വയനാട് ദുരിതാശ്വാസത്തിന്‍റെ മറവിൽ ബിരിയാണി ചലഞ്ച് തട്ടിപ്പ്; മൂന്ന് സി.പി.എമ്മുകാർക്കെതിരെ കേസ്
text_fieldsകായംകുളം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരെ സഹായിക്കാനെന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തി ലക്ഷത്തിലേറെ തട്ടിയ സി.പി.എം പ്രവർത്തകർക്കെതിരെ കേസ്. സി.പി.എം മുൻ ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജൻ, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്‍റ് അമൽ രാജ്, സി.പി.എം തട്ടക്കാട്ട് ബ്രാഞ്ച് സെക്രട്ടറി അരുൺ എന്നിവർക്കെതിരെയാണ് കേസ്. തട്ടിക്കൂട്ട് സംഘടനയുണ്ടാക്കി നടത്തിയ ചലഞ്ചിലൂടെ 1.20 ലക്ഷം രൂപ തട്ടിച്ചെന്നാണ് കേസ്. എ.ഐ.വൈ.എഫ് പുതുപ്പള്ളി മേഖലാ സെക്രട്ടറി ശ്യാംലാലാണ് പരാതി നൽകിയത്.
'വയനാടിന് ഒരു കൈത്താങ്ങ്' എന്ന പേരിൽ തണൽ ജനകീയ കൂട്ടായ്മയുടെ ബാനറിലാണ് പരിപാടി സംഘടിപ്പിച്ചത്. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനായിരുന്നു ബിരിയാണി ഫെസ്റ്റ്. 100 രൂപ നിരക്കിൽ 1200 ബിരിയാണിയാണ് വിറ്റഴിച്ചത്. കൂടാതെ സംഭാവന ഇനത്തിലും മറ്റുമായി സാമ്പത്തിക സമാഹാരണം നടത്തിയതായും എഫ്.ഐ.ആറിൽ പറയുന്നു. എന്നാൽ, തുക സർക്കാരിലേക്ക് അടക്കുകയോ, കണക്ക് വെളിപ്പെടുത്തുകയോ ചെയ്തില്ല. ഇതേ തുടർന്നാണ് പരാതി ലഭിച്ചതും കേസെടുത്തതും.
മൂവരും സംഘടനയുടെ രക്ഷാധികരികളായാണ് പ്രവർത്തിച്ചത്. പുതുപ്പള്ളിയിലെ സി.പി.എമ്മിൽ നിലനിൽക്കുന്ന വിഭാഗീയതയാണ് തട്ടിപ്പ് പുറത്തുവരാൻ കാരണമായത്. സിബി ശിവരാജൻ മറ്റൊരു ലോക്കൽ കമ്മിറ്റി അംഗവുമായി പൊതുസ്ഥലത്ത് അടികൂടിയതിനെ തുടർന്ന് ഇദ്ദേഹത്തിന് എതിരെ പാർട്ടി നടപടി സ്വീകരിച്ചിരുന്നു. മണൽ കടത്ത് അടക്കം നിരവധി കേസുകളിൽ പ്രതിയായ സിബി ശിവരാജനെതിരെ നേരത്തെ പൊലീസ് കാപ്പ ചുമത്തി നടപടി സ്വീകരിച്ചത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.