Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈസൺ വാലി ചൊക്രമുടി...

ബൈസൺ വാലി ചൊക്രമുടി മലയിലെ ഭൂമാഫിയ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

text_fields
bookmark_border
Ramesh Chennithala
cancel

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ബൈസൺ വാലി ചൊക്രമുടി മലയിൽ നടന്ന ഭൂമാഫിയയുടെ കൈയേറ്റം അടിയന്തരമായി ഒഴിപ്പിക്കണമെന്നും അനധികൃത പട്ടയങ്ങൾ റദ്ദാക്കണമെന്നും കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് ചെന്നിത്തല കത്ത് നൽകി.

രമേശ് ചെന്നിത്തലയുടെ കത്തിന്‍റെ പൂർണരൂപം:

കഴിഞ്ഞ ശനിയാഴ്ച രമേശ് ചെന്നിത്തല ബൈസൺവാടിയിലെത്തി കൈയേറ്റ പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു. സി.പി.ഐ രാഷ്ട്രീയ നേതൃത്വത്തിന്‍റെ ഒത്താശയോടെ ചില വ്യക്തികളും റിസോർട്ട് മാഫിയകളും വളരെ വ്യാപകമായ കൈയേറ്റമാണ് ഇവിടെ നടത്തിയിട്ടുള്ളത്. ബൈസൺവാലി പഞ്ചായത്തിൽ സർവേ നമ്പർ 27/1 ൽ പെട്ട നാൽപതോളം ഏക്കർ ഭൂമിയാണ് റവന്യൂ വകുപ്പിന്‍റെ ഒത്താശയോടെ കൈയേറിയിരിക്കുന്നത്.

ചെന്നൈ ആസ്ഥാനമായുള്ള ഒരു മലയാളി വ്യവസായി നേതൃത്വം നല്‍കുന്ന ഭൂമാഫിയയാണ് ഈ കൈയേറ്റത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ചിന്നക്കനാലിലും വട്ടവടയിലും ഭൂമി കയ്യേറ്റ വിഷയത്തില്‍ കേസുണ്ട്. സര്‍ക്കാരിന്റെ റവന്യൂ ഭൂമിയില്‍ ഇയാളുടെ തൊഴിലാളികളായ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട നാല് പേര്‍ക്ക് ആദ്യം 14.69 ഏക്കര്‍ ഭൂമിക്ക് വ്യാജപട്ടയം നല്‍കി. പിന്നീട് ഈ പട്ടയങ്ങള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ സിബി ജോസഫ് എന്ന വ്യക്തിക്ക് മറിച്ച് വിറ്റു. ഇവിടെയാണ് വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ഭുമി ഏതാണ്ട് നാല്‍പതോളം പേര്‍ക്ക് പിന്നെയും മറിച്ചു വിറ്റിട്ടുണ്ട്.

എന്നാല്‍, ഈ പട്ടയത്തിനുള്ള സര്‍വേ ആന്റ് ഡീമാര്‍ക്കേഷന്‍ ചാര്‍ജ് അടച്ചതായി രാജാക്കാട് വില്ലേജിലെ ലാൻഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പട്ടയങ്ങളുടെ അപേക്ഷയിലും പട്ടയമഹസ്സറിലും പട്ടയം ലഭിച്ചയാളുകളുടെ ഒപ്പുകളില്‍ വ്യത്യാസമുണ്ട്. കൃത്യമായ കള്ളക്കളി നടന്നു എന്നു വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഇത്. എന്നാല്‍ ഭൂമി വാങ്ങിയ സ്വകാര്യ വ്യക്തി സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ സഹായത്തോടെ റവന്യൂ മന്ത്രിയുടെ ഓഫീസില്‍ നിന്നു റീവസര്‍വേക്ക് പ്രത്യേക ഉത്തരവു വാങ്ങിയെടുക്കുകയും റെഡ് സോണായ ഇവിടെ ഹിറ്റാച്ചിയും ജെ.സി.ബിയും അടക്കമുള്ള വന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി വാങ്ങിയെടുക്കുകയും ചെയ്തു. മന്ത്രിയുടെയും പാര്‍ട്ടിയുടെയും ഇടപടീല്‍ വ്യക്തമാക്കുന്ന സംഭവങ്ങളാണിത്. റോഡുകള്‍ ചെക്ക് ഡാമുകള്‍ എന്നിവ അടക്കം നിര്‍മിക്കുകയും പാറപൊട്ടിക്കുകയും മരങ്ങള്‍ മുറിച്ചു കടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനു തൊട്ടടുത്തുള്ള 12 ഏക്കര്‍ കൃത്യമായ രേഖകളില്ലാത്ത ഭൂമി സി.പി.ഐയുടെ പ്രാദേശിക നേതാവ് ഇതേയാളിന് വിറ്റിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

