ബിഷപ് ധർമരാജ് റസാലത്തെ മദ്രാസ് ഹൈകോടതി അയോഗ്യനാക്കി
text_fieldsതിരുവനന്തപുരം: സി.എസ്.ഐ സഭ മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തെ അയോഗ്യനാക്കി മദ്രാസ് ഹൈകോടതി. ദക്ഷിണ കേരള മഹായിടവകയുടെ ബിഷപ് പദവിയും നഷ്ടമാകുന്നത് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്. വിരമിക്കാനുള്ള ഉയർന്ന പ്രായം 70 ആക്കിയ ഭരണഘടന ഭേദഗതിയും റദ്ദാക്കി. മോഡറേറ്റർ തെരഞ്ഞെടുപ്പിന് ഭരണഘടന സാധുതയില്ലെന്ന വാദം അംഗീകരിച്ച കോടതി, നാലുമാസത്തിനകം പുതിയ തെരഞ്ഞെടുപ്പ് നടത്താനും ഉത്തരവിട്ടു.
മൂന്നിൽ രണ്ട് ഭൂരിപക്ഷമില്ലെന്ന ഹരജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിന് മുൻ ജഡ്ജിയെ നിരീക്ഷകനാക്കാനും കോടതി നിര്‍ദേശിച്ചു. മുൻ സഭ സെക്രട്ടറി ഡി. ലോറൻസ് നൽകിയ ഹർരജിയിൽ ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തിയുടേതാണ് ഉത്തരവ്.
സി.എസ്.ഐ ഭരണഘടന പ്രകാരം ബിഷപ് 67 വയസ്സിൽ വിരമിക്കണം. 2023 മേയ് 18ന് 67 തികയുന്ന ബിഷപ് റസാലം ജനുവരിയിൽ പദവി ഒഴിയേണ്ടതായിരുന്നു. ഇതൊഴിവാക്കാനാണ് സി.എസ്.ഐ ഭരണഘടന ഭേദഗതി ചെയ്തതെന്ന് ആരോപണമുയർന്നിരുന്നു. ഭേദഗതിയിലൂടെ വിരമിക്കൽ പ്രായം 70 ആക്കി. ഈ നീക്കത്തെ എതിർത്ത രണ്ട് ഭദ്രാസന പ്രതിനിധികളെ സിനഡിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. 15 ഭദ്രാസനങ്ങളാണ് ധർമരാജ് റസാലത്തെ പിന്തുണച്ചത്. ബിഷപ് റസാലത്തിന് പദവി നഷ്ടമാകുമെങ്കിലും ജനുവരിയിൽ ഹൂബ്ലിയിൽ നടന്ന തെരഞ്ഞെടുപ്പിലൂടെ ചുമതലയേറ്റ മറ്റ് സിനഡ് അംഗങ്ങളെ വിധി ബാധിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.