കണ്ണൂർ സെൻട്രൽ ജയിലിൽ ബി.ജെ.പി പ്രവർത്തകരായ തടവുകാരും കാപ്പ തടവുകാരും ഏറ്റുമുട്ടി
text_fieldsകണ്ണൂർ: സെൻട്രൽ ജയിലിൽ ഏറെ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ തടവുകാർ തമ്മിൽ ഏറ്റുമുട്ടി. കാപ്പ തടവുകാരും വിവിധ കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന ബി.ജെ.പി പ്രവർത്തകരുമാണ് വ്യാഴാഴ്ച ഏറ്റുമുട്ടിയത്. കാപ്പ തടവുകാരും തൃശൂർ സ്വദേശികളുമായ ഷഫീഖ്, സിജോ, ബി.ജെ.പി പ്രവർത്തകൻ പ്രമോദ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ കണ്ണൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാവിലെ എട്ടിനായിരുന്നു സംഭവം. പത്താം ബ്ലോക്കിലെത്തിയ ബി.ജെ.പി പ്രവർത്തകനായ തടവുകാരനെ മുടിവെട്ടുന്നതിനിടെ കാപ്പ തടവുകാർ ആക്രമിച്ചെന്നാരോപിച്ചാണ് സംഘർഷം തുടങ്ങിയത്. പിറകെ, ബി.ജെ.പി പ്രവർത്തകർ സംഘടിച്ച് കാപ്പ തടവുകാരെ നേരിടുകയായിരുന്നു. ഇതോടെ ജയിലിനുള്ളിൽ സംഘർഷ സമാനമായ സ്ഥിതിയായി. അധികൃതർ തടവുകാരെ മുഴുവൻ സെല്ലിലേക്ക് മാറ്റി സ്ഥിതി ശാന്തമാക്കി. ജയിലിലേക്ക് കഞ്ചാവ് കടത്തും മൊബൈൽ ഫോണുകളും കണ്ടെത്തിയ സാഹചര്യത്തിൽ സുരക്ഷയും പരിശോധനയും ശക്തമാക്കിയിരുന്നു. അതിനിടയിലാണ് ഏറെ സുരക്ഷയുള്ള പത്താം ബ്ലോക്കിൽ തടവുകാർ ഏറ്റുമുട്ടിയത്. സെപ്റ്റംബർ ആദ്യവാരം കാപ്പ തടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഉച്ചഭക്ഷണത്തിന് പുറത്തിറങ്ങിയപ്പോൾ വാക്കേറ്റത്തെ തുടർന്ന് സംഘർഷമുണ്ടാവുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രണ്ടു തടവുകാരെ മറ്റു ജയിലുകളിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.