വഖഫ് സംവിധാനങ്ങൾക്ക് എതിരല്ലെന്ന് ബിഷപ് പാംപ്ലാനി; ‘മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങൾക്കായി വഖഫിനെ ആശ്രയിക്കുന്നതിൽ പരാതിയില്ല’
text_fieldsകണ്ണൂർ: വഖഫ് സംവിധാനങ്ങൾക്ക് തങ്ങളാരും എതിരല്ലെന്ന് തലശ്ശേരി രൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാനായി വഖഫിനെ ആശ്രയിക്കുന്നതിൽ പരാതിയില്ലെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
വഖഫ് ബോർഡ് എന്ന പുതിയ പ്രസ്ഥാനം കൊണ്ടുവന്നിട്ടുണ്ട്. മുസ്‍ലിം സമുദായത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അവർ വഖഫ് സംവിധാനത്തെ ആശ്രയിക്കുന്നതിന് ഞങ്ങളാരും എതിരല്ല. മുസ്‍ലിം സമുദായത്തിന്‍റെ പേരുപറഞ്ഞ് ഇവിടത്തെ പാവപ്പെട്ട കർഷകരെയും ന്യൂനപക്ഷത്തെയും തമ്മിലടിപ്പിക്കാൻ ആരൊക്കെയോ ബോധപൂർവമായ ശ്രമം നടത്തുന്നുണ്ടെന്നും ജോസഫ് പാംപ്ലാനി പറഞ്ഞു.
മുനമ്പം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാറിനെ ജോസഫ് പാംപ്ലാനി രൂക്ഷമായി വിമർശിച്ചു. സർക്കാർ വിളിച്ച ഉന്നതതല സമിതി യോഗത്തിൽ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ ജനപ്രതിനിധികളായ മന്ത്രിമാരെ പോലും മുൾമുനയിൽ നിർത്തി. ഏതെങ്കിലും ഉദ്യോഗസ്ഥന്‍റെ പിൻവാക്ക് കേട്ട് വിവരദോഷം കാണിക്കാനുള്ളതാണോ ഇവിടത്തെ ഭരണസംവിധാനമെന്നും അദ്ദേഹം ചോദിച്ചു.
മുനമ്പത്ത് എന്നല്ല ഈ നാട്ടിലെ ഒരു കർഷകന്‍റെയും സാധാരണക്കാരന്‍റെയും ഭൂമി ഒന്നിന്‍റെ പേരിലും പിടിച്ചെടുക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടെന്നും ആലക്കോട്ട് നടന്ന കർഷക റാലിയിൽ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.