പെരുന്നാളിൽ പിറന്നാൾ! കാസര്‍കോട് @36
text_fieldsകാസർകോട്: ചെറിയ പെരുന്നാൾ ദിനത്തിൽ വലിയ പിറന്നാൾ ആഘോഷിക്കുകയാണ് കാസർകോട് ജില്ല. 36െൻറ നിറവിലാണ് ഇന്ന് കാസര്‍കോട്. 1984 മേയ് 24നായിരുന്നു ജില്ലയുടെ പിറവി. എയിംസിനായുള്ള മുറവിളിക്കിടയിലും ആരോഗ്യ മേഖലയില്‍ ലോകത്തിനുതന്നെ മാതൃകയായി മാറിയ കാസര്‍കോടന്‍ മാതൃകയും വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളില്‍ ജില്ല കൈവരിച്ച നേട്ടങ്ങളിലൂടെയും ഒരു തിരനോട്ടം.
സപ്തഭാഷ സംഗമഭൂമിയില്‍ വിദ്യാഭ്യാസ മേഖലക്ക് കൃത്യമായ ഊന്നല്‍ നൽകിയ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടപ്പാക്കുന്നത്. സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും മികച്ച സൗകര്യങ്ങളും ഇന്ന് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ട്. മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളും കേന്ദ്രീയ വിദ്യാലയങ്ങളും പെരിയയിലെ ജവഹര്‍ നവോദയ വിദ്യാലയവും കുട്ടികള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കുമ്പോള്‍ സാക്ഷരത മിഷെൻറ സജീവ പ്രവര്‍ത്തനങ്ങളിലൂടെ മുതിര്‍ന്നവരും അക്ഷരലോകത്തേക്ക് എത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിലും ജില്ല അതിവേഗം വളരുകയാണ്. കേന്ദ്ര സര്‍വകലാശാലയും ആയുര്‍വേദ മെഡിക്കല്‍ കോളജും എല്‍.ബി.എസ് എൻജിനീയറിങ് കോളജും കേരളത്തിെൻറ വിദ്യാഭ്യാസ ഭൂപടത്തില്‍ കാസര്‍കോടിന് ഇടം നല്‍കുന്നു. ഉത്തര കേരളത്തിെൻറ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ അവസരങ്ങള്‍ നൽകുന്ന കേരള കേന്ദ്ര സര്‍വകലാശാലയും ജില്ലയിലാണ്.
അഞ്ച് സര്‍ക്കാര്‍ കോളജുകളും മൂന്ന് എയ്ഡഡ് കോളജുകളുമാണുള്ളത്. പ്രഫഷനൽ കോളജുകള്‍ക്കും ജില്ലയില്‍ കുറവില്ല. ഐ.എച്ച്.ആര്‍.ഡി എല്‍.ബി.എസ് എൻജിനീയറിങ് കോളജുകള്‍, സ്വകാര്യ ഫാര്‍മസി കോളജുകള്‍, മൂന്ന് നഴ്‌സിങ് കോളജുകള്‍, രണ്ട് എം.ബി.എ പഠനകേന്ദ്രങ്ങള്‍, നാല് ടീച്ചേഴ്‌സ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകള്‍, സെഞ്ച്വറി ഇൻറര്‍നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെൻറല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെൻറര്‍, പി.എന്‍. പണിക്കര്‍ ആയുര്‍വേദ കോളജ് എന്നിങ്ങനെ പോകുന്നു ജില്ലയിലെ ഉന്നത വിദ്യാഭ്യാസത്തിെൻറ സാധ്യതകള്‍. കാസര്‍കോട്ടുകാരുടെ മെഡിക്കല്‍ പഠന സ്വപ്‌നങ്ങള്‍ക്ക് ചിറകുവിരിക്കുന്നതാണ് കാസര്‍കോട് മെഡിക്കല്‍ കോളജ്. ഇപ്പോള്‍ കോവിഡ് ചികിത്സയില്‍ താരമായ മെഡിക്കല്‍ കോളജ് പൂര്‍ണ സജ്ജമാകുന്നതോടെ ഗവ. മെഡിക്കല്‍ മേഖലയിലെ വിദ്യാഭ്യാസവും സ്വന്തം മണ്ണില്‍ ലഭിക്കും.
