Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ആനക്ക് താലി...

‘ആനക്ക് താലി കെട്ടിയതല്ലല്ലോ റേഡിയോ കോളർ’: വനംമന്ത്രിക്കും വനപാലകർക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിഷപ്പ് പാംപ്ലാനി

text_fields
bookmark_border
‘ആനക്ക് താലി കെട്ടിയതല്ലല്ലോ റേഡിയോ കോളർ’: വനംമന്ത്രിക്കും വനപാലകർക്കുമെതിരെ രൂക്ഷ വിമർശനവുമായി ബിഷപ്പ് പാംപ്ലാനി
cancel

കൽപറ്റ: വന്യജീവികളുടെ ആക്രമണത്തിന് ഇരയാകുന്ന വയനാട്ടിലെ കർഷകർ മന്ത്രിമാരോട് പരാതി പറയുന്നതിനേക്കാൾ ഭേദം കടുവയോടും ആനയോടും സംസാരിക്കുന്നതാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വന്യജീവി ആക്രമണത്തിനെതിരെ തല​​ശ്ശേരി, താമരശ്ശേരി, മാനന്തവാടി രൂപതകളു​​ടെ നേതൃത്വത്തിൽ നടന്ന കർഷക പ്രതിഷേധ ജ്വാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വനംമന്ത്രി എ.കെ. ശശീന്ദ്രനും വനം വകുപ്പിനുമെതി​രെ രൂക്ഷ വിമർശനമാണ് ബിഷപ്പ് അഴിച്ചുവിട്ടത്.

‘കാട്ടാനകളുടെ ചലനം നിരീക്ഷിക്കുന്നതിനാണ് റേഡിയോ കോളർ ഘടിപ്പിക്കുന്നത്. അല്ലാതെ ആനക്ക് താലി കെട്ടിയതല്ല അത്. എന്നാൽ, റേഡിയോ കോളർ ഘടിപ്പിച്ച ആന ജനവാസ കേന്ദ്രത്തിലിറങ്ങി 15 ദിവസമായിട്ടും ഇനിയും വനംവകുപ്പിന് കണ്ടെത്താനായിട്ടില്ല. വന്യജീവികളെ തുരത്താൻ നിയോഗിക്ക​​പ്പെട്ട വനപാലകർ ആ പണി ചെയ്യാതെ ശീതീകരിച്ച മുറിയിലിരിക്കുകയാണ്. കർഷകർക്കെതിരെ എഫ്.ഐ.ആർ ഇടുന്നതാണ് അവരുടെ പ്രധാനപണി. ആനക്ക് പകരം വനപാലകർക്ക് റേഡിയോ കോളർ ഘടിപ്പിക്കുന്നതാണ് നല്ലത്. എങ്കിൽ അവർ വരുമ്പോൾ കർഷകർക്ക് മാറിനിൽക്കാമല്ലോ’ -പാംപ്ലാനി പറഞ്ഞു.

വന്യജീവി നിയമങ്ങൾ മാറ്റി എഴുതാത്തത് തെമ്മാടിത്തരമാണ്. കർഷകർക്ക് അനുകൂലമായി നിയമങ്ങൾ മാറ്റി എഴുതണം. എല്ലാം കേന്ദ്ര സർക്കാരിന്റെ കയ്യിലാണെന്നാണ് മന്ത്രിമാർ പറയുന്നത്. പിന്നെ എന്തിനാണ് വെള്ളാനയായി വനം വകുപ്പിനെ വെച്ചുകൊണ്ടിരിക്കുന്നത്?.

സർവതിനും കേന്ദ്രത്തെ പഴിക്കുന്ന എൽ.ഡി.എഫ് സർക്കാരിന്റെ എം.പിക്ക് കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ഇല്ലാതാക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവിടാം എന്നാണ് അത്. സർക്കാർ ഇതൊന്നും കാണുന്നില്ലേ? കേന്ദ്ര വനംമന്ത്രി നൽകിയ മറുപടി വന്നിട്ടും ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്താണ് നടപടി എടുക്കാത്തത് -ബിഷപ്പ് ചോദിച്ചു.

മൃഗസംരക്ഷണ നിയമത്തിന് പകരം മനുഷ്യ സംരക്ഷണ നിയമം കൊണ്ടുവരണം. പാർലമെന്റും നിയമസഭയും ഇത് നടപ്പിലാക്കണം. വന്യജീവി സംരക്ഷണത്തിനും മുകളിലാണ് ഭരണഘടന. ജീവനും സ്വത്തും സംരക്ഷിക്കാൻ മലയോര ജനത മൃഗങ്ങളെ നേരിടും. കർഷകരുടെ മരണവാറന്റാണ് 72 ലെ നിയമം. പൗരനെ ജീവിക്കാൻ അനുവദിക്കാത്ത ഒരു നിയമവും അനുസരിക്കില്ല -അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephantJoseph PamplaniAK Saseendran
News Summary - Bishop Joseph Pamplani criticizes the forest minister
Next Story