നിലനിൽപിനായി പിടഞ്ഞ് കർഷകർ
text_fieldsതാറാവുകളെ പോലെ പിടയുകയാണ് കർഷകരും. രോഗബായുടെ കാലത്തേ താറാവുകൾക്ക് കഷ്ടതയുള്ളൂ. കർഷകന് കഷ്ടകാലം ഒഴിയുന്നതേയില്ല. ഇറച്ചിയും മുട്ടയും മനുഷ്യന്റെ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതായി മാറിയ കാലത്താണ് അവ പ്രദാനം ചെയ്യുന്ന താറാവ് കർഷകർ നിലനിൽപിന് പിടയുന്നത്. കോഴിയിറച്ചിയും മുട്ടയും കീഴടക്കിയ നമ്മുടെ നാട്ടിലാണ് അതിനെക്കാൾ മൂല്യവത്തായ താറാവുകൾ കൈമുതലായുള്ള കർഷകർ ഉള്ളിൽ ആധിയും കണ്ണീരുമായി നിൽക്കുന്നത്.
എല്ലാവിഭാഗം കർഷകർക്കും കൈത്താങ്ങുമായി സർക്കാറുണ്ട്. അവരെ കരകയറ്റാൻ പദ്ധതികൾ അനവധിയുണ്ട്. അതിനായി ചെലവഴിക്കുന്നത് കോടികളാണ്. പക്ഷേ, താറാവു കർഷകർ സർക്കാറിന്റെ സഹായപദ്ധതികളിൽ നിന്നെല്ലാം പുറത്താണ്. കർഷകർക്ക് ലഭിക്കുന്ന ഏക സർക്കാർ സഹായം കൊന്നൊടുക്കുന്നവക്ക് നഷ്ടപരിഹാരം എന്ന നിലയിൽ നൽകുന്ന തുകയാണ്. കോഴികളെ വളർത്താൻ ബാങ്ക്വായ്പയും സബ്സിഡിയും തീറ്റ സബ്സിഡിയും ഒക്കെ നൽകുന്നുണ്ട്. താറാവ് കർഷകർക്ക് ഇതൊന്നുമില്ല. ഒരുബാങ്കും താറാവിനെ വളർത്താൻ വായ്പ നൽകില്ല. കിസാൻ ക്രഡിറ്റ് കാർഡ് പദ്ധതി പ്രകാരം വായ്പക്ക് ഇവർ അർഹരാണ്. പക്ഷേ താറാവുകൾക്ക് ഇൻഷുറൻസില്ലാത്തതിനാൽ ആരും വായ്പ അനുവദിക്കില്ല. ഇൻഷുറൻസ് ഏർപ്പെടുത്താൻ സർക്കാർ തയാറാവുന്നുമില്ല.
ഇത്തവണ ഏപ്രിൽ 20 ഓടെയാണ് കുട്ടനാട്ടിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. എടത്വയിലും ചെറുതനയിലുമായിരുന്നു ഇത്. പിന്നീട് മുട്ടാർ, അമ്പലപ്പുഴ വടക്ക് ഭാഗങ്ങളിലും തഴക്കര, നിരണം പഞ്ചായത്തുകളിലും രോഗബാധ കണ്ടെത്തി. 69,610 താറാവുകളെ മാത്രം ഇതിനകം കൊന്നുകഴിഞ്ഞു. ഇങ്ങനെ കൊന്നൊടുക്കിയിട്ടും രോഗം പടരുന്നതോടെ കൊന്നൊടുക്കുന്നതിനെതിരെ കർഷകർ രോഷം പ്രകടിപ്പിച്ചു തുടങ്ങി. കൊന്നൊടുക്കുന്നതിലൂടെ രോഗ പ്രതിരോധ ശേഷിയുള്ളവയെ കൂടി നശിപ്പിക്കുകയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ സർക്കാറിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് നിർബന്ധമായും താറാവ് കർഷകർക്ക് ഇൻഷുറൻസ് കൊണ്ട്വരുമെന്ന് പറഞ്ഞിരുന്നു. ഇൻഷുറൻസ് പദ്ധതി നടപ്പാക്കുകയല്ലാതെ താറാവ് കർഷകരുടെ ദുരിതം അകറ്റാൻ വേറെ ഒരു വഴിയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, താൻ ജീവിച്ചിരിക്കുന്നെങ്കിൽ ഒരു വർഷത്തിനകം താറാവുകൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും പ്രഖ്യാപിച്ചു. 2016ൽ പക്ഷിപ്പനി ബാധിച്ച് താറാവുകളെ കൊന്നൊടുക്കിയതിനുള്ള നഷ്ടപരിഹാരം ആലപ്പുഴ ജില്ല പഞ്ചായത്ത് ഹാളിൽ വിതരണം ചെയ്യവേയാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്. അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നു. വാഗ്ദാനം കൈയിൽ നിന്ന് നിലത്ത് വീണ മുട്ടപോലെയായെന്ന് കർഷകർ പറയുന്നു. താറാവുകൾ ചത്തൊടുങ്ങുന്നത് തുടരുന്നു.
