നിത്യനിദ്രയിൽ ബിഷപ് ഡോ. കെ.പി. യോഹന്നാന്‍; മൃതദേഹം മദ്ബഹയോട് ചേര്‍ന്ന് ഒരുക്കിയ പ്രത്യേക സ്ഥലത്ത് കബറടക്കി
text_fieldsതിരുവല്ല: അമേരിക്കയിലെ ഡാളസില്‍ വാഹനാപകടത്തിൽ മരിച്ച ബിലീവേഴ്‌സ് ചര്‍ച്ച് പ്രഥമ മെത്രാപ്പോലീത്ത മോര്‍ അത്തനേഷ്യസ് യോഹാന്‍റെ (ബിഷപ് ഡോ. കെ.പി. യോഹന്നാൻ) കബറടക്കം ഔദ്യോഗിക ബഹുമതികളോടെ കുറ്റപ്പുഴ സെന്‍റ് തോമസ് നഗറിലെ സെന്‍റ് തോമസ് ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ചില്‍ നടന്നു.
ചൊവ്വാഴ്ച രാവിലെ 9.30ഓടെ ഏഴാംഘട്ട ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം ബിലീവേഴ്‌സ് കൺവെന്‍ഷന്‍ സെന്‍ററില്‍നിന്ന് വിലാപയാത്രയായി പള്ളിയിലേക്ക് കൊണ്ടുപോയി. ഇവിടെ അവസാനഘട്ട ശുശ്രൂഷകള്‍ നടത്തി. മദ്ബഹയോട് ചേര്‍ന്ന് ഒരുക്കിയ പ്രത്യേക കബറില്‍ മാർപാപ്പമാരുടെ കബറടക്കം പോലെ ഭൗതികശരീരം കിടത്തി സംസ്‌കരിച്ചു.
വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരുടെ നേതൃത്വത്തില്‍ വിവിധ ഭാഷകളില്‍ നടത്തിയ ശുശ്രൂഷകള്‍ക്കു ശേഷമായിരുന്നു കബറടക്കത്തിന്‍റെ എട്ടാമത്തേതും അവസാനത്തേതുമായ ശുശ്രൂഷകള്‍ ആരംഭിച്ചത്. ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അഡ്മിനിസ്‌ട്രേറ്റര്‍ സാമുവല്‍ മാര്‍ തിയോഫിലോസ് എപ്പിസ്‌കോപ്പയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു ചടങ്ങ്.
പൊതുദര്‍ശനം നടന്ന കൺവെന്‍ഷന്‍ സെന്‍ററില്‍നിന്ന് പ്രാരംഭപ്രാർഥനകള്‍ക്കു ശേഷം കത്തീഡ്രല്‍ ദേവാലയത്തിലേക്ക് വിലാപയാത്ര ആരംഭിച്ചു. എറ്റവും മുന്നില്‍ വൈദികരും കന്യാസ്ത്രീകളും വിശ്വാസികളും നടന്നുനീങ്ങി. അവര്‍ക്കുപിന്നില്‍ സ്വര്‍ണക്കുരിശേന്തിയ വൈദികനും പിന്നില്‍ കത്തിച്ച മെഴുകുതിരികള്‍ പിടിച്ച പുരോഹിതരും. ഏറ്റവും പിന്നിലായി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം പേറിയ ആംബുലന്‍സ് പതിയെ നീങ്ങി. വിലാപയാത്ര ദേവാലയത്തില്‍ എത്തിയതോടെ രണ്ടുഘട്ടങ്ങളിലായുള്ള അന്ത്യകർമങ്ങള്‍ ആരംഭിച്ചു. ബ്രസീലിലെ ബോറു ഉള്‍പ്പെടെ 14 ഭാഷകളിലാണ് അന്ത്യകർമങ്ങള്‍ നടന്നത്.
പ്രാരംഭ പ്രാർഥനകള്‍ക്കുശേഷം കാലംചെയ്ത മെത്രാപ്പോലീത്ത കൂദാശ ചെയ്ത ത്രോണോസിനോടും മദ്ബഹയോടും പുരോഹിതരോടും സന്യാസിനിമാരോടും വിശ്വാസി സമൂഹത്തോടും ലോകത്തോടും യാത്ര ചോദിക്കുന്ന ചടങ്ങ് നടന്നു. ഈ സമയം നാലുദിക്കുകളിലേക്കുമായി ശവമഞ്ചം ഉയര്‍ത്തി. ജീവനറ്റ ശരീരം കബറിങ്കലേക്ക് എടുക്കപ്പെട്ടു. തുടര്‍ന്ന് മൃതശരീരത്തില്‍ സൈത്തെണ്ണ കുരിശാകൃതിയില്‍ മുഖത്തും നെഞ്ചത്തും കാല്‍മുട്ടുകളിലും മൂന്നുപ്രാവശ്യം ഒഴിച്ചു. അനന്തരം മണ്ണായ മനുഷ്യന്‍ മണ്ണിലേക്ക് ചേര്‍ക്കപ്പെടുന്ന തിരുവെഴുത്തിന്‍റെ പൂര്‍ത്തീകരണമായി കുരിശാകൃതിയില്‍ മണ്ണിട്ടു. തുടര്‍ന്ന് മുഖ്യകാര്‍മികനും സഹകാർമികരും വൈദിക ശ്രേഷ്ഠരും ധൂപപ്രാർഥന നടത്തുകയും കുന്തിരിക്കം മൃതശരീരത്തില്‍ വര്‍ഷിക്കുകയും ചെയ്തു. പിന്നീടാണ് മൃതശരീരപേടകം പ്രത്യേക കല്ലറയിലേക്ക് ഇറക്കിവെച്ചത്.
1000 കിലോ കുന്തിരിക്കമിട്ടാണ് കല്ലറ തയാറാക്കിയത്. മാര്‍ത്തോമ സഭയിലെ ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, തോഴിയൂര്‍ സഭയിലെ സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത, ബിലീവേഴ്‌സ് സഭയിലെ ജോണ്‍ മോര്‍ ഐറേനിയോസ്, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ദാനിയേല്‍ മാര്‍ തിമോഥേയോസ് തുടങ്ങിയ എല്ലാ എപ്പിസ്‌കോപ്പമാരും സഹകാര്‍മികരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.