മതം പറഞ്ഞ് ബി.ജെ.പി ഭീതി സൃഷ്ടിക്കുന്നു -പ്രിയങ്ക ഗാന്ധി
text_fieldsഎടക്കര: ജനങ്ങളെ ബാധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചചെയ്യാതെ അനാവശ്യകാര്യങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എടക്കരയില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ജനങ്ങളോട് ഉത്തരവാദിത്തമില്ലാതെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്. ജനങ്ങളെ ശാക്തീകരിക്കാന്‍ എന്താണ് അദ്ദേഹം ചെയ്തതെന്നും പ്രിയങ്ക ചോദിച്ചു. അവശ്യസാധന വിലക്കയറ്റവും തൊഴിലില്ലായ്മയും രാജ്യം നേരിടുന്ന പ്രധാന പ്രശ്നങ്ങളാണ്. എന്നാല്‍, ഇതിനെക്കുറിച്ച് പ്രധാനമന്ത്രിയും ബി.ജെ.പിയും സംസാരിക്കുന്നില്ല. യഥാര്‍ഥ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധ തിരിച്ചുവിട്ട് ജനങ്ങളുടെ ഐക്യം തകര്‍ക്കുന്ന പ്രത്യയശാസ്ത്രമാണ് ബി.ജെ.പിയുടേത്.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ വൈകാരികമായി ചൂഷണംചെയ്യുകയാണവർ. എന്നാല്‍, ഇതല്ല രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയം. ഏറ്റവും കൂടുതല്‍ വിദ്യാസമ്പന്നരുള്ള കേരളത്തിലാണ് തൊഴിലില്ലായ്മയും കൂടുതലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. കേരളത്തിലെ മുഖ്യമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഒന്നും പറയാതെ രാഹുല്‍ ഗാന്ധിയെ ആക്രമിക്കുകയാണ്. സത്യത്തിനുവേണ്ടി പോരാടുമ്പോള്‍ എല്ലാ ദുഷ്ടശക്തികളും ഒരുമിച്ച് അദ്ദേഹത്തെ എതിര്‍ക്കുമെന്നും രാജ്യത്തിന്റെ വീണ്ടെടുപ്പിനായി വോട്ട് ചെയ്യണമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
കത്തുന്ന ചൂടിലും നൂറുകണക്കിനാളുകളാണ് പ്രിയങ്കയെ കാത്തുനിന്നത്. എം.പിമാരായ പി.വി. അബ്ദുല്‍ വഹാബ്, ജെബി മേത്തര്‍, എ.പി. അനില്‍കുമാര്‍ എം.എല്‍.എ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മയൂര ജയകാന്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്ത്, മുസ്ലിം യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ടി.പി. അഷ്റഫലി, ജ്യോതി വിജയ്കുമാര്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.