കൊടിസുനി വയനാട്ടിൽ; ഇരട്ടക്കൊലക്കേസിൽ വിചാരണ ഉടൻ, സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയെന്ന് ബി.ജെ.പി
text_fieldsകോഴിക്കോട്: ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരായ ന്യൂമാഹി മാടോംപുറംകണ്ടി വീട്ടിൽ വിജിത്ത്, കുരുന്തോറത്ത് വീട്ടിൽ സിനോജ് എന്നിവർ കൊല്ലപ്പെട്ട ന്യൂമാഹി ഇരട്ടക്കൊല കേസിൽ വിചാരണ ഉടൻ തുടങ്ങും. ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയാണ് ഈ കേസിലെ രണ്ടാംപ്രതി. നിലവിൽ ഒരുമാസത്തെ പരോൾ ലഭിച്ച് പുറത്തിറങ്ങിയ കൊടിസുനി ഈ കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് ബി.ജെ.പി ആരോപിച്ചു. ഈ മാസം 22നാണ് തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങുന്നത്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ പ്രവേശിക്കരുതെന്ന് ഉൾപ്പെടെയുള്ള കർശന ഉപാധികളോടെയാണ് സുനിക്ക് പരോൾ അനുവദിച്ചത്. നിലവിൽ വയനാട്ടിലെ ബന്ധുവീട്ടിലാണ് കൊടി സുനിയുള്ളത്.
2010 മേയ് 28-ന് രാവിലെ ന്യൂമാഹി കല്ലായി ചുങ്കത്താണ് ഇരുവരെയും ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത്. ടി.പി. ചന്ദ്രശേഖരൻ കൊലക്കേസ് പ്രതി കൊടി സുനി ഉൾപ്പെടെ സി.പി.എം പ്രവർത്തകരായ 16 പേരാണ് കേസിലെ പ്രതികൾ. 12-ാം പ്രതി മുഹമ്മദ് റയീസ് സംഭവശേഷം മരണപ്പെട്ടിരുന്നു. ചൊക്ലി നിടുമ്പ്രം മീത്തലെചാലിൽ എൻ.കെ.സുനിൽകുമാർ എന്ന കൊടി സുനി(40), പള്ളൂർ കോയ്യോട്ട് തെരു സുഷി നിവാസിൽ ടി.സുജിത്ത് എന്ന ബാലൻ (36), നാലുതറ മണ്ടുപറമ്പത്ത് കോളനി ടി.കെ.സുമേഷ് എന്ന കൊച്ചക്കാലൻ സുമേഷ് (43), ചൊക്ലി പറമ്പത്ത് ഹൗസിൽ കെ.കെ.മുഹമ്മദ് ഷാഫി (39), പള്ളൂർ ഷമിൽ നിവാസിൽ ടി.പി.ഷമിൽ (37), ചൊക്ലി കവിയൂർ റോഡിലെ എ.കെ.ഷമ്മാസ് (35), ഈസ്റ്റ് പള്ളൂർ കുനിയിൽ ഹൗസിൽ കെ.കെ.അബ്ബാസ് (35), ചെമ്പ്രയിലെ പാറയുള്ള പറമ്പത്ത് രാഹുൽ (33), പള്ളൂർ കുന്നുമ്മൽ ഹൗസിൽ വിനീഷ് (44), കോടിയേരി പാറാലിലെ സി.കെ.രജികാന്ത് എന്ന കൂരപ്പൻ (42), പള്ളൂരിലെ പി.വി.വിജിത്ത് (40), പള്ളൂർ കോഹിനൂർ കെ.ഷിനോജ് (36), ന്യൂമാഹി അഴീക്കൽ ഫൈസൽ (42), ഒളവിലം തണൽ ഹൗസിൽ കാട്ടിൽ പുതിയവീട്ടിൽ സരീഷ് (40), ചൊക്ലി തവക്കൽ മൻസിൽ ടി.പി.സജീർ (38) എന്നിവരാണ് പ്രതികൾ.
