ബിഷപ് ധർമരാജ് റസാലത്തിനെ പുറത്താക്കണമെന്ന്; ഒരുവിഭാഗം നടത്തിയ മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: ഇ.ഡി അന്വേഷണം നേരിടുന്ന സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക ബിഷപ് ധര്‍മരാജ് റസാലത്തിന്‍റെ രാജി ആവശ്യപ്പെട്ട് ഒരുവിഭാഗം വിശ്വാസികള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. തലക്ക് പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിഷപ് ധര്‍മരാജ് റസാലത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. വൈകീട്ട് 3.30 ഓടെയാണ് പ്രതിഷേധ മാർച്ച് ആരംഭിച്ചത്. നൂറുകണക്കിന് വിശ്വാസികൾ നന്ദാവനത്തുനിന്ന് രക്തസാക്ഷി മണ്ഡപത്തിലേക്കാണ് മാർച്ച് നടത്തിയത്.
ബിഷപ്പിന്‍റെ ആസ്ഥാനമായ എൽ.എം.എസിലേക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനമെങ്കിലും ഹൈകോടതി നിർദേശപ്രകാരം പൊലീസ് അതിന് അനുമതി നൽകിയില്ല. തുടർന്നാണ് രക്തസാക്ഷി മണ്ഡപത്തിലേക്ക് മാർച്ച് മാറ്റിയത്. ഇതിനിടെ, നന്ദാവനത്ത് പൊലീസും വിശ്വാസികളും തമ്മിൽ വാക്കേറ്റമുണ്ടാകുകയും അത് സംഘർഷത്തിൽ കലാശിക്കുകയും ചെയ്തു. ഇതിലാണ് ഒരാൾക്ക് തലക്ക് പരിക്കേറ്റത്. സംഘർഷത്തിന് അയവ് വന്നതോടെ വിശ്വാസികൾ രക്തസാക്ഷി മണ്ഡപത്തിലേക്ക് മാർച്ച് നടത്തി പ്രതിഷേധം അവസാനിപ്പിച്ചു. ഇതിനിടെ, വിശ്വാസികളിൽ കുറച്ചുപേരെ നന്ദാവനം പൊലീസ് ക്യാമ്പിലും മ്യൂസിയം പൊലീസ് സ്റ്റേഷനിലും തടഞ്ഞുവെച്ചിരിക്കുകയാണെന്നാരോപിച്ച് വിശ്വാസികൾ രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ചർച്ചകൾക്കൊടുവിൽ തടഞ്ഞുവെച്ചവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കാമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു. മാർച്ചിനോടനുബന്ധിച്ച് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.
കാരക്കോണം മെഡിക്കൽ കോളജിൽ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇ.ഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പിന്‍റെ ആസ്ഥാനമായ എൽ.എം.എസിലും കാരക്കോണം മെഡിക്കൽ കോളജിലും കോളജ് ഡയറക്ടറായ ബെന്നറ്റ് എബ്രഹാമിന്‍റെ വീട്ടിലും സി.എസ്.ഐ സഭാ സെക്രട്ടറി പ്രവീണിന്‍റെ വീട്ടിലും ഇ.ഡി പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.