ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചതായി കന്യാസ്ത്രീ; 2018 മുതലുള്ള കേസിന്റെ നാൾവഴി
text_fields2018 ജൂണ്‍ 29: മിഷനറീസ് ഓഫ് ജീസസിന്റെ കുറവിലങ്ങാട്ടെ മഠത്തിലെത്തി ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചതായി കാട്ടി കന്യാസ്ത്രീ നൽകിയ പരാതിയില്‍ കുറവിലങ്ങാട് പൊലീസ് കേസെടുത്തു
ജൂലൈ 05:കന്യാസ്ത്രീയുടെ രഹസ്യമൊഴി ചങ്ങനാശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തി
ജൂലൈ 12: മൊഴിയില്‍ പറയുന്ന കാലയളവില്‍ ബിഷപ് കണ്ണൂര്‍ പരിയാരം, പാണപ്പുഴ കോൺവെന്റുകളില്‍ വന്നിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. സന്ദര്‍ശക രജിസ്റ്റര്‍ പിടിച്ചെടുത്തു
ജൂലൈ 14: പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെയും കുറവിലങ്ങാട് മര്‍ത്തമറിയം ആര്‍ച്ച് ഡീക്കന്‍ തീര്‍ഥാടന ദേവാലയം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ജോസഫ് തടത്തിലിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി
ജൂലൈ 18: കന്യാസ്ത്രീ നല്കിയ പരാതിയില്‍ പീഡിപ്പിക്കപ്പെട്ടതായി പറഞ്ഞിട്ടില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അന്വേഷണസംഘത്തെ അറിയിച്ചു. ജലന്തര്‍ ബിഷപ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി പരാതിയില്‍ പറഞ്ഞിരുന്നുവെന്നും മൊഴി
ജൂലൈ 24: ബിഷപ്പിനെ മാറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ട് വനിത സംഘടനകളുടെ ദേശീയ നേതാക്കള്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ജാംബത്തിസ്ത ദിക്വാത്രോക്ക് നിവേദനം നല്കി.
ജൂലൈ 25: പരാതിയില്‍നിന്ന് പിന്മാറാൻ വന്‍ വാഗ്ദാനം ലഭിച്ചതായി കന്യാസ്ത്രീയുടെ ബന്ധുവിന്റെ മൊഴി
ജൂലൈ 29: കന്യാസ്ത്രീയെ പിന്തുണച്ച മറ്റൊരു കന്യാസ്ത്രീയെ വൈദികന് ഫോണില്‍ വിളിച്ച് കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന സംഭാഷണം പുറത്ത്
ജൂലൈ 30: കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിച്ചതിന് കുര്യനാട് സെന്റ് ആന്‍സ് ആശ്രമം പ്രിയോറും സ്കൂള്‍ മാനേജറുമായ ഫാ. ജയിംസ് ഏര്‍ത്തയിലിനെതിരെ പൊലീസ് കേസ്
ആഗസ്റ്റ് മൂന്ന്: തെളിവെടുപ്പിനായി പൊലീസ് ഡല്‍ഹിയില്‍. ഉജ്ജയിന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യൻ വടക്കേലിന്റെ മൊഴി രേഖപ്പെടുത്താനാണ് ഡല്‍ഹിയിലെത്തിയത്
ആഗസ്റ്റ് ഏഴ്: അവധിയിലായിരിക്കുമ്പോഴും കേസില്‍ ഇടപെടാന്‍ ശ്രമിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് കുറവിലങ്ങാട് എസ്.ഐ ഷിന്റോ പി. കുര്യനെ സ്ഥലം മാറ്റി. ബിഷപിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന ഹരജിയില്‍ ഹൈകോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി
ആഗസ്റ്റ് എട്ട്: അന്വേഷണസംഘം ജലന്ധറിൽ. മിഷനറീസ് ഓഫ് ജീസസ് സന്ന്യസ്ത സമൂഹം മദര്‍ ജനറല്‍, കന്യാസ്ത്രീകൾ എന്നിവരുടെ മൊഴിയെടുത്തു
ആഗസ്റ്റ് 13: ജലന്തറില്‍ ബിഷപ്പിനെ കേരള പൊലീസ് ചോദ്യംചെയ്തു. അറസ്റ്റ് ആവശ്യപ്പെട്ട് കേരള കാത്തലിക് ചര്‍ച്ച് റിഫര്‍മേഷന്‍ മൂവ്മെന്റ് സമര്‍പ്പിച്ച ഹരജി ഹൈകോടതി തള്ളി
ആഗസ്റ്റ് 30: കോതമംഗലം സ്വദേശി സോബി ജോര്‍ജിന്റെ ആവശ്യപ്രകാരമാണ് കേസില്‍ ഒത്തുതീര്‍പ്പുനീക്കം നടത്തിയതെന്ന് ഫാ. ജയിംസ് ഏര്ത്തയിന്റെ മൊഴി
സെപ്റ്റംബര്‍ എട്ട്: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ സമരം. കുറവിലങ്ങാട്ടെ കന്യാസ്ത്രീകളും സമരത്തിൽ
സെപ്റ്റംബര്‍ 11: പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ വിമര്‍ശനവുമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍
സെപ്റ്റംബര്‍ 12: സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്കെതിരെ മിഷനറീസ് ഓഫ് ജീസസ് സന്യസ്ത സഭ അന്വേഷണം പ്രഖ്യാപിച്ചു. നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് അന്വേഷണ സംഘത്തിന്റെ നോട്ടീസ്
സെപ്റ്റംബര്‍ 13: ബിഷപ്പിനെതിരായ പരാതിയില്‍ അന്വേഷണം കാര്യക്ഷമമെന്നും സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നും ഹൈകോടതി
സെപ്റ്റംബര്‍ 14: ബിഷപ് കന്യാസ്ത്രീയെ പീഡിപ്പിച്ചിട്ടില്ലെന്ന് മിഷനറീസ് ഓഫ് ജീസസ് സനസ്ത സഭയുടെ അന്വേഷണ കമീഷന് റിപ്പോര്‍ട്ട്. ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസ്.
