പാളയം എൽ.എം.എസ് പള്ളി കത്തീഡ്രലായി പ്രഖ്യാപിച്ച് ബിഷപ്, പരസ്യ പ്രതിഷേധം
text_fieldsതിരുവനന്തപുരം: പാളയത്തെ ചരിത്രപ്രാധാന്യമുള്ള എൽ.എം.എസ് പള്ളി (എം.എം ചർച്ച്) കത്തീഡ്രലായി പ്രഖ്യാപിച്ചു. ഒരുവിഭാഗം വിശ്വാസികളുടെ എതിർപ്പ് തള്ളിയാണ് സി.എസ്.ഐ മോഡറേറ്റർ ബിഷപ് ഡോ. എ. ധർമരാജ് റസാലം പ്രഖ്യാപനം നടത്തിയത്. അതേസമയം സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകക്ക് കീഴിലെ എം.എം ചർച്ച് കത്തീഡ്രലായി ഉയർത്തിയതിനെതിരെ ഒരുവിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ പരസ്യ പ്രതിഷേധം നടത്തി. പ്രഖ്യാപനത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇരുചേരികളായി തിരിഞ്ഞതോടെ മണിക്കൂറുകളോളം പള്ളിക്ക് മുന്നിൽ വാക്കേറ്റവും കൈയാങ്കളിയും നടന്നു. പൊലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. സംഭവത്തിൽ കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേർക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച രാവിലെ ആറോടെയാണ് ബിഷപ് ഡോ. എ. ധർമരാജ് റസാലത്തിന്‍റെയും സി.എസ്.ഐ കേരള ബിഷപ്സ് കൗൺസിൽ സെക്രട്ടറി ബിഷപ് ഉമ്മൻ ജോർജിന്‍റെയും നേതൃത്വത്തിലെത്തിയ സഭാധികാരികൾ പള്ളിയിൽ പ്രവേശിച്ചത്. ഇവർ പള്ളിയുടെ പിൻവശത്തെ ഗേറ്റ് തകർത്താണ് ഉള്ളിൽ കടന്നത്. ഇതറിഞ്ഞ് എത്തിയ ഒരുവിഭാഗം വിശ്വാസികൾ പള്ളിക്ക് മുന്നിൽ സംഘടിച്ചു. കത്തീഡ്രലായി ഉയർത്തുന്നതിനെ അനുകൂലിക്കുന്നവർ പള്ളിക്കകത്തും എതിർചേരി പുറത്തുമായി നിലയുറപ്പിച്ചതോടെ സംഘർഷാന്തരീക്ഷമായി. മുദ്രാവാക്യം വിളികളുമായി തടിച്ചുകൂടിയവരിൽ ചിലർ റോഡിൽ കിടന്നും പ്രതിഷേധിച്ചു.
പുറത്ത് പ്രതിഷേധം കനക്കുന്നതിനിടെ ബിഷപ് ധർമരാജ് റസാലത്തിന്‍റെ അധ്യക്ഷതയിൽ സുവിശേഷകരുടെ സ്ഥാനക്കയറ്റ ചടങ്ങും കത്തീഡ്രൽ പ്രഖ്യാപനവും നടന്നു. തുടർന്ന് 'എം.എം സി.എസ്.ഐ കത്തീഡ്രൽ' എന്ന് പുനര്‍നാമകരണം ചെയ്തു. എക്സ്കവേറ്റർ ഉപയോഗിച്ച് പള്ളിക്ക് മുന്നിൽ കത്തീഡ്രല്‍ എന്ന ബോര്‍ഡ് സ്ഥാപിക്കാനുള്ള ശ്രമം വിശ്വാസികള്‍ തടയാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ടു. പ്രഖ്യാപനശേഷം പുറത്തെത്തിയ ബിഷപ്പിനെതിരെ സ്ത്രീകളടക്കമുള്ള പ്രതിഷേധക്കാര്‍ കൂക്കിവിളിച്ചു. ഉച്ചയോടെ തഹസിൽദാർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്. പള്ളി കത്തീഡ്രല്‍ ആക്കുന്നത് പാരമ്പര്യത്തിനെതിരാണെന്നും എല്ലാ വിഭാഗങ്ങളോടും അഭിപ്രായം ചോദിക്കാതെയാണ് നീക്കമുണ്ടായതെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
