ബി.ജെ.പി പ്രവർത്തകന്റെ കൊലപാതകം; എട്ട് സി.പി.എം പ്രവർത്തകരെ കുറ്റമുക്തരാക്കി
text_fieldsതലശ്ശേരി: ബി.ജെ.പി പ്രവർത്തകൻ മാലൂർ തോലമ്പ്രയിലെ കണ്ട്യൻ ഷിജുവിനെ (26) വെട്ടി ക്കൊലപ്പെടുത്തിയ കേസിൽ എട്ട് സി.പി.എം പ്രവർത്തകരെ തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി എ.വി. മൃദുല വെറുതെവിട്ടു.തോലമ്പ്രയിലെ അനിലാലയത്തിൽ നെല്ലേരി അനീഷ് (49), കെ. പങ്കജാക്ഷൻ (41), ആലക്കാടൻ ബിജു (40), ചെമ്മരത്തിൽ മണി വിജേഷ് (34), പൊങ്ങോളി ധനേഷ് (33), നെല്ലിക്ക മുകേഷ് (35), സജി നിലയത്തിൽ കാരായി ബാബു (46), തോലമ്പ്രയിലെ പനിച്ചി സുധാകരൻ (52) എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്.
ഒമ്പത് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടാം പ്രതി അശോകൻ വിചാരണ വേളയിൽ മരിച്ചു. 2009 മാർച്ച് നാലിന് രാവിലെ ഏഴരക്കാണ് കേസിനാസ്പദമായ സംഭവം. തോലമ്പ്രയിലെ ചെമ്മരത്തിൽ പവിത്രന്റെ അനാദിക്കടയിലിരുന്ന് പത്രം വായിക്കുകയായിരുന്ന ഷിജുവിനെ ജീപ്പിലെത്തിയ പ്രതികൾ ആക്രമിക്കുകയും ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ പിന്തുടർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നുമാണ് കേസ്. ചാത്തോത്ത് പവിത്രന്റെ പരാതി പ്രകാരമാണ് പൊലീസ് പ്രഥമവിവരം രേഖപ്പെടുത്തിയത്.
കാര്യത്ത് രാജൻ, കുന്നുമ്പ്രോൻ ദാമു, വട്ടപ്പാറ ലസന, പൊന്നൻ സജീവൻ, അണ്ണേരി സതീഷ്, പി. രാഹുൽ, പഞ്ചായത്ത് സെക്രട്ടറിയായിരുന്ന പി. കുമാരൻ, വില്ലേജ് ഓഫിസർ കെ. മഹേഷ് കുമാർ, ഡോ.പി.പി. പ്രേംനാഥ്, ഡോ. ബാലാജി സക്കറിയ, ഫോറൻസിക് സർജൻ ഡോ.എസ്. കൃഷ്ണകുമാർ, പൊലീസ് ഓഫിസർമാരായ ചന്ദ്രൻ, പി. തമ്പാൻ, സി. രാജു, ഇബ്രാഹിം കുട്ടി, ടി.പി. ജേക്കബ്, പി. ശശികുമാർ തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ.
കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനായില്ലെന്നും സാക്ഷിമൊഴികൾ വിശ്വസനീയമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്കുവേണ്ടി സീനിയർ അഭിഭാഷകരായ അഡ്വ.കെ. രാമൻപിള്ള, അഡ്വ. എൻ.ആർ. ഷാനവാസ് എന്നിവരാണ് ഹാജരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.