കേരളത്തിലെ ബി.ജെ.പിക്കാർ വെറും ഉണ്ണാക്കന്മാർ, പിണറായി വിജയനും ബി.ജെ.പി കേന്ദ്ര നേതൃത്വവും തമ്മിൽ അന്തർധാരയുണ്ട് -സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര സർക്കാറിനുമെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച പതിവുകൾ തെറ്റിയുള്ളതാണെന്നും ദുരൂഹതയുണ്ടെന്നുമാണ് സന്ദീപ് വാര്യർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം നടക്കുമ്പോൾ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിർമല സീതാരാമൻ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോൺഗ്രസ് നേതാവല്ലെന്നും മറിച്ച് ബി.ജെ.പി നേതാവും മുൻ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ടു തന്നെ ആരോപണം കൂടുതൽ ഗൗരവതരമാണെന്നാണ് സന്ദീപ് പറയുന്നത്.
ആർ.എസ്.എസ് പ്രതിനിധി കൂടിയായ ഗവർണറും ഈ അസാധാരണ കൂടികാഴ്ചയിൽ പങ്കെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ അങ്ങോട്ട് പോയി മുഖ്യമന്ത്രിയെ കാണുന്ന പതിവില്ലെന്നും അതാണ് നിർമല സീതാരാമൻ തെറ്റിച്ചത്. കേരളത്തിലെ ബി.ജെ.പി പ്രവർത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബി.ജെ.പി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മിൽ അന്തർധാരയുണ്ടെന്നും സന്ദീപ് വാര്യർ ആരോപിച്ചു.
സന്ദീപ് വാര്യറുടെ ഫേസ്ബുക്ക് പോസ്റ്റ്
"മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾക്ക് നേരെ അന്വേഷണം നടക്കുമ്പോൾ കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിന്റെ ചുമതലയുള്ള നിർമല സീതാരാമൻ കേരള ഹൗസിലേക്ക് പോയി മുഖ്യമന്ത്രിയെ കണ്ടത് ദുരൂഹമാണെന്ന് ആരോപിച്ചത് ഏതെങ്കിലും കോൺഗ്രസ് നേതാവല്ല , മറിച്ച് ബി.ജെ.പി നേതാവും മുൻ വിജിലൻസ് ഡയറക്ടറുമായ ജേക്കബ് തോമസാണ്. അതുകൊണ്ടു തന്നെ ആരോപണം കൂടുതൽ ഗൗരവതരമാണ്.
ആർ.എസ്.എസ് പ്രതിനിധി കൂടിയായ ഗവർണറും ഈ അസാധാരണ കൂടികാഴ്ചയിൽ പങ്കെടുത്തിട്ടുണ്ട്. കേന്ദ്രമന്ത്രിമാർ അങ്ങോട്ട് പോയി മുഖ്യമന്ത്രിയെ കാണുന്ന പതിവില്ല . അതും നിർമല സീതാരാമൻ തെറ്റിച്ചിരിക്കുന്നു.
കേരളത്തിലെ ബി.ജെ.പി പ്രവർത്തകരെ വെറും ഉണ്ണാക്കന്മാരാക്കി കുറേക്കാലമായി ബി.ജെ.പി കേന്ദ്ര നേതൃത്വവും പിണറായി വിജയനും തമ്മിൽ അന്തർധാരയുണ്ട്. സ്വർണക്കടത്ത് കേസ് മുതൽ എസ്.എൻ.സി ലാവലിനും കരുവന്നൂർ കേസും ലൈഫ് മിഷനും മാസപ്പടിക്കേസും എല്ലാം ബി.ജെ.പി നേതൃത്വം സി.പി.എമ്മിന് വേണ്ടി അട്ടിമറിച്ചു. പകരം ബി.ജെ.പിക്ക് കേരളത്തിൽ എൻട്രി ഉണ്ടാക്കാൻ പിണറായി വിജയനും സഹായിക്കുന്നു.
ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ അറിയിക്കുക പോലും ചെയ്യാതെയാണ് ആർ.എസ്.എസിന്റെ ഓമന പുത്രൻ നിതിൻ ഗഡ്കരി ക്ലിഫ് ഹൗസിൽ വന്ന് കുടുംബസമേതം താമസിച്ച് പിണറായി വിജയന്റെ ശാപ്പാടും അടിച്ചു പോയത്.
ബി.ജെ.പി സംസ്ഥാന നേതൃത്വം എതിർക്കുകയും സമരം ചെയ്യുകയും ചെയ്ത സിൽവർ ലൈൻ പദ്ധതിക്ക് വരെ കേന്ദ്രസർക്കാർ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. കെ.ടി ജയകൃഷ്ണനെയും പന്ന്യന്നൂർ ചന്ദ്രനെയും വാടിക്കൽ രാമകൃഷ്ണനെയും രമിത്തിനെയും പോലുള്ള നൂറിലധികം ബലിദാനികളുടെ ചോരയിൽ ചവിട്ടി നിന്നാണ് ബി.ജെ.പി സി.പി.എം ബാന്ധവം കേരളത്തിൽ രൂപം കൊണ്ടിരിക്കുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുരേന്ദ്രന് ജേക്കബ് തോമസിന്റെ ആരോപണത്തോട് എന്താണ് മറുപടി പറയാനുള്ളത്?".

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.