കൂടെയുണ്ട് ലോകം... കന്യാസ്ത്രീകൾക്ക് കത്തിലൂടെ പിന്തുണയേകി പൊതുസമൂഹം
text_fieldsകൊച്ചി: ബലാത്സംഗ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റമുക്തനാക്കിയ സംഭവത്തിൽ ഇരയായ കന്യാസ്ത്രീക്കും ഒപ്പമുള്ളവർക്കും അക്ഷരപിന്തുണ. കന്യാസ്ത്രീകൾക്കൊപ്പം (വിത് ദ നൺസ്), അവൾക്കൊപ്പം ഹാഷ്ടാഗുകളോടെയുള്ള കത്തുകളാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ചലച്ചിത്ര പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, മാധ്യമപ്രവർത്തകർ, വിദ്യാർഥികൾ, സാമൂഹികപ്രവർത്തകർ തുടങ്ങി സമൂഹത്തിന്റെ വിവിധ കോണുകളിലുള്ളവരാണ് കന്യാസ്ത്രീകൾക്ക് പ്രചോദനവും ഊർജവും പകരുന്ന കത്തുകൾ സ്വന്തം കൈപ്പടയിലെഴുതി സാമൂഹിക മാധ്യമങ്ങളിൽ ഇട്ടത്. ബുധനാഴ്ച 11ഓടെയായിരുന്നു തുടക്കം.
ചലച്ചിത്രപ്രവർത്തകരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, ഗീതു മോഹൻദാസ്, ദിവ്യ ഗോപിനാഥ്, ജിയോ ബേബി, ലീന മണിമേഖല, എഴുത്തുകാരി കെ.ആർ. മീര, ദീപ നിശാന്ത്, മാധ്യമപ്രവർത്തകരായ ധന്യ രാജേന്ദ്രൻ, കെ.കെ. ഷാഹിന, ആക്ടിവിസ്റ്റ് ജെ. ദേവിക തുടങ്ങി നൂറുകണക്കിനാളുകൾ പിന്തുണക്കത്തെഴുതി. സിസ്റ്റർ രചിച്ചത് പുതിയൊരു ചരിത്രമാണ് എന്നായിരുന്നു കെ.ആർ. മീരയുടെ കത്തിലെ വാചകം. കന്യാസ്ത്രീകളുടെ അഭ്യുദയകാംക്ഷികൾ കൈകാര്യം ചെയ്യുന്ന solidarity2sisters@gmail.com മെയിൽ ഐ.ഡിയിലേക്കാണ് എല്ലാവരും കത്തയച്ചത്. ഇവയുടെ പ്രിൻറ് ഔട്ടുകൾ കന്യാസ്ത്രീകളുടെ കൈയിൽ എത്തിക്കുമെന്ന് കാമ്പയിന് നേതൃത്വം നൽകിയവർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട് കോട്ടയം അഡീഷനൽ സെഷൻസ് കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.