മോദിയുടെ റോഡ് ഷോയിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥി ഡോ. അബ്ദുൽ സലാമിനെ ഒഴിവാക്കി
text_fieldsപാലക്കാട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് നടത്തിയ പ്രധാന പരിപാടിയായ റോഡ് ഷോയിൽ നിന്ന് മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥിയെ ഒഴിവാക്കി. മലപ്പുറത്തെ ബി.ജെ.പി സ്ഥാനാർഥി ഡോ. എം. അബ്ദുൽ സലാമിനെയാണ് ഒഴിവാക്കിയത്.
മോദിയുടെ റോഡ് ഷോയിൽ പാലക്കാട്, പൊന്നാനി, മലപ്പുറം ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ ഉണ്ടാകുമെന്നായിരുന്നു അറിയിപ്പ് വന്നത്. എന്നാൽ, പാലക്കാട് സ്ഥാനാർഥി സി. കൃഷ്ണകുമാറും പൊന്നാനി അഡ്വ. നിവേദിത സുബ്രഹ്മണ്യനും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സ്വീകരണം ഏറ്റുവാങ്ങി.
കനത്ത സുരക്ഷ വലയത്തിൽ പാലക്കാട് നഗരത്തിലെ അഞ്ച് വിളക്ക് ജങ്ഷൻ മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെയായിരുന്നു മോദിയുടെ റോഡ് ഷോ നടന്നത്. മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. അബ്ദുൽ സലാമിനെ കേരളത്തിലെ ഏക മുസ്ലിം സ്ഥാനാർഥിയായാണ് ബി.ജെ.പി അവതരിപ്പിച്ചത്.
അതേസമയം, വാഹനത്തിൽ സ്ഥലമില്ലാത്തത് കൊണ്ടാണ് മോദിക്കൊപ്പം വാഹനത്തിൽ കയറാതിരുന്നതെന്ന് ഡോ. അബ്ദുൽ സലാം പറഞ്ഞു. പരിപാടിയിൽ പങ്കെടുക്കാമെന്ന് നേരത്തെ പറഞ്ഞിരുന്നു. സമയമായപ്പോൾ വാഹനം നിറഞ്ഞുപോയി. പ്രധാനമന്ത്രിയെ നേരിൽകണ്ട് മലപ്പുറത്തേക്ക് ക്ഷണിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.