വിമാനത്തിന്റെ കോക്പിറ്റിൽ കുരുവി; പിടികൂടി പുറത്താക്കി അന്വേഷണവും ആരംഭിച്ചു
text_fieldsവിമാനത്തിന്റെ കോക്പിറ്റിൽ പക്ഷി കടന്നതിനെ സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. ബഹ്റൈനില്‍നിന്ന് കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് കുരുവിയെ കണ്ടെത്തിയത്. സംഭവത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ.) അന്വേഷണം ആരംഭിച്ചു. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 37,000 അടി ഉയരത്തില്‍ പറക്കവെയാണ് കോക്പിറ്റില്‍ കുരുവിയെ കണ്ടത്.
കൊച്ചിയില്‍നിന്ന് വിമാനം ബഹ്റൈനിലെത്തിയ ശേഷം മടക്കയാത്രക്കു മുന്‍പായി പരിശോധന നടത്തിയപ്പോള്‍ കോക്പിറ്റില്‍ പക്ഷിയെ കണ്ടിരുന്നു. പരിശോധന നടത്തിയ ഉദ്യോഗസ്ഥന്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തനിയെ പറന്നു പോകുന്നതിനായി ജനലുകള്‍ തുറന്നിട്ടു. 10 മിനിറ്റിനു ശേഷം പരിശോധിച്ചെങ്കിലും പക്ഷിയെ കണ്ടില്ല. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിനിടെ ഗ്ലാസ് കംപാര്‍ട്ട്മെന്റിനു സമീപം പൈലറ്റുമാര്‍ വീണ്ടും പക്ഷിയെ കാണുകയായിരുന്നു.
വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തതിനുശേഷം ജീവനക്കാർ തന്നെ പക്ഷിയെ പിടികൂടി പറത്തിവിട്ടു. സുരക്ഷാ വീഴ്ച കണക്കിലെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡി.ജി.സി.എ. വിമാനക്കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിനകത്ത് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.