പക്ഷിപ്പനി വാക്സിൻ ശാസ്ത്രം തോൽക്കുന്നു; വൈറസ് ജയിക്കുന്നു
text_fieldsകോട്ടയം: കോവിഡിന് പോലും വാക്സിൻ കണ്ടെത്തിയിട്ടും പക്ഷിപ്പനിക്ക് പരിഹാരം കാണാൻ ശാസ്ത്രത്തിനാകുന്നില്ല. ഒന്നര പതിറ്റാണ്ടായി എല്ലാ വർഷവും പൗൾട്രി വ്യവസായത്തിെൻറ നടുവൊടിച്ച് പക്ഷിപ്പനി പടരുകയാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും രോഗബാധ കണ്ടെത്തിയ പ്രദേശത്തെ പക്ഷികളെ ഒന്നൊഴിയാതെ കൊന്നൊടുക്കുന്നതിൽ ഒതുങ്ങുന്നു ചികിത്സയും പരിഹാരവും.
പക്ഷിപ്പനി പ്രതിരോധ വാക്സിൻ വികസിപ്പിക്കാൻ പലതരം ഗവേഷണങ്ങൾ നടന്നിട്ടുണ്ടെങ്കിലും വൈറസുകൾക്ക് അടിക്കടി സംഭവിക്കുന്ന ജനിതകമാറ്റം ഫലപ്രദമായ വാക്സിൻ സ്വപ്നം മാത്രമാക്കുകയാണ്. രോഗം ബാധിച്ച പക്ഷികളിൽനിന്നാണ് വാക്സിന് സാമ്പിൾ ശേഖരിക്കുന്നത്.
എന്നാൽ, രൂപമാറ്റം സംഭവിച്ച് അടുത്ത തവണ രോഗം പരത്തുന്ന വൈറസിന് ഈ വാക്സിൻ ഫലപ്രദമാകുന്നില്ല. ഇക്കാരണത്താൽ നിലവിൽ ഇന്ത്യയിൽ പക്ഷിപ്പനിക്കുള്ള വാക്സിന് കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് അസി. ഡയറക്ടർ ഡോ. ഡി. ഷൈൻകുമാർ പറഞ്ഞു.
വിദേശരാജ്യങ്ങളിൽ വാക്സിൻ കണ്ടുപിടിച്ചിരുന്നെങ്കിലും അവിടെയും സുരക്ഷിതപ്രതിരോധ മാർഗമായി സ്വീകരിച്ചത് 'കള്ളിങ്' എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന കൂട്ടക്കൊല തന്നെയാണ്. 2006 മുതൽ ഇന്ത്യയിൽ പടർന്നുപിടിച്ച പക്ഷിപ്പനി ൈവെറസിന് ഏഴുതവണ ജനിതകവ്യതിയാനം സംഭവിച്ചിട്ടുണ്ട്.
2013ൽ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലബോറട്ടറി പ്രതിരോധ വാക്സിൻ സാങ്കേതികവിദ്യ വികസിപ്പിച്ചതായി അവകാശപ്പെട്ടിരുന്നെങ്കിലും ഇതിനും ജനിതക വ്യതിയാനത്തിെൻറ പരിമിതി മറികടക്കാൻ കഴിഞ്ഞിട്ടില്ല. പക്ഷിപ്പനി സ്ഥിരമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഹോങ്കോങ്ങും വാക്സിൻ പരീക്ഷിച്ചിരുന്നു. എന്നാൽ, 100 ശതമാനം പക്ഷികളിലും ഫലപ്രദമായില്ല. വാക്സിനേഷനുശേഷവും പക്ഷികൾക്ക് രോഗം ബാധിച്ചു.
മനുഷ്യരിലേക്ക് പടർന്നാൽ വൻ ദുരന്തത്തിനിടയാകുമെന്നതിനാൽ ഒടുവിൽ ഇവയെ കൂട്ടത്തോടെ കൊന്നൊടുക്കേണ്ടിവന്നു. ഏവിയൻ ഇൻഫ്ലുവൻസ എ ടൈപ്പ് വൈറസാണ് പക്ഷിപ്പനിക്ക് കാരണമാകുന്നത്. പ്രോട്ടീനുകളുടെ വകഭേദം അനുസരിച്ച് ഈ വൈറസുകൾക്ക് ഉപവിഭാഗങ്ങളുണ്ട്.
ഇപ്പോൾ കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിൽ കണ്ടെത്തിയത് H5N8 എന്ന വൈറസാണ്. ഇത് മനുഷ്യരിലേക്ക് പകരില്ല. H5N1, H7N9, H7N7, H9N2 വൈറസുകൾ മനുഷ്യരിലേക്ക് പകരുന്നവയാണ്. കഴിഞ്ഞ തവണ കേരളത്തിൽ കണ്ടത് H5N1 എന്ന മാരക വൈറസാണ്.
പ്രോട്ടോകോളുണ്ട്, പക്ഷിപ്പനിക്കും
കേന്ദ്രസർക്കാറിെൻറ പ്രോട്ടോകോൾ അനുസരിച്ചാണ് പക്ഷിപ്പനി കൈകാര്യം ചെയ്യുന്നത്. പക്ഷിപ്പനി പരിശോധനക്ക് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ് ലാബിൽ സൗകര്യമുണ്ടെങ്കിലും പ്രോട്ടോകോൾ പ്രകാരം ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബോറട്ടറിയിൽ സ്ഥിരീകരണം നടത്തിയശേഷം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫിസറാണ് പ്രഖ്യാപനം നടത്തുക.
കൂട്ടക്കൊലയല്ലാതെ വഴിയില്ല
പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നത് സങ്കടകരമാണെങ്കിലും ഏറ്റവും സുരക്ഷിതമായ മാർഗം രോഗത്തെ പ്രഭവകേന്ദ്രത്തിൽതന്നെ ഇല്ലാതാക്കുക എന്നതാണെന്ന് ഡോ. ഡി. ഷൈൻകുമാർ പറയുന്നു. 'കള്ളിങ്' എന്നാണ് ഈ പ്രക്രിയക്ക് പറയുന്നത്. പക്ഷിപ്പനിബാധയുണ്ടായ കേന്ദ്രങ്ങളിൽ ഒരു കി.മീ. ചുറ്റളവിലുള്ള അസുഖമില്ലാത്ത പക്ഷികളെയും കൊന്നൊടുക്കും. 'സെർവിക്കൽ ഡിസ്ലൊക്കേഷൻ' ചെയ്താണ് പക്ഷികളെ കൊല്ലുന്നത്.
കഴുത്തിലെ നാഡീഞരമ്പുകൾക്ക് ക്ഷതമുണ്ടാക്കുന്നതോടെ അവക്ക് പെട്ടെന്ന് ജീവൻ നഷ്ടപ്പെടും. തുടർന്ന് ചാക്കിലാക്കി ആഴമുള്ള കുഴിയിലിട്ട് കത്തിക്കും. പി.പി.ഇ കിറ്റ് ധരിച്ചാണ് കള്ളിങ് ചെയ്യുക. ആലപ്പുഴയിലും കോട്ടയത്തുമായി ഇത്തവണ 44,000 താറാവുകളെയാണ് കൊന്നൊടുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.