ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ വിധി ജനുവരി 14ന്
text_fieldsകോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളക്കൽ പ്രതിയായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ജനുവരി 14ന് കോടതി വിധി പുറപ്പെടുവിക്കും. കോട്ടയം അഡീഷണൽ ജില്ല കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പറയുക. ഡിസംബർ 29ന് കേസുമായി ബന്ധപ്പെട്ട വാദങ്ങളും പ്രതിവാദങ്ങളും പൂർത്തിയായി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി പുറപ്പെടുവിക്കുന്ന തീയതി ജഡ്ജി പ്രഖ്യാപിച്ചത്.
2019 ഏപ്രിൽ ഒമ്പതിന് കുറ്റപത്രം സമർപ്പിച്ച കേസിൽ നവംബർ 30ന് വിചാരണ തുടങ്ങി. കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി ബിഷപ്പ് ഫ്രാങ്കോ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു. എന്നാൽ, ഫ്രാങ്കോ വിചാരണ നേരിടണമെന്ന വിധിയാണ് കോടതികൾ പുറപ്പെടുവിച്ചത്.
85 പ്രോസിക്യൂഷൻ സാക്ഷികളിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം 39 സാക്ഷികളെ കേസിൽ വിസ്തരിച്ചു. മൂന്നു ബിഷപ്പുമാർ, 11 പുരോഹിതർ, 25 കന്യാസ്ത്രീകളും ഉൾപ്പെടും. പ്രതിഭാഗം ആവശ്യപ്പെട്ട പ്രകാരം ഉൾപ്പെടുത്തിയ ഒമ്പതു പേരുടെയും വിസ്താരം പൂർത്തിയായി.
2018 ജൂണിലാണ് കുറവിലങ്ങാട് നാടുകുന്ന് സെന്‍റ് ഫ്രാൻസിസ് മിഷൻ ഹോമിലെ കന്യാസ്ത്രീയുടെ പരാതി കുറവിലങ്ങാട് പൊലീസിനും ജില്ല പൊലീസ് മേധാവിക്കും ലഭിക്കുന്നത്. മഠത്തിലും മറ്റ് വിവിധ സ്ഥലങ്ങളിലും വെച്ച് 13 തവണ ബിഷപ്പ് ഫ്രാങ്കോ ബലാത്സംഗം ചെയ്തെന്നാണ് കന്യാസ്ത്രീയുടെ പരാതി.
ജില്ല പൊലീസ് മേധാവി ഹരിശങ്കറുടെ നേതൃത്വത്തിൽ വൈക്കം ഡിവൈ.എസ്.പിയാണ് കേസ് അന്വേഷിച്ചത്. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ 23 ദിവസം പാലാ ജയിലിൽ കിടന്നു.
അന്യായമായി തടഞ്ഞുവെക്കൽ, അധികാര ദുർവിനിയോഗം നടത്തി ലൈംഗിക ദുരുപയോഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തന്റെ നിയന്ത്രണത്തിലുള്ള സ്ത്രീയെ മേലധികാരം ഉപയോഗിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യൽ, ഒരേ സ്ത്രീയെ സ്വാധീനം ഉപയോഗിച്ച് തുടർച്ചയായി ബലാത്സംഗം ചെയ്യൽ, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകളാണ് ഫ്രാങ്കോക്കെതിരെ ചുമത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.