ക്രൈസ്തവരെ കൂടെക്കൂട്ടാൻ തന്ത്രങ്ങളുമായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: ക്രൈസ്തവ വിഭാഗങ്ങളെ കൂടെക്കൂട്ടാൻ തന്ത്രങ്ങൾ ആസൂത്രണം ചെയ്ത് ബി.ജെ.പി. ഇരുമുന്നണികളോടും ഇടഞ്ഞുനിൽക്കുന്ന മധ്യകേരളത്തിലെ ക്രൈസ്തവ നേതാക്കളെ ചേർത്ത് പുതിയ രാഷ്ട്രീയ പാർട്ടി രൂപവത്കരണത്തിന് ഒരുക്കം തുടങ്ങി. തെക്കൻ കേരളത്തിലും സമാന നീക്കം ആരംഭിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിൽനിന്ന് കാര്യമായ പിന്തുണ ലഭിക്കില്ലെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രഭാരി പ്രകാശ് ജാവദേക്കറുടെ നേതൃത്വത്തിലെ നടപടി. പുതുതായി രൂപവത്കരിക്കുന്ന പാർട്ടിയെ പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് എൻ.ഡി.എയുടെ ഭാഗമാക്കാനാണ് ആലോചന.
പ്രാഥമിക ചർച്ചകളിൽ ചില ക്രൈസ്തവസഭ നേതാക്കളും പങ്കെടുത്തെന്നാണ് സൂചന. പാർട്ടി രൂപവത്കരണത്തിന്റെ കൂടി പശ്ചാത്തലത്തിൽ തലശ്ശേരി ബിഷപ്പിന്റെ ബി.ജെ.പി അനുകൂല പ്രസ്താവനക്ക് പ്രാധാന്യം കൈവരുകയാണ്. റബർ വില സംബന്ധിച്ചാണ് പ്രസ്താവനയെങ്കിലും ഒരുവിഭാഗം ക്രൈസ്തവർ ബി.ജെ.പിയോട് അയിത്തമില്ലെന്ന നിലപാടിലാണ്. ക്രൈസ്തവ വിഭാഗത്തെ ‘ചാക്കിടാനുള്ള’ ശ്രമത്തിന്റെ ഭാഗമായി ക്രിസ്മസിന് സമ്മാനപ്പൊതിയുമായി ബി.ജെ.പി പ്രവർത്തകർ ഭവന സന്ദർശനം ഉൾപ്പെടെ നടത്തിയിരുന്നു.
കാർഷിക വിഭവങ്ങളുടെ വിലയിടിവിൽ മലയോര ക്രൈസ്തവ മേഖല അതൃപ്തിയിലാണ്. ഒപ്പം ലവ് ജിഹാദ് ഉൾപ്പെടെ വിഷയമുയർത്തി ബി.ജെ.പി നടത്തുന്ന പ്രചാരണങ്ങളും ക്രൈസ്തവ സമൂഹത്തിൽ ചലനങ്ങളുണ്ടാക്കുന്നു. ഈ സാഹചര്യം പരമാവധി മുതലെടുത്ത് ക്രൈസ്തവ വോട്ടുകൾ അനുകൂലമാക്കാനാണ് ബി.ജെ.പി നീക്കം. നേരത്തേ ജനപ്രതിനിധികൾ ആയിരുന്നവരെ ഉൾപ്പെടുത്തി പുതിയ രാഷ്ട്രീയ പാർട്ടിയുണ്ടാക്കുകയാണ് ലക്ഷ്യം. കൂടുതൽ പാർട്ടികളെ ഉൾപ്പെടുത്തി എൻ.ഡി.എ മുന്നണി വിപുലീകരിക്കണമെന്ന നിർദേശം കേന്ദ്ര നേതൃത്വം നൽകിയിരുന്നെങ്കിലും ഫലപ്രാപ്തിയിലെത്തിക്കാൻ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിരുന്നില്ല. തെക്കൻ കേരളത്തിൽ ലത്തീൻ സമുദായത്തെ കൂടെക്കൂട്ടാനും അണിയറ നീക്കം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.