സെപ്റ്റംബര്‍ 15: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ജലന്ധർ രൂപത ഭരണച്ചുമതലകള്‍ ഒഴിഞ്ഞു. പൊലീസ് അന്വേഷണത്തിനുശേഷം നടപടികളെന്ന് സി.ബി.സി.ഐ
സെപ്റ്റംബര്‍ 17: കേസില്‍ ശ്രദ്ധചെലുത്താന്‍ താല്‍ക്കാലികമായി ചുമതലകളില്‍ നിന്നൊഴിയാന്‍ അനുവദിക്കണമെന്നാവശ്യവുമായി ഫ്രാങ്കോ മുളയ്ക്കൽ മാര്‍പ്പാപ്പക്ക് കത്തുനല്‍കി
സെപ്റ്റംബര്‍ 19: ബിഷപ്പ് അന്വേഷണസംഘത്തിന് മുന്നിൽ. തൃപ്പൂണിത്തുറ വനിത സെല്‍ ഓഫിസില്‍ അന്വേഷണ സംഘം ഏഴുമണിക്കൂര്‍ ചോദ്യംചെയ്യൽ
സെപ്റ്റംബര്‍ 21: ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. മൂന്നുദിവസത്തെ ചോദ്യംചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്
സെപ്റ്റംബര്‍ 23: ബിഷപ് ഫ്രാങ്കോയെ കുറവിലങ്ങാട് മഠത്തില്‍ എത്തിച്ച് തെളിവെടുപ്പ്
സെപ്റ്റംബര്‍ 26: ഫ്രാങ്കോ മുളയ്ക്കല്‍ പ്രതിയായ രണ്ടു അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിന് കൈമാറി
2019 ജനുവരി ഒമ്പത്: ജിതേഷ് ജെ. ബാബുവിനെ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു
മാര്‍ച്ച് 16: കേസില്‍ ഒഴിവാക്കണമെന്ന ബിഷപ് ഫ്രാങ്കോയുടെ ഹരജി വിചാരണകോടതി തള്ളി
2019 ഏപ്രില്‍ ഒമ്പത്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജൂലൈ 13: തുടര്‍ച്ചയായ വിചാരണക്ക് ഹാജരാകാതിരുന്ന ബിഷപ് ഫ്രാങ്കോയുടെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്
2020 സെപ്റ്റംബര്‍ 16: കേസിന്റെ വിചാരണ കോട്ടയം അഡീഷനല്‍ സെഷന് കോടതി ഒന്നില്‍ തുടങ്ങി
നവംബർ അഞ്ച്: കേസില്‍നിന്ന് വിടുതൽ നൽകണമെന്ന ബിഷപ് ഫ്രാങ്കോയുടെ ഹരജി സുപ്രീംകോടതി തള്ളി
മാര്‍ച്ച് 12: എട്ടാംസാക്ഷി ഭഗത്പൂര്‍ ബിഷപ് ഡോ. കുര്യന് വലിയകണ്ടത്തിലിനെ വിസ്തരിച്ചു
2021 ഒക്ടോബര്‍ ഒന്ന്: കര്‍ദിനാര്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വിസ്തരിച്ചു
2022 ജനുവരി 10: കേസിന്റെ അന്തിമവാദം പൂര്‍ത്തിയായി
2022 ജനുവരി 14: കുറ്റക്കാരനല്ലെന്നുകണ്ട് ബിഷപ്പിനെ കോട്ടയം ജില്ല അഡീ. സെഷൻസ് കോടതി വെറുതെവിട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.