ബിഷപ്പിെൻറ വിവാദപ്രസംഗം; സൗഹൃദാന്തരീക്ഷം നിലനിർത്താനും മുതലെടുപ്പിന് തടയിടാനും മുസ്ലിം സംഘടനകൾ
text_fieldsകോഴിക്കോട്: പാലാ ബിഷപ്പിെൻറ 'നാർക്കോട്ടിക് ജിഹാദ്' പരാമർശം വൻ വിവാദമായ സാഹചര്യത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലെ സൗഹൃദാന്തരീക്ഷം നിലനിർത്താനും മുതലെടുപ്പിന് തടയിടാനും മുസ്ലിം സംഘടനകൾ. സച്ചാർ സംരക്ഷണ സമിതി ആഭിമുഖ്യത്തിൽ ഈ മാസം 22ന് കോഴിക്കോട് ചേരുന്ന മുസ്ലിം സംഘടനകളുടെ യോഗം വിഷയം ചർച്ചചെയ്യും. സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകൾ മുഖ്യമന്ത്രിക്കുമുന്നിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സമിതി യോഗമെങ്കിലും സൗഹൃദാന്തരീക്ഷത്തിന് വലിയ ആഘാതം സൃഷ്ടിച്ച ബിഷപ്പിെൻറ പ്രസ്താവനയും തുടർവിവാദങ്ങളും ചർച്ചയാകും. മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി തങ്ങളാണ് യോഗം വിളിച്ചത്.
ബിഷപ്പിെൻറ പ്രസംഗത്തിനെതിരെ മുഴുവൻ മുസ്ലിം സംഘടനകളും പ്രതിഷേധിച്ചിരുന്നു. സംസ്ഥാനത്ത് നിലനിൽക്കുന്ന സൗഹൃദാന്തരീക്ഷം തകർക്കാൻ ഏറെ നാളായി സംഘ്പരിവാർ ശ്രമിക്കുന്നുണ്ടെങ്കിലും ക്ലച്ച് പിടിച്ചിരുന്നില്ല. എന്നാൽ, ബിഷപ്പിെൻറ ആരോപണങ്ങൾ ഗൗരവമായാണ് മുസ്ലിം സംഘടനകൾ വിലയിരുത്തുന്നത്. പ്രസ്താവനയെ തുടർന്ന് ബി.ജെ.പി നേതാക്കൾ ബിഷപ്പിനെ സന്ദർശിച്ച് പിന്തുണ പ്രഖ്യാപിച്ചതിലൂടെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും സംഘടനകൾ സംശയിക്കുന്നു. അതേസമയം, ആരോപണങ്ങൾക്കെതിരെ ക്രിസ്ത്യൻ സമുദായത്തിനകത്തുനിന്നും പൊതുസമൂഹത്തിൽനിന്നും പ്രതിഷേധം ഉയർന്നതിനെ സംഘടനകൾ സ്വാഗതം ചെയ്യുന്നുണ്ട്. സമുദായങ്ങളെ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇരുവിഭാഗങ്ങളുടെയും സൗഹൃദ കൂട്ടായ്മ രൂപപ്പെടുത്തുന്നതും യോഗം ചർച്ച ചെയ്യുമെന്നാണ് വിവരം. തെറ്റിദ്ധാരണകൾ അകറ്റാനുള്ള ശ്രമങ്ങളുമുണ്ടാകും.
അതിനിടെ, താമരശ്ശേരി രൂപതയിലെ മതബോധന കേന്ദ്രം ഇറക്കിയ മതപാഠ പുസ്തകത്തിലെ പരാമർശങ്ങൾ വിവാദമായ സാഹചര്യത്തിൽ കേന്ദ്രം ഡയറക്ടർ ഫാ. ജോൺ പള്ളിക്കാവയലിൽ ഖേദപ്രകടനം നടത്തിയതിനാൽ ചില മുസ്ലിം സംഘടനകൾ നടത്താനിരുന്ന പ്രതിഷേധങ്ങൾ നിർത്തിവെച്ചു. മാതാപിതാക്കൾക്കും കുട്ടികൾക്കുമിടയിൽ ബോധവത്കരണം മാത്രമാണ് ലക്ഷ്യമാക്കിയതെന്നും ഒരു മതത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഡയറക്ടർ വ്യക്തമാക്കിയിരുന്നു. വിഷമമുണ്ടാക്കിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.