ബി.ജെ.പി കോർ കമ്മിറ്റി യോഗം; നാഗേഷ് പങ്കെടുത്തില്ല
text_fieldsതൃശൂർ: 2024ൽ തൃശൂർ സീറ്റിൽ ബി.ജെ.പി സ്ഥാനാർഥിയുടെ വിജയം ഉറപ്പെന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിന് മുന്നിൽ ജില്ല നേതാക്കളുടെ അവകാശവാദം. ശനിയാഴ്ച ചേർന്ന ജില്ല കോർകമ്മിറ്റി യോഗത്തിലാണ് ജില്ല നേതാക്കൾ അവകാശവാദമുന്നയിച്ചത്.
എന്നാൽ, അവകാശവാദമല്ല, അതിനുള്ള പണികൾ നടത്തുകയാണ് വേണ്ടതെന്ന് ജാവദേക്കർ നേതാക്കൾക്ക് മുന്നറിയിപ്പ് നൽകി. കേരള സന്ദർശനത്തിനെത്തിയ ജാവദേക്കർ രണ്ട് നാളാണ് തൃശൂരിലുണ്ടായത്. സംസ്ഥാനത്ത് വിജയസാധ്യതയുള്ള ആറ് ലോക്സഭ മണ്ഡലങ്ങളിലൊന്നായാണ് തൃശൂരിനെ പരിഗണിക്കുന്നത്.
2019ലെ തെരഞ്ഞെടുപ്പിൽ വിജയത്തിനോടടുത്ത വോട്ട് നേടിയതിന്റെ കണക്കുകൾ നിരത്തിയായിരുന്നു കോർകമ്മിറ്റി യോഗത്തിൽ നേതാക്കളുടെ വിജയാവകാശവാദം. മത-സാമുദായികാടിസ്ഥാനത്തിലും ജനസംഖ്യാടിസ്ഥാനത്തിലുമുള്ള റിപ്പോർട്ടുകൾ അവതരിപ്പിച്ചു.
ജില്ലയുടെ രാഷ്ട്രീയ സാഹചര്യവും യു.ഡി.എഫ്, എൽ.ഡി.എഫ് ശക്തിയും ചർച്ച ചെയ്തു. എം.പി സ്ഥാനത്തുനിന്ന് മാറിയെങ്കിലും സുരേഷ്ഗോപിയുടെ ജില്ല കേന്ദ്രീകരിച്ചുള്ള പ്രവർത്തനം പാർട്ടിക്ക് നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നും വിലയിരുത്തി.
അതേസമയം, അവകാശവാദങ്ങളല്ല, കണക്കുകൾക്കനുസരിച്ച് പ്രവർത്തനം നടത്തണമെന്നും ജനകീയബന്ധം വിപുലമാക്കണമെന്നും പ്രകാശ് ജാവദേക്കർ നിർദേശിച്ചു. ജില്ലയിൽ മുഖ്യധാര സമുദായ സംഘടന നേതാക്കളെ കാണാതിരുന്ന ജാവദേക്കർ ആർച്ച് ബിഷപ് അടക്കമുള്ള ക്രൈസ്തവ പുരോഹിതരെയും ധീവരസഭ നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
ജില്ല പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാരും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കേണ്ട കോർകമ്മിറ്റി യോഗത്തിൽ ജില്ലയിൽനിന്നുള്ള സംസ്ഥാന സെക്രട്ടറി കൂടിയായ എ. നാഗേഷ് പങ്കെടുത്തില്ല.
സമാന്തര ജില്ല കമ്മിറ്റിയായി പ്രവർത്തിക്കുന്നുവെന്ന് ജില്ല നേതൃത്വം ദേശീയ-സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയതിനെ തുടർന്ന് നാഗേഷ് ഇടക്കാലത്ത് പരിപാടികളോട് സഹകരിച്ചിരുന്നു. കെ-റെയിലിനെതിരെ നടത്തിയ കാൽനടജാഥയിൽ വെറുതെ 'എത്തി നോക്കി പോയെ'ന്ന ആക്ഷേപവും ജില്ല നേതൃത്വം ഉയർത്തിയിരുന്നു.
തെരഞ്ഞടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുന്ന നിർണായക യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെതിരെ ജില്ല നേതൃത്വം പ്രകാശ് ജാവദേക്കറിനെ നേരിട്ട് പരാതി അറിയിച്ചതായാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.