ആരോഗ്യ മേഖലക്ക് പുത്തനുണര്‍വ്
കോവിഡ്, തുടക്കത്തിലേ സ്ഥിരീകരിച്ച ജില്ലകളിലൊന്നാണിവിടം. എല്ലാവരെയും ആശങ്കയിലാഴ്ത്തി നാള്‍ക്കുനാള്‍ വര്‍ധിച്ചു വന്ന കോവിഡ് രോഗികളുടെ എണ്ണം പൂജ്യംവരെയെത്തിച്ച് ലോകത്തിന് പ്രതീക്ഷയേകുന്ന കാസര്‍കോടന്‍ മാതൃകയായിരുന്നു മറുപടി! 2020 കാസര്‍കോട് ജില്ലയുടെ ആരോഗ്യ ഭൂപടത്തില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. തറക്കല്ലിട്ട് കാലങ്ങളോളം കിടന്ന കാസര്‍കോട് മെഡിക്കല്‍ കോളജ് യാഥാർഥ്യമായത് ഈ കോവിഡ് കാലത്ത്. എന്‍ഡോസള്‍ഫാന്‍ ബാധിത പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന മെഡിക്കല്‍ കോളജ് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിച്ചു. ആദ്യനാളുകളില്‍ കാഞ്ഞങ്ങാടും കാസർകോടും പ്രവര്‍ത്തിച്ചുവന്നിരുന്ന താലൂക്ക് ആശുപത്രികളിലും ചുരുക്കം ചില പഞ്ചായത്തുകളില്‍ മാത്രം ഉണ്ടായിരുന്ന ആരോഗ്യ കേന്ദ്രങ്ങളിലും ഒതുങ്ങിനിന്നിരുന്ന കാസര്‍കോടിെൻറ പൊതുജനാരോഗ്യ സംവിധാനം ഇന്ന് കുടുംബക്ഷേമ കേന്ദ്രതലം തൊട്ട് മെഡിക്കല്‍ കോളജ് വരെയുള്ള ശക്തമായ പൊതുജനാരോഗ്യ സംവിധാനമായി. 53ഓളം ആരോഗ്യ സ്ഥാപനങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് ആരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുന്നു. 2019ല്‍ കാഞ്ഞങ്ങാട് ജില്ല ആശുപത്രിക്ക് പ്രവര്‍ത്തന മികവിന് കായകല്‍പം അവാര്‍ഡ് ലഭിച്ചു. സംസ്ഥാനത്ത് ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ജില്ല ആശുപത്രിയാണ് കാസര്‍കോട്.
എന്‍ഡോസള്‍ഫാന്‍: കണ്ണീരൊപ്പാന്‍ 283 കോടി
ജില്ലയുടെ നാള്‍വഴികളില്‍ കശുവണ്ടിത്തോട്ടങ്ങളില്‍ പ്രയോഗിച്ചിരുന്ന ഒരു കീടനാശിനി ദുരന്തഓര്‍മയുടെ പ്രതീകമായത്
കാസര്‍കോടിെൻറ ചരിത്രത്താളുകളിലെ ഹൃദയവേദനയായാണ് പരിണമിച്ചത്. അശാസ്ത്രീയമായി പ്രയോഗിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി വലിയൊരു വിഭാഗം ജനത്തെയാണ് ദുരിതത്തിലാക്കിയത്. പ്രതിസന്ധിയിലായ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞ ഫെബ്രുവരി വരെ സര്‍ക്കാര്‍ 281.36 കോടി രൂപയാണ് ചെലവഴിച്ചത്. നിലവില്‍ 6728 ദുരിതബാധിതരാണ് എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളത്. കിടപ്പുരോഗികള്‍ 371, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍ 1499, ഭിന്നശേഷിക്കാര്‍ 1189, അര്‍ബുദരോഗികള്‍ 699, മറ്റുള്ളവര്‍ 2970 പേര്‍ എന്നിങ്ങനെ ഗ്രൂപ്പുകളായാണ് തരം തിരിച്ചിട്ടുള്ളത്. ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ടില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ഒരോന്നായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി യാഥാര്‍ഥ്യമായിക്കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.