ക്ലിഫ് ഹൗസ് കോമ്പൗണ്ടിൽ ബി.ജെ.പി പ്രവർത്തകരുടെ കല്ലിടൽ: സുരക്ഷാവീഴ്ചയിൽ ഞെട്ടി പൊലീസ്
text_fieldsതിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയോടുള്ള പ്രതിഷേധ സൂചകമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് വളപ്പിൽ അടയാളക്കല്ലിട്ടെന്ന് ബി.ജെ.പി-യുവമോർച്ച പ്രവർത്തകർ. എന്നാൽ, കൃഷിമന്ത്രിയുടെ വീട്ടുവളപ്പിലാണ് കല്ലിട്ടതെന്ന വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.
അതീവ സുരക്ഷാ മേഖലയായ ക്ലിഫ് ഹൗസ് പരിസരത്തുണ്ടായ സുരക്ഷാവീഴ്ച പൊലീസിനെ ഞെട്ടിച്ചു. ഇതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽനിന്ന് മടങ്ങിയെത്തിയശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി വിശദീകരണം തേടാൻ സാധ്യതയുണ്ട്.
വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ആറ് യുവമോർച്ച പ്രവർത്തകർ മതിൽ ചാടി ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെത്തിയത്. ചിറയിൻകീഴ് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽനിന്ന് കഴിഞ്ഞദിവസം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെയും ജില്ല പ്രസിഡന്റ് വി.വി. രാജേഷിന്റെയും നേതൃത്വത്തിൽ പിഴുത അടയാളക്കല്ലുകളിലൊന്നാണ് ക്ലിഫ് ഹൗസ് വളപ്പിൽ സ്ഥാപിച്ചത്.
പ്രവർത്തകർ വസതിയുടെ പിറകിലൂടെ വളപ്പിൽ കടന്ന് കല്ലുകൾ നാട്ടിയശേഷം മുൻവശത്ത് എത്തിയപ്പോഴാണ് പൊലീസ് ഇക്കാര്യം അറിഞ്ഞത്. എന്നാൽ, ഔദ്യോഗിക കേന്ദ്രങ്ങളോ പൊലീസോ ഇത് സ്ഥിരീകരിക്കാൻ തയാറായില്ല. സംഭവവുമായി ബന്ധപ്പെട്ട് യുവമോർച്ച പ്രവർത്തകരായ നന്ദു, വിൻജിത്ത്, ഗോകുൽ, വിഷ്ണു, വിപിൻ, പ്രദീഷ് എന്നിവരെ മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.