അതിനിടെ, മകന് അനുവദിച്ച പരോൾ വിവാദമാക്കേണ്ടതില്ലെന്ന് കൊടി സുനിയുടെ മാതാവ് ചൊക്ലി നിടുമ്പ്രത്തെ ഷാരോൺ വില്ലയിൽ എം.പി. പുഷ്പയും സഹോദരി സുജിനയും പറഞ്ഞു. ‘പരോള്‍ ലഭിച്ചത് നിയമപരമായാണ്. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പല പ്രതികള്‍ക്കും പരോള്‍ ലഭിച്ചിട്ടുണ്ട്. സുനിയും പരോളിന് അര്‍ഹനാണെന്ന് കുടുംബം തലശ്ശേരിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കൊടി സുനി എന്ന സുനിൽകുമാറിന് കഴിഞ്ഞ ആറു വർഷമായി പരോൾ അനുവദിച്ചിരുന്നില്ല. നിരവധി തവണ ജയിൽ വകുപ്പിനും സർക്കാറിനും അപേക്ഷ സമർപ്പിച്ചിരുന്നു. അപ്പോഴൊന്നും പരോൾ അനുവദിച്ചിരുന്നില്ല. ഒടുവിൽ തന്റെ ആരോഗ്യസ്ഥിതി കൂടി ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമീഷന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുനിക്ക് ഇപ്പോൾ പരോൾ ലഭിച്ചത്. കേസിലെ മറ്റു പ്രതികൾക്കും നിരവധിതവണ പരോൾ അനുവദിച്ചിരുന്നു. അന്നില്ലാത്ത വിവാദം ഇന്ന് ഉണ്ടാകേണ്ടതില്ല’ -അമ്മ പറഞ്ഞു.
‘‘ശ്വാസംമുട്ടലും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളുമുള്ളയാളാണ് അമ്മ. മകന്റെ സാമീപ്യം ഏതൊരമ്മയും ആഗ്രഹിക്കും. പരോൾ അനുവദിച്ചതിൽ അത്രയേ കാണേണ്ടതുള്ളു. വിവാദമാക്കാനൊന്നുമില്ല’’-സഹോദരി സുജിന പറഞ്ഞു. സുനി പരോളിന് അർഹനാണെന്നും കുടുംബം പറഞ്ഞു.
കൊടി സുനിക്ക് ഒരു മാസത്തെ പരോള്‍ നല്‍കിയതിലൂടെ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻപറഞ്ഞു. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളെ സഹായിക്കാന്‍ പരസ്യ നിലപാട് സ്വീകരിച്ചതുപോലെ പൊലീസ് റിപ്പോര്‍ട്ട് ലംഘിച്ചാണ് സുനിക്ക് പരോള്‍ നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചത്. പരോള്‍ സംബന്ധിച്ച അപേക്ഷ സര്‍ക്കാറിന് നല്‍കുക മാത്രമാണ് മനുഷ്യാവകാശ കമീഷന് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്താണ് മഹാപരാധമുള്ളതെന്ന് സി.പി.എം നേതാവ് പി. ജയരാജൻ ചോദിച്ചു. അർഹതയുണ്ടായിട്ടും സുനിക്ക് ആറുവർഷമായി പരോൾ അനുവദിച്ചില്ലെന്നും തടവറകൾ തിരുത്തൽ കേന്ദ്രങ്ങൾ കൂടിയാണെന്നും ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
കൊടി സുനിക്ക് പരോൾ നൽകിയത് അംഗീകരിക്കാനാവില്ലെന്നും പ്രതിക്ക് ജാമ്യം ലഭിക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്നും കെ.കെ. രമ എം.എൽ.എ ആരോപിച്ചു. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും. പരോളിന് കത്ത് നൽകാൻ മനുഷ്യാവകാശ കമീഷന് എന്തവകാശമാണുള്ളതെന്നും അവർ ചോദിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ടാണ് പരോൾ ലഭ്യമാക്കിയത്. ജയിലിനകത്തും പുറത്തും ക്രിമിനൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രതിക്ക് പരോൾ ലഭ്യമാക്കാൻ ഭരണസംവിധാനങ്ങൾ ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. പൊലീസ് റിപ്പോർട്ടുകളും ജയിൽ പ്രബേഷനറി ഓഫിസറുടെ റിപ്പോർട്ടും മറികടന്ന് പ്രതിയെ പുറത്തുകൊണ്ടുവരുകയാണ് ഉണ്ടായതെന്നും നിയമപോരാട്ടം തുടരുമെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.