വേങ്ങര: ബി.ജെ.പി സ്ഥാനാർഥിയായത് ആശയക്കുഴപ്പത്തിനൊടുവിൽ
text_fieldsമലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെത്തിയത് അവസാന നിമിഷം. സ്ഥാനാർഥിയെ നിശ്ചയിക്കുന്നതിലും പ്രഖ്യാപിക്കുന്നതിലും പാർട്ടിയിൽ ഉടലെടുത്ത പ്രശ്നങ്ങളാണ് നീളാൻ കാരണമായത്. ന്യൂനപക്ഷ മോർച്ച ജില്ല ഭാരവാഹിയാകും സ്ഥാനാർഥിയെന്നാണ് ജില്ല നേതൃത്വം ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, സംസ്ഥാന നേതാക്കൾ മത്സരിക്കെട്ടയെന്ന തീരുമാനത്തിലേക്കത് വഴിമാറി.
ജനറൽ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ പേരുകൾ ഉയർന്നുവന്നു. ശോഭ സുരേന്ദ്രൻ മത്സരിക്കാൻ സന്നദ്ധതയറിയിച്ചെങ്കിലും ജില്ല നേതൃത്വം എതിർത്തു. ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർഥിയാക്കണമെന്നായിരുന്നു അവരുടെ നിലപാട്. വേങ്ങര മണ്ഡലത്തിൽനിന്നുള്ളവരും എൻ.ഡി.എ സഖ്യകക്ഷികളും ഇതിനൊപ്പം നിന്നു. ഒടുവിൽ സ്ഥാനാർഥി ലിസ്റ്റ് ഒരാഴ്ച മുമ്പ് സംസ്ഥാന കമ്മിറ്റിക്ക് കൈമാറുകയും അവർ കേന്ദ്ര നേതൃത്വത്തിന് അയക്കുകയും ചെയ്തു.
സ്ഥാനാർഥി ആകാത്തതിനാൽ വ്യാഴാഴ്ച നിശ്ചയിച്ച തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസ് ഉദ്ഘാടനം വെള്ളിയാഴ്ചയിലേക്ക് മാറ്റേണ്ടി വന്നു. ഇതിനിടെയാണ് പത്രികസമർപ്പണം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസം സ്ഥാനാർഥി പ്രഖ്യാപനം. കഴിഞ്ഞ തവണ ബി.ജെ.പിയുടെ പി.ടി. അലിഹാജിക്ക് 7055 വോട്ടാണ് ഇവിടെ ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.