വിഴിഞ്ഞം സമരം തകർക്കാൻ ബി.ജെ.പി-സി.പി.എം സഖ്യം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: അദാനി പോർട്ടിനെതിരെ വിഴിഞ്ഞത്ത് മത്സ്യതൊഴിലാളികൾ നടത്തുന്ന പ്രക്ഷോഭം തകർക്കാൻ അദാനിയുമായി ചേർന്ന് സി.പി.എം-ബി.ജെ.പി ഗൂഢാലോചനയുടെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അക്രമങ്ങളെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. വിഴിഞ്ഞം സമര പന്തലിലേക്ക് ആസൂത്രിതമായി സി.പി.എം - ബി.ജെ.പി സമരവിരുദ്ധ മുന്നണി നടത്തിയ അക്രമങ്ങളാണ് പ്രകോപനപരമായത്. ജനകീയ സമരങ്ങളെ നന്ദിഗ്രാം മോഡലിൽ ഗുണ്ടായിസത്തിലൂടെ തകർക്കാനുള്ള നീക്കമാണ് ഇവിടെ നടന്നത്. ലത്തീൻ സഭാ മതമേലധ്യക്ഷൻമാർക്കെതിരെയടക്കം കേസെടുത്ത് സംഘർഷം സൃഷ്ടിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സമരത്തെ തകർക്കാൻ സൃഷ്ടിച്ച പ്രകോപനത്തിൽ സമരക്കാർ വീഴാൻ പാടില്ല.
സഹന സമരങ്ങളാണ് വിജയത്തിലേക്കെത്തുക. കൂടുതൽ ശക്തിയോടെ ജനകീയ പ്രതിഷേധം തുടരുകയാണ് വേണ്ടത്. വിഴിഞ്ഞം സമരത്തിൽ പങ്കെടുക്കുന്നവർക്ക് എതിരെ കള്ളക്കേസെടുക്കുന്നതിൽ നിന്ന് കേരള ആഭ്യന്തര വകുപ്പ് പിൻമാറണം. സമരക്കാരുന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തു തീർപ്പാക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. വിഴിഞ്ഞത്ത് സമാധാനന്തരീക്ഷം സൃഷ്ടിക്കാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.