ആദ്യ ദിവസംതന്നെ ബിരിയാണി, പിറ്റേന്ന് പായസമുൾപ്പെടെ സദ്യ; ഷഹബാസ് വധക്കേസിലെ കുറ്റാരോപിതർക്ക് ലഭിക്കുന്നത് മികച്ച പരിഗണന
text_fieldsകോഴിക്കോട്: ഷഹബാസ് വധക്കേസിൽ കുറ്റാരോപിതരായ താമരശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചു വിദ്യാർഥികൾക്കും ജുവനൈൽ ഒബ്സർവേഷൻ ഹോമിൽ ലഭിക്കുന്നത് മികച്ച പരിഗണന. അഞ്ചുപേരെയും വേറെവേറെ സെല്ലിലാണ് പാർപ്പിച്ചിരിക്കുന്നതെങ്കിലും ശിക്ഷനടപടികളുടെ ഭാഗമായുള്ള പരിഗണനയല്ല ലഭിക്കുന്നതെന്നാണ് ആരോപണം.
എത്തിയ ആദ്യ ദിവസംതന്നെ ഉച്ചഭക്ഷണമായി നൽകിയത് ബിരിയാണിയാണ്. പിറ്റേദിവസം പായസമുൾപ്പെടെ സദ്യ. തിങ്കളാഴ്ച സാമ്പാറും ചോറും വിഭവങ്ങളുമാണ്. ഒബ്സർവേഷൻ ഹോമിൽതന്നെ ഭക്ഷണം പാകംചെയ്ത് നൽകുന്നത് നിർത്തലാക്കിയിട്ട് വർഷങ്ങളായി. കുക്കിനെ ഉൾപ്പെടെ നിയമിച്ചിരുന്നെങ്കിലും ചിലരുടെ ഇടപെടലുകളുടെ അടിസ്ഥാനത്തിൽ ഭക്ഷണം ബോയ്സ് ഹോമിൽനിന്ന് എത്തിക്കുകയാണ്. കുക്കിനെയും ബോയ്സ് ഹോമിലേക്ക് മാറ്റി.
ബോയ്സ് ഹോമിൽ നൽകുന്ന ഭക്ഷണം മിക്കദിവസങ്ങളിലും പലരുടെയും സ്പോൺസർഷിപ്പിലാണ്. അതിനാൽ മികച്ച ഭക്ഷണമാണ് അവിടെ നൽകുന്നത്. രാത്രി ചോറും കറിയും വൈകീട്ട് ചായയും സ്നാക്സുമാണ് നൽകുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികളിലെ ക്രിമിനൽവത്കരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ഒബ്സർവേഷൻ ഹോമിൽ എത്തിക്കുന്നത്. ഗുണപാഠം നൽകുന്നതിനു പകരം തെറ്റായ സന്ദേശമാണ് ഉന്നതരായ അധികൃതർ അറിയാതെ ചില ഉദ്യോഗസ്ഥർ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ആക്ഷേപമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.