പത്തനംതിട്ടയിലും പക്ഷിപ്പനി ഭീഷണി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകൾക്ക് പുറമെ പത്തനംതിട്ടയിലും പക്ഷിപ്പനി. പക്ഷിപ്പനി ഭീതി വിട്ടൊഴിയാത്ത ആലപ്പുഴ ജില്ലയിൽ കാവാലത്തും പുതുതായി രോഗഭീഷണി സംശയിക്കുന്നു. പത്തനംതിട്ടയിൽ നെടുമ്പ്രത്താണ് കോഴികൾ ചത്തത്. ഇവിടെനിന്നും ആലപ്പുഴ കാവാലത്തുനിന്നും ശേഖരിച്ച സാമ്പിളുകൾ തിരുവല്ല, മഞ്ഞാടിയിലെ പക്ഷിരോഗ നിർണകേന്ദ്രത്തിൽ പ്രാഥമിക പരിശോധന നടത്തി. അതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാൽ ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻ.ഐ.എച്ച്.എസ്.എ.ഡി) ലാബിൽ നിന്നുള്ള പരിശോധനഫലം കൂടി വരണം. അതിനുശേഷമാകും ഔദ്യോഗിക സ്ഥിരീകരണം. സംസ്ഥാനത്ത് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒതുങ്ങിനിന്ന പക്ഷിപ്പനിയാണ് പിന്നീട് തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കൂടി സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ ഉൾപ്പെടെ കൊന്നൊടുക്കുന്ന നടപടികൾ ഏറെക്കുറെ പൂർത്തിയായി.എന്നാൽ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ചാത്തമംഗലത്തെ മൃഗസംരക്ഷണ വകുപ്പിന്റെ കോഴിക്കുഞ്ഞ് ഉൽപാദന കേന്ദ്രത്തിലും പരിസരപ്രദേശങ്ങളിലും കോഴികളെയും മറ്റ് പക്ഷികളെയും കൊന്നൊടുക്കുന്ന പ്രവർത്തികൾ നടന്നുവരികയാണ്. ഞായറാഴ്ചയോടെ ദൗത്യം പൂർത്തിയാകുമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച അഴൂരിൽ ശുചീകരണം അടക്കം പൂർത്തിയായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറമെയാണ് പുതുതായി ഇപ്പോൾ പത്തനംതിട്ടയിലും പക്ഷിപ്പനി മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള എച്ച്5 എൻ1 വകഭേദമാണ് കോഴിക്കോട് ചാത്തമംഗലത്ത് കണ്ടെത്തിയത്. ഇവിടെ രണ്ടുദിവസമായി 4579 പക്ഷികളെ കൊന്ന് നശിപ്പിച്ചു. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപ്പക്ഷികൾ എന്നിവയുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
പരിശോധനഫലം വൈകുന്നത് രോഗഭീതി കൂട്ടുന്നു
തിരുവനന്തപുരം: പക്ഷിപ്പനി വ്യാപിക്കുമ്പോഴും പരിശോധനഫലം വൈകുന്നത് ആശങ്കകൂട്ടുന്നു. കേരളത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ ലാബുകളിൽ രോഗം സ്ഥിരീകരിച്ചാലും ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസസ് (എൻ.ഐ.എച്ച്.എസ്.എ.ഡി) ലാബിൽ നിന്നുളള പരിശോധന ഫലംകൂടി സ്ഥിരീകരണമായി വരണം. അതിന് പ്രധാന തടസ്സം വിമാനയാത്രയാണ്. എയർഇന്ത്യ വിമാനം മാത്രമാണ് സാമ്പിൾ കൊണ്ടുപോകാൻ അനുമതി നൽകുന്നത്. മറ്റ് സ്വകാര്യ വിമാന കമ്പനികളൊന്നും സാമ്പിൾ കയറ്റാൻ സമ്മതിക്കാറില്ല. സാമ്പിളുകളുമായി എയർ ഇന്ത്യയുടെ സമയം കാത്തുനിൽക്കുയാണ്. അതും ഭോപ്പാലിലേക്ക് നേരിട്ട് വിമാന സർവിസില്ല. ഡൽഹിയിൽ ഇറങ്ങി അടുത്ത വിമാനത്തിൽ വേണം ഭോപ്പാലിൽ എത്താൻ. ഇതാണ് പരിശോധനഫലം വൈകാൻ പ്രധാനകാരണം. രണ്ട് ദിവസം കൊണ്ട് ലഭിക്കേണ്ട പരിശോധന ഫലം ഇപ്പോ നാലും അഞ്ചും ദിവസം വൈകുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.