വിനോദസഞ്ചാരികൾക്കു നേരെ കാട്ടുപോത്ത് ആക്രമണം; കക്കയം ഡാംസൈറ്റിലെ ടൂറിസം കേന്ദ്രങ്ങൾ അടച്ചു
text_fieldsബാലുശ്ശേരി: വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ കാട്ടുപോത്ത് ആക്രമണത്തെ തുടർന്ന് കക്കയം ഡാം സൈറ്റിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ അടച്ചു. ഡാംസൈറ്റിലെ ഹൈഡൽ ടൂറിസം, ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ രണ്ടു ദിവസത്തേക്ക് സഞ്ചാരികൾക്കു വിലക്കേർപ്പെടുത്തിയതായി പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫിസർ കെ.വി. ബിജു അറിയിച്ചു. വിനോദസഞ്ചാരികളെ ആക്രമിച്ച കാട്ടുപോത്തിനെ കാട്ടിനുള്ളിലേക്ക് തുരത്താനായി ഫോറസ്റ്റ് ആർ.ആർ.ടി സംഘം കക്കയം ഡാംസൈറ്റിലെത്തി പരിശോധന നടത്തി.
കക്കയം ഡാംസൈറ്റ് ചിൽഡ്രൻസ് പാർക്കിനു സമീപം ശനിയാഴ്ച ഉച്ചയോടെയാണ് വിനോദസഞ്ചാരി സംഘത്തിൽപെട്ട അമ്മയെയും മകളെയും കാട്ടുപോത്ത് ആക്രമിച്ചത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റേഞ്ചിന്റെയും കക്കയം വൈൽഡ് ലൈഫ് സെക്ഷന്റെയും കീഴിലുള്ള ഉദ്യോഗസ്ഥ സംഘവും താമരശ്ശേരി റേഞ്ചിൽനിന്നെത്തിയ അഞ്ചംഗ ആർ.ആർ.ടി സംഘവുമാണ് ഇന്നലെ ഉച്ചയോടെ കാട്ടുപോത്തിനായി തിരച്ചിൽ നടത്തിയത്. ഒറ്റയാനായ കാട്ടുപോത്തിനെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിലുള്ള യുവതിയെയും മകളെയും ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. യുവതിയുടെ വാരിയെല്ലിന് പൊട്ടലും തലക്ക് ക്ഷതവുമുണ്ട്. ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ടോ എന്ന പരിശോധനക്കുശേഷം മാത്രമേ യുവതിയെ ഐ.സി.യുവിൽനിന്ന് മാറ്റുകയുള്ളൂ. പെരുവണ്ണാമൂഴി ഡെപ്യൂട്ടി റേഞ്ചർ ഇ. ബൈജുനാഥ്, കക്കയം സെക്ഷൻ ഡെപ്യൂട്ടി റേഞ്ചർ സി. വിജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കക്കയത്തെ ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിന് നടപടിയാവശ്യപ്പെട്ട് വിഫാം പ്രവർത്തകർ കക്കയം അങ്ങാടിയിൽ പ്രകടനവും നടത്തി. ജോൺസൺ കക്കയം, തോമസ് വെളിയംകുളം, കുഞ്ഞാലി കോട്ടോല, സജി കഴുവേലി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.