അതേസമയം സിനഡ് എക്സിക്യൂട്ടിവ് കമ്മിറ്റി നിർദേശപ്രകാരം പള്ളി കമ്മിറ്റി പിരിച്ചുവിട്ട് പുതിയ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചുതലയേറ്റെടുത്തതായി മഹായിടവക അധികൃതർ അറിയിച്ചു. അഞ്ച് വർഷം പൂർത്തിയായതിനെ തുടർന്ന് എം.എം ചർച്ചിന്‍റെ ചുമതല വഹിച്ചിരുന്ന റവ. ഡി. ജേക്കബ്, റവ. വിജയദാസ് എന്നിവരെ മാറ്റി. പകരം റവ. വേദരാജ്, റവ. വിൻസെന്‍റ് റസിലയ്യൻ, റവ. സന്തോഷ് കുമാർ, റവ. രോഹൻ, റവ. സജി എൻ. സ്റ്റുവർട്ട് എന്നിവരെ കത്തീഡ്രലിന്‍റെ പൗരോഹിത്യ ശുശ്രൂഷകൾക്ക് ചുമതലപ്പെടുത്തിയതായി ധർമരാജ് റസാലം അറിയിച്ചു. സുവിശേഷകരുടെ സ്ഥാനക്കയറ്റ ചടങ്ങിന് കൊല്ലം - കൊട്ടാരക്കര ബിഷപ് റവ. ഡോ. ഉമ്മൻ ജോർജ്, ഈസ്റ്റ് കേരള ഡയോസിഷൻ ബിഷപ് റവ. വി.എസ്. ഫ്രാൻസിസ്, മഹായിടവക സെക്രട്ടറി ഡോ. ടി.ടി. പ്രവീൺ, ട്രഷറർ നിബു ജേക്കബ് വർക്കി തുടങ്ങിവർ നേതൃത്വം നൽകി. പ്രതിഷേധ സാഹചര്യത്തെ തുടര്‍ന്ന് പള്ളിക്ക് പുറത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.box
അധികാരം ഇനി ബിഷപ്പിന്
2500ലേറെ കുടുംബങ്ങളുള്ള എം.എം പള്ളി സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകക്ക് കീഴിലാണ്. നേരത്തേ സ്വതന്ത്ര പള്ളി കമ്മിറ്റിക്കായിരുന്നു ഭരണ ചുമതല. ജനുവരി 17ന് പള്ളിയെ കത്തീഡ്രലാക്കാൻ ബിഷപ് റസാലം തീരുമാനിച്ചെങ്കിലും പള്ളി കമ്മിറ്റിയുടെ എതിർപ്പിനെതുടർന്ന് നടപടി നീണ്ടു. 2009ൽ പള്ളി കത്തീഡ്രലാക്കാൻ അന്നത്തെ ബിഷപ് ജെ.ഡബ്ല്യു. ഗ്ലാഡ്സ്റ്റൺ തീരുമാനിച്ചെങ്കിലും പ്രതിഷേധത്തെതുടർന്ന് നടപ്പായില്ല. ബിഷപ്സ് ഹൗസിനോട് ചേർന്ന പള്ളി കത്തീഡ്രലായി മാറിയതോടെ സാമ്പത്തിക അധികാരമുൾപ്പെടെ ബിഷപ് നിയോഗിക്കുന്നവർക്കായിരിക്കും. പതിനാറര ഏക്കറിൽ സ്ഥിതി ചെയ്യുന്ന പള്ളി പുരാവസ്തു വകുപ്പ് പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നടന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങൾ -ബിഷപ്
തിരുവനന്തപുരം: പള്ളിയിൽ മുൻകാലങ്ങളിൽ നടന്നത് നിയമവിരുദ്ധ പ്രവർത്തനങ്ങളായിരുന്നെന്ന് ബിഷപ് ധർമരാജ് റസാലം. 25 വർഷത്തോളമായി പത്തോ പതിനഞ്ചോ കുടുംബങ്ങളിലെ അംഗങ്ങളാണ് ആവർത്തിച്ച് ഭരണം നടത്തിയിരുന്നത്. എം.എം ചർച്ചിൽ ഇതര സി.എസ്.ഐ ഇടവകാംഗങ്ങളുടേതുൾപ്പെടെ നിരവധി വിവാഹങ്ങൾ നടക്കുന്നുണ്ട്. ഒരു മണിക്കൂർ നീളുന്ന വിവാഹത്തിന് 35,000 രൂപവരെയാണ് ഈടാക്കിയിരുന്നത്. ഷോപ്പിങ് കോംപ്ലക്സ് വാടക, സെമിത്തേരി ഫണ്ട് തുടങ്ങിയവയിൽനിന്ന് മഹായിടവക ട്രഷറിയിൽ അടയ്ക്കേണ്ട ആനുപാതിക തുക നൽകാതെ പുതിയ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് നിയമലംഘനം നടത്തി. മഹായിടവക ആവശ്യപ്പെട്ടിട്ടും ഓഡിറ്റിന് കണക്കുകൾ നൽകിയില്ല. ഇതുസംബന്ധിച്ച് മുൻ ഹൈകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവായെന്നും ബിഷപ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.