൃതർ പറഞ്ഞു. പക്ഷിപ്പനി പലയിടത്തും വ്യാപിക്കുന്നതറിഞ്ഞിട്ടും സ്നോവൈറ്റ് ഇനത്തിനെ പലയിടത്തായി സൂക്ഷിക്കുന്നതിൽ ഫാം അധികൃതർ വരുത്തിയ വീഴ്ചയാണ് വംശനാശത്തിന് ഇടയാക്കിയതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.