കുഴൽപണ കവർച്ച: അന്വേഷണക്കുരുക്കിൽ ആർ.എസ്.എസും
text_fieldsതൃശൂർ: കൊടകര കുഴൽപണ കവർച്ച കേസിൽ അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. പണം വന്നത് കർണാടകയിലെ ബി.ജെ.പി ബന്ധമുള്ള കേന്ദ്രത്തിൽനിന്നാണെന്ന് സ്ഥിരീകരിച്ചു. പണം കേരളത്തിലെ ആർക്കുള്ളതാണെന്നത് സംബന്ധിച്ച അന്വേഷണം നടക്കുകയാണ്. കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നെന്നും ആലപ്പുഴ സ്വദേശി കർത്തക്ക് കൈമാറാനായിരുന്നു നിർദേശമെന്നും ഇടനിലക്കാരായ ആർ.എസ്.എസ് പ്രവർത്തകൻ ധർമരാജൻ, യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക് എന്നിവർ പൊലീസിന് മൊഴി നൽകി. കർത്ത ആർക്കാണ് ഈ പണം കൈമാറുന്നതെന്ന് അറിയില്ലെന്നും ഇവർ മൊഴിയിൽ പറയുന്നു. കർത്ത ആരെന്ന് അന്വേഷണസംഘം തിരിച്ചറിഞ്ഞതായാണ് വിവരം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇയാൾക്ക് പൊലീസ് ഉടൻ നോട്ടീസ് നൽകും. മൂന്നരക്കോടി രൂപ കുഴൽപണം വന്നത് കർണാടകയിൽ നിന്നാണെന്നും ബി.ജെ.പിയുമായി ബന്ധമുള്ള കേന്ദ്രങ്ങളിൽനിന്ന് തന്നെയാണ് വന്നതെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അതേസമയം, ബി.ജെ.പി സംസ്ഥാന നേതാക്കൾ ചോദ്യം ചെയ്യലിന് ഹാജരായില്ല. സംഘടന ജനറൽ സെക്രട്ടറി ഗണേശൻ, സംസ്ഥാന ഓഫിസ് സെക്രട്ടറി ഗിരീഷ് എന്നിവരാണ് അസൗകര്യങ്ങൾ മൂലം ഹാജരാകാനാവില്ലെന്ന് അറിയിച്ചത്. ഇരുവരും ഒന്നിച്ച് ഹാജരാകാതിരുന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്. ബി.ജെ.പി സംഘടന ജനറൽ സെക്രട്ടറിയായ ഗണേശൻ ആർ.എസ്.എസ് പ്രചാരക് പദവിയിലുള്ളയാളാണ്. കള്ളപ്പണ ഇടപാടിൽ നേതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് ആർ.എസ്.എസിനെയും കുരുക്കിലാക്കുന്നതാണ്.
ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി കാറിലുണ്ടായിരുന്ന മൂന്നരക്കോടി കവർന്നത്. പണം വന്ന വിവരവും കവർച്ച കേസിലെ പ്രതികളെയും അറിയില്ലെന്നാണ് ബി.ജെ.പി ജില്ല നേതാക്കൾ മൊഴി നൽകിയത്. എന്നാൽ, ഇത് വിശ്വാസയോഗ്യമല്ലാത്തതിനാൽ കൂടുതല് നേതാക്കളെ ചോദ്യംചെയ്യാൻ വിളിപ്പിക്കുമെന്നാണ് സൂചന. തൃശൂർ ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, ബി.ജെ.പി മേഖല സെക്രട്ടറി കാശിനാഥൻ എന്നിവർക്ക് പിന്നാലെയാണ് സംസ്ഥാന നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്.
ഇതിനിടെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചവർക്കൊപ്പം ജില്ല പ്രസിഡൻറ് കെ.കെ. അനീഷ്കുമാറും പൊലീസ് ക്ലബിലെത്തിയത് നേതാക്കൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ആരോപണ വിധേയർക്കൊപ്പം പോയത് പാർട്ടിെയ പ്രതിസന്ധിയിലാക്കുന്നതാണെന്നാണ് ആക്ഷേപം. അനീഷ്കുമാറിനെയും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയതായാണ് സൂചന. സംഭവത്തിന് തലേന്ന് രാത്രിയിൽ ഇയാളും തൃശൂരിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. 25 ലക്ഷം നഷ്ടപ്പെട്ടെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. കൂടുതൽ പണം കണ്ടെത്തിയതോടെയാണ് രേഖകളില്ലാതെ കടത്തിയത്, രാഷ്ട്രീയബന്ധം എന്നീ തലത്തിലേക്ക് അന്വേഷണം നീണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.