2014ലാണ് പക്ഷിപ്പനി ബാധ കുട്ടനാട്ടിൽ സ്ഥിരീകരിച്ചത്. അന്ന് കൊന്ന 60 ദിവസംവരെ വളർച്ചയെത്തിയവക്ക് 100 രൂപയും അതിനു മുകളിൽ പ്രായമുള്ളവക്ക് 200 രൂപയും നഷ്ടപരിഹാരം നിശ്ചയിച്ചു. 10 വർഷം കഴിഞ്ഞിട്ടും തുകയിൽ പരിഷ്കരണം വരുത്തിയിട്ടില്ല. 2014ൽ പക്ഷിപ്പനി കണ്ടെത്തുമ്പോൾ താറാവ് കുഞ്ഞ് ഒന്നിന് 18 രൂപയായിരുന്നു ഹാച്ചറി വില. ഇന്ന് 24 രൂപയായി. തീറ്റയായി നൽകുന്ന അരിക്ക് അന്ന് 17 രൂപയോളമെ വിലയുണ്ടായിരുന്നുള്ളൂ. ഇപ്പോഴത് 26 രൂപയായി. 2014ൽ മുട്ടത്താറാവിന് 200 രൂപയോളമെ വിലയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ മുട്ടത്താറാവിന് 320 രൂപ വരെയാണ് വില. അവയെയാണ് കൊന്നിട്ട് 200 രൂപ നഷ്ടപരിഹാരമായി നൽകുന്നതെന്ന് കർഷകർ പറയുന്നു. സമൂഹത്തിന്റെ നന്മക്ക് വേണ്ടിയാണ് കൂട്ടത്തോടെ കൊല്ലുന്നത്.
അതുമൂലമുണ്ടാകുന്ന നഷ്ടം കർഷകൻ സഹിക്കേണ്ട അവസ്ഥയാണ്. ഭൂമി ഈട് വെച്ചാണ് കർഷകർ വായ്പയെടുക്കുന്നത്. മിക്ക കർഷകരും അഞ്ചും പത്തും സെന്റുകാരാണ്. അതും സ്വർണം പണയം വെച്ചുമൊക്കയാണ് ബാങ്കുകളിൽ നിന്ന് വായ്പയെടുക്കുന്നത്. പക്ഷിപ്പനി വന്ന് താറാവുകൾ ചത്താൽ ഈട് വച്ച ഭൂമിയും സ്വർണവും മടക്കിയെടുക്കാനാവാതെ കർഷകർ കടക്കെണിയിൽ പെടും. മൃഗസംരക്ഷണ വകുപ്പുകാരെത്തി താറാവുകളെയെല്ലാം കൊന്നൊടുക്കും.
ഇതിനുള്ള നഷ്ടപരിഹാരം ഒന്നര വർഷത്തോളം കാത്തിരുന്നാലാണ് ലഭിക്കുക. അപ്പോഴേക്കും ബാങ്ക് വായ്പ പലിശ പെരുകി വലിയ തുകയാകും. സർക്കാർ കൊടുക്കുന്ന നഷ്ടപരിഹാര തുക കൊണ്ട് ബാങ്ക് വായ്പ അടച്ച് തീർക്കാനാവാതെ കർഷകൻ കടക്കെണിയിൽ കുടുങ്ങും.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.