കത്തിപ്പടർന്ന് 'ഡീൽ';ഒത്തുകളി ആരോപണം തള്ളി സി.പി.എമ്മും ബി.ജെ.പിയും, കരാർ വെളിപ്പെടുത്തണമെന്ന് കോൺഗ്രസ്
text_fieldsതിരുവനന്തപുരം/ആലപ്പുഴ: ചെങ്ങന്നൂരിലും ആറന്മുളയിലും വിജയം ഉറപ്പാക്കാൻ ബി.ജെ.പിയുമായി സി.പി.എം ഒത്തുകളിച്ചെന്ന ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കറിെൻറ വെളിപ്പെടുത്തൽ വിവാദം ഇരുപാർട്ടികളിലും പുകയുന്നു. ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ മത്സരിക്കുന്ന കോന്നിയിൽ പ്രത്യുപകാരമായി ഡീൽ ഉണ്ടെന്നാണ് ആരോപണം.
വിവിധ മുന്നണികളിലെ മുതിർന്ന നേതാക്കൾ അഭിപ്രായപ്രകടനവുമായി എത്തിയതോടെ വോട്ടുകച്ചവട സംശയനിഴലിലായി ചെങ്ങന്നൂർ. വോട്ട് നിലയിൽ മാറ്റം പ്രതിഫലിച്ചാൽ പ്രതിക്കൂട്ടിലാകുക ബി.ജെ.പി നേതൃത്വംതന്നെയാകും. '87 മുതൽ ബി.ജെ.പി മത്സരരംഗത്തുള്ള ചെങ്ങന്നൂരിൽ പ്രമുഖർ മത്സരിച്ചപ്പോഴൊക്കെ വോട്ട് കൂടിവരുകയായിരുന്നു. വെളിപ്പെടുത്തൽ പുറത്തുവന്നതോടെ ഇരു പാർട്ടികളുടെയും അണികൾ ആശയക്കുഴപ്പത്തിലാണ്.
സി.പി.എം- ബി.ജെ.പി ഡീൽ തുറന്നടിച്ച ബാലശങ്കറിനെതിരെ ആർ.എസ്.എസ്, ബി.ജെ.പി നേതാക്കൾ രംഗത്തുവന്നതോടെ അദ്ദേഹം ആരോപണങ്ങൾക്ക് മൂർച്ചകൂട്ടുകയും ചെയ്തു. ചെങ്ങന്നൂരിലെ സ്ഥാനാർഥി ബി.ജെ.പി ജില്ല പ്രസിഡൻറ് എം.വി. ഗോപകുമാർ സി.പി.എമ്മിന് വേണ്ടപ്പെട്ടയാളാണെന്നും വികല കാഴ്ചപ്പാടുള്ള സംസ്ഥാന നേതൃത്വവുമായാണ് മുന്നോട്ടുപോകുന്നതെങ്കിൽ 30 കൊല്ലത്തേക്ക് ബി.ജെ.പിക്ക് വിജയസാധ്യതയില്ലെന്നുമായിരുന്നു ബാലശങ്കറിെൻറ ആരോപണം.
ബാലശങ്കറെ ആർ.എസ്.എസ് സൈദ്ധാന്തികനെന്ന് വിളിക്കാനാവില്ലെന്നും സ്ഥാനാര്ഥിത്വമോഹം അദ്ദേഹം അറിയിച്ചിരുന്നില്ലെന്നും ആര്.എസ്.എസ് പ്രാന്ത കാര്യവാഹക് പി. ഗോപാലന് കുട്ടി പറഞ്ഞു.
സീറ്റ് കിട്ടാത്തതിെൻറ നിരാശയിൽ നിന്നുയർന്ന ഭാവനാസൃഷ്ടി എന്നാണ് ബി.ജെ.പി ദേശീയ വക്താവ് ഗോപാലകൃഷ്ണ അഗർവാളിെൻറ പ്രതികരണം. എന്നാൽ, കേന്ദ്ര മാനവശേഷി മന്ത്രിയായിരുന്ന മുരളീമനോഹര്‍ ജോഷിയുടെ ഉപദേശക പദവി, ആർ.എസ്.എസ് നേതൃത്വത്തിെൻറ നിർദേശാനുസരണം രാജിവെച്ച് മുഖപത്രമായ ഓര്‍ഗനൈസർ പത്രാധിപരായ തനിക്ക് കേന്ദ്രമന്ത്രി സ്ഥാനംപോലും ലഭിക്കുമായിരുന്നിട്ടും അതിനു പിറകെ പോയിട്ടില്ലെന്നാണ് ബാലശങ്കറിെൻറ മറുപടി.
എത്ര മണ്ഡലങ്ങളില്‍ പരസ്പര സഹകരണ കരാറുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും വെളിപ്പെടുത്തണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അതേ സമയം, ബാലശങ്കറിന് സീറ്റ് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാക്കൾ തമ്മിലെ തർക്കത്തിൽ സി.പി.എമ്മിനെ കക്ഷിചേർക്കേെണ്ടന്നും ബാലിശമായ ആരോപണം ഏറ്റുപിടിച്ചാണ് ചെന്നിത്തല രംഗത്തു വന്നിരിക്കുന്നതെന്നും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ. വിജയരാഘവൻ കുറ്റപ്പെടുത്തി.
വികസന നേട്ടത്തിനൊപ്പം സംസ്ഥാനത്ത് മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാൻ ഇടതിനേ കഴിയൂവെന്ന നിലപാട് മുൻനിർത്തി തുടർഭരണത്തിനായി വോട്ട് ചോദിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ വിവാദം എൽ.ഡി.എഫിന് വെല്ലുവിളിയായി. ജോസ് കെ. മാണി എൻ.ഡി.എയിൽ ചേരാൻ തയാറായിരുന്നെന്ന ആരോപണവും തലവേദനയാണ്. പ്രചാരണം മുറുകവെ വീണുകിട്ടിയ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തതോടെ ആക്ഷേപത്തിന് മറുപടി നൽകി പിണറായി വിജയൻ തന്നെ രംഗത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.