കെ. സുരേന്ദ്രനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു; വിവാദങ്ങളിൽ വിശദീകരണം തേടും
text_fieldsതിരുവനന്തപുരം: വിവാദങ്ങൾ ഉയർന്നതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചു. സുരേന്ദ്രൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടന ജനറൽ സെക്രട്ടറി ബി.എൽ. ജോഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
കൊടകര കുഴല്‍പ്പണ കേസ്, സ്ഥാനാർഥിയാകാന്‍ സി.കെ. ജാനുവിന് പണം നല്‍കിയെന്ന ആരോപണം, മഞ്ചേശ്വരത്ത് ബി.എസ്.പി സ്ഥാനാർഥിക്ക് പിൻമാറാൻ കോഴ നൽകിയെന്ന ആരോപണം, നിയമസഭ തെരഞ്ഞെടുപ്പ് പരാജയം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ വിവാദങ്ങള്‍ കത്തി നിൽക്കുന്നതിനിടെയാണ് സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചിരിക്കുന്നത്.
വിവാദ വിഷയങ്ങളിൽ സുരേന്ദ്രനിൽ നിന്ന് വിശദീകരണം തേടും. കേരളത്തിലെ വിവാദങ്ങൾ ദേശീയതലത്തിൽ ചർച്ചയായ സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തിന്‍റെ ഇടപെടൽ.
സുരേന്ദ്രനെ പ്രസിഡന്‍റ് സ്ഥാനത്തു നിന്ന് മാറ്റണമെന്ന ആവശ്യവും കേന്ദ്രനേതൃത്വം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ സുരേന്ദ്രനെ കേന്ദ്ര നേതൃത്വം വിളിപ്പിച്ചതല്ലെന്ന് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചു. സി.പി.എമ്മും പിണറായി സര്‍ക്കാറും നടത്തുന്ന ബി.ജെ.പി വേട്ടയെ കുറിച്ച് അമിത് ഷായെ വിവരം ധരിപ്പിക്കാനായാണ് സുരേന്ദ്രന്‍ ഡല്‍ഹിയിലേക്ക് പോയതെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്ന് പിൻമാറാൻ കെ. സുരേന്ദ്രൻ ബി.എസ്.പി സ്ഥാനാർഥിയായ കെ. സുന്ദരക്ക് കൈക്കൂലി നൽകിയെന്ന കേസിന്‍റെ അന്വേഷണം കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.