വ്യാജ ആരോപണങ്ങളിലൂടെ മുസ്ലിംകളെ വേട്ടയാടുന്നു –ജോൺ ദയാൽ
text_fieldsകൊച്ചി: രാജ്യത്ത് വ്യാജ ആരോപണങ്ങളിലൂടെ മുസ്ലിംകളെ ഫാഷിസം വേട്ടയാടുകയാണെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോൺ ദയാൽ. സോളിഡാരിറ്റി സംഘടിപ്പിച്ച ഘർവാപസി ജനകീയ വിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ യുവാക്കൾ ഐ.എസിൽ ചേരുന്നു എന്ന പേരിൽ കുപ്രചാരണങ്ങൾ നടത്തിയാണ് ഫാഷിസം അരങ്ങുതകർക്കുന്നത്.
മുസ്ലിംകൾക്കെതിരെ തുടങ്ങിവെച്ച് ഫാഷിസം ക്രൈസ്തവരിലേക്കും ദലിതുകളിലേക്കും സിഖുകാരിലേക്കും നീങ്ങുകയാണ്. ജർമനിയിൽ ഹിറ്റ്ലർ നടത്തിയതിന് സമാനമാണ് ഇന്ത്യയിൽ സംഘ്പരിവാറിെൻറ പ്രവർത്തനങ്ങൾ. ക്രിസ്തുമതം സ്വീകരിക്കുന്നവരെയും കുറ്റവാളികളായി മുദ്രകുത്തുന്ന അവസ്ഥയുണ്ട്. ഗോരക്ഷാഗുണ്ടകൾ അഴിഞ്ഞാടിയ ഗുജറാത്തിൽ പൊലീസും മറ്റെല്ലാ നിയമ സംവിധാനങ്ങളും മുസ്ലിംകളെ വേട്ടയാടുന്നതിന് ഒത്താശ ചെയ്യുകയാണ്. മുസ്ലിമായി എന്ന ഒറ്റക്കാരണത്താൽ ആളുകൾ രാജ്യത്ത് മരിച്ചുവീഴുന്നു. സംഘ്പരിവാറിെൻറ ലവ് ജിഹാദ് ആേരാപണം ഏറ്റുപിടിക്കുന്ന ക്രിസ്ത്യൻ ബിഷപ്പുമാരെ വിമർശിച്ച ജോൺ ദയാൽ, ഘർവാപസി പ്രശ്നം ഇന്ത്യയാകെ ചർച്ച െചയ്യപ്പെടേണ്ടതാണെന്നും കൂട്ടിച്ചേർത്തു.
ഇഷ്ടപ്പെട്ട മുസ്ലിം യുവാക്കളെ വിവാഹം ചെയ്യുന്ന ഹിന്ദു സ്ത്രീകളെ പിന്തിരിപ്പിക്കാൻ ശക്തമായ വിദ്വേഷ പ്രചാരണമാണ് രാജ്യത്ത് തീവ്ര വലതുപക്ഷ കക്ഷികൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാധ്യമപ്രവർത്തക ഷാസിയ നിഗാർ പറഞ്ഞു.
ജാതീയ ഭരണവ്യവസ്ഥ നിലനിൽക്കുന്നതാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ആധാരം. മുസ്ലിംകളെ വിവാഹം ചെയ്യുന്ന യുവതികളെ ക്രൂരമായി പീഡിപ്പിക്കുന്ന സാഹചര്യം കേരളത്തിലടക്കം നിലനിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. മരുന്ന് കുത്തിവെച്ച് ബോധം കെടുത്തിയശേഷം വ്യാജ മൊഴികൾ ശേഖരിച്ചും ക്രൂരമായി മർദിച്ചുമൊക്കെയാണ് ഹിന്ദു യുവതികളെ വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കുന്നതെന്നും ഷാസിയ നിഗാർ കൂട്ടിച്ചേർത്തു.
എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സമദ് കുന്നക്കാവ് അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ വി.ആർ. അനൂപ്, മാധ്യമപ്രവർത്തക ഷബ്ന സിയാദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയോലാചന സമിതി അംഗം കെ.എ. യൂസുഫ് ഉമരി, ജില്ല പ്രസിഡൻറ് അബൂബക്കർ ഫാറൂഖി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി എസ്.എം. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും ജില്ല പ്രസിഡൻറ് എ. അനസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.