മുതുവാൻ ആദിവാസി വിഭാഗത്തിൽ പെട്ട ജനങ്ങൾ വളരെ പവിത്രവും പാവനവുമായി കാണുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഭൂമിയാണ് ചൊക്ര മുടി മലയും അതിനോട് ചേർന്നുള്ള പ്രദേശങ്ങളും. മുതുവാൻ ആദിവാസി സമുദായത്തിന് ആരാധനാ പരമായ അവകാശങ്ങൾ, വന വിഭവ ശേഖരണത്തിനുള്ള സാമൂഹിക അവകാശങ്ങൾ, ചൊക്രു മുടി ആദിവാസി കുടി അതുപോലെ അതിനോട് ചേർന്നും അതിനു താഴോട്ടുമായി അധിവസിക്കുന്ന ആദിവാസി ഇതര ജന വിഭാഗങ്ങൾ എല്ലാവരും കുടി വെള്ള ആവശ്യത്തിനായി ആശ്രയിക്കുന്ന ശുദ്ധജല സ്രോതസ്സുകൾ ഉത്ഭവിക്കുന്ന സ്ഥലം, ആദിവാസികൾ കന്നുകാലി മേച്ചിലിന് സാമൂഹികമായി ഉപയോഗിക്കുന്ന പുൽമേടുകൾ, ആനത്താരകൾ, നീലക്കുറിഞ്ഞി, വരയാടുകൾ തുടങ്ങിയവ അടക്കം ഉള്ള ഭൂമിയാണ് ഇപ്പോൾ കൈയ്യേറ്റത്തിന് വിധേയമായിരിക്കുന്നത്. അതീവ സംരക്ഷണ വിഭാഗത്തില്‍പ്പെട്ട വരയാടുകളും, നീലക്കുറിഞ്ഞി ചെടികളും, ഉള്‍പ്പെടെ ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകള്‍ മുഴുവന്‍ റവന്യൂ സംരക്ഷിത ഭൂപ്രദേശമാണ്. മുതിരപ്പുഴയാറിന്റെ ഉത്ഭവകേന്ദ്രം കൂടിയാണിത്.

പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ട ഏതാണ്ട് ഇരുന്നൂറോളം കുടുംബങ്ങള്‍ ആണ് ഈ താഴ് വരയില്‍ താമസിക്കുന്നത്. അതീവ പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഉരുള്‍ പൊട്ടല്‍ അടക്കമുള്ള സാധ്യതകള്‍ സജീവമാക്കുന്നുണ്ട്. സാധാരണക്കാരുടെ ജീവന് ഭീഷണിയാകുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അതീവ പരിസ്ഥിതി ലോലമേഖലകളില്‍ അനുവദിക്കരുത്. സ്ഥലം കൈയേറിയ സിബി ജോസഫ് എന്ന സ്വകാര്യ വ്യക്തിക്ക് പട്ടയം ഉള്‍പ്പെടെയുള്ള വ്യാജരേഖകള്‍ നിര്‍മിക്കാന്‍ റവന്യൂവകുപ്പ് മന്ത്രിയും സി.പി.ഐ ജില്ലാ നേതൃത്വവും സഹായിച്ചെന്ന മുന്‍പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി.പി.ഐ നേതാവിന്റെ വെളിപ്പെടുത്തലും വളരെ ഗൗരവമായി അന്വേഷിക്കേണ്ടതുണ്ട്. ഈ പ്രദേശങ്ങള്‍ മുറിച്ച് വില്‍ക്കരുതെന്ന് റവന്യൂ വകുപ്പിന്റെ ഉത്തരവ് നിലനില്‍ക്കേയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടന്നിട്ടുള്ളത്.

കൈയേറ്റക്കാരെ സര്‍വ്വാത്മനാ സഹായിക്കുന്ന സമീപനമാണ് ഇടുക്കി ജില്ലയിലെ ഇടതുനേതാക്കള്‍ സ്വീകരിക്കുന്നത്. റീസര്‍വേ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക ഓര്‍ഡര്‍ തരപ്പെടുത്തി നല്‍കുന്നതിന് പ്രത്യേക റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂപ്രദേശം. ഉരുള്‍പ്പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ള സ്ഥലമാണിത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ഭയത്തോടെയാണ് പ്രദേശവാസികള്‍ കഴിയുന്നത്. ഈ സാഹചര്യത്തില്‍ ഒറ്റമരം മുതല്‍ ഗ്യാപ് റോഡ് വരെയുള്ള മുഴുവന്‍ കൈയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ഇവിടെ അനധികൃതമായി വിതരണം ചെയ്തിട്ടുള്ള മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കി റവന്യൂ ഭൂമി തിരിച്ച് പിടിക്കണമെന്നും കൈയ്യേറ്റക്കാര്‍ക്കെതിരെയും അവര്‍ക്ക് സഹായം നല്‍കിയ ഉദ്യോഗസ്ഥ, രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും എതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramesh Chennithalaland encroachmentland mafia
News Summary - Bison Valley Chokramudi hill encroachment by land mafia should be vacated immediately - Ramesh Chennithala
Next Story