കുഴൽപണ കേസ് പ്രതികൾക്ക് ഇടതുബന്ധമെന്ന് ബി.ജെ.പി; ധർമരാജനെ മകൻ വിളിച്ചോ എന്നത് അന്വേഷണസംഘം കണ്ടെത്തട്ടെയെന്ന് സുരേന്ദ്രൻ
text_fieldsകൊച്ചി: കൊടകര കുഴൽപണ കേസ് പ്രതികൾക്ക് സി.പി.എം, സി.പി.ഐ ബന്ധമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. കേസിൽ പിടിക്കപ്പെട്ട ഒരാൾ ഒഴികെ ബാക്കിയുള്ളവരെല്ലാം സി.പി.എം, സി.പി.ഐ ബന്ധമുള്ളവരാണ്. കവർച്ചക്കുശേഷം പ്രതികൾ സഹായം തേടിയത് എസ്.എൻ പുരത്തെ സി.പി.എം പ്രവർത്തകൻ റജിലിനോടാണെന്നും കുമ്മനം രാജശേഖരൻ ആരോപിച്ചു.
പ്രതി മാർട്ടിന് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ. സുനിൽ കുമാറുമായി എന്താണ് ബന്ധമെന്ന് വ്യക്തമാക്കണം. എ.ഐ.വൈ.എഫ് വെളയനാട് യൂനിറ്റ് സെക്രട്ടറിയാണ് മാർട്ടിൻ. മറ്റൊരു പ്രതി ലിബിൻ വെള്ളക്കാട് എ.ഐ.വൈ.എഫ് നേതാവാണ്. ബി.ജെ.പി സംസ്ഥാന അധ്യക്ഷെൻറ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിലൂടെ സർക്കാർ പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്നും കുമ്മനം കൂട്ടിച്ചേർത്തു.
എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ നടത്താനിരുന്ന ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി യോഗം പൊലീസ് ഇടപെട്ട് തടഞ്ഞതോടെ ജില്ല കമ്മിറ്റി ഓഫിസിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് നേതാക്കൾ പ്രതികരിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് യോഗങ്ങൾ നടത്തരുതെന്ന് കാണിച്ച് സെൻട്രൽ പൊലീസ് യോഗം ആരംഭിക്കുന്നതിനുമുമ്പ് ഹോട്ടൽ മാനേജർക്ക് നോട്ടീസ് നൽകുകയായിരുന്നു.
കേസിൽ പരാതിക്കാരനായ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പുസാമഗ്രികൾ വിതരണം ചെയ്യുന്ന ധർമരാജനെ പൊലീസ് കുടുക്കാൻ ശ്രമിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. പരാതിക്കാരെൻറ ഫോൺ വിവരങ്ങൾ പരിശോധിക്കുന്നത് വിചിത്രമാണ്. ബി.ജെ.പി അനുഭാവിയായതുകൊണ്ട് അദ്ദേഹത്തിെൻറ കാൾ ലിസ്റ്റിൽ പല ബി.ജെ.പി ഭാരവാഹികളും കാണുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം, ധർമരാജനെ മകൻ വിളിച്ചോ ഇല്ലയോ എന്നൊക്കെ അന്വേഷണസംഘം കണ്ടുപിടിക്കട്ടെയെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.