താമര വിരിഞ്ഞില്ലെങ്കിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് ‘പണി’
text_fieldsകോട്ടയം: സംസ്ഥാനത്ത് ഇക്കുറിയും താമര ‘വിരിഞ്ഞില്ലെങ്കിൽ’ അത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് പണിയാകും. കേരളത്തിൽ അഞ്ച് സീറ്റിൽ വിജയസാധ്യതയുണ്ടെന്നും മറ്റ് മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിക്കുമെന്നുമാണ് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനെ ധരിപ്പിച്ചത്. വോട്ട് വിഹിതം വർധിച്ചാലും ഒരു സീറ്റിലെങ്കിലും ജയിക്കാൻ സാധിച്ചില്ലെങ്കിൽ പൂർണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിനായിരിക്കുമെന്ന സൂചന ബി.ജെ.പി ദേശീയ നേതൃത്വം നൽകിക്കഴിഞ്ഞു. സീറ്റ് നേട്ടമുണ്ടാക്കാനായില്ലെങ്കിൽ നിലവിലെ നേതൃത്വത്തിൽ അടിമുടി അഴിച്ചുപണിയുണ്ടാകും. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി.ജെ.പി ദേശീയ നേതൃത്വം സംഘടനാ തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂൾ പ്രഖ്യാപിക്കും. അതിനാൽ കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രവർത്തനം തെരഞ്ഞെടുപ്പ് ഫലത്തിലൂടെ കേന്ദ്രം വിലയിരുത്തും. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറോ തൃശൂരിൽ സുരേഷ് ഗോപിയോ വിജയിച്ചാൽ ക്രെഡിറ്റ് ദേശീയ നേതൃത്വത്തിനായിരിക്കും.
മറ്റ് എ പ്ലസ് മണ്ഡലങ്ങളിലെ ബി.ജെ.പിയുടെ വിജയമാണ് സുരേന്ദ്രന്റെയും കൂട്ടരുടെയും ഭാവി നിർണയിക്കുക. സംസ്ഥാനത്ത് ഒരു സീറ്റിലെങ്കിലും ജയിക്കാനായി കുറച്ച് വർഷമായി കൈയഴിഞ്ഞ സഹായമാണ് ദേശീയ നേതൃത്വം സംസ്ഥാനത്തിന് നൽകിവരുന്നത്. ഇനിയും കേരളത്തിൽ ബി.ജെ.പി വിജയിക്കാതിരുന്നാൽ വോട്ടിങ് ശതമാനം പറഞ്ഞ് പിടിച്ചുനിൽക്കാൻ കെ.സുരേന്ദ്രനും കൂട്ടർക്കും സാധിക്കില്ല. സംസ്ഥാന നേതൃത്വത്തിന്റെ പ്രവർത്തനത്തിൽ ആർ.എസ്.എസ് കേരളഘടകം നേരത്തേതന്നെ കേന്ദ്ര നേതൃത്വത്തിനോട് അതൃപ്തി അറിയിച്ചിരുന്നു. എന്നാൽ, ലോക്സഭാ തെരെഞ്ഞെടുപ്പുവരെ ഒരു സംസ്ഥാനത്തും അധ്യക്ഷന്മാർ മാറേണ്ടെന്ന കേന്ദ്ര നിലപാടാണ് സുരേന്ദ്രന് തുണയായത്. തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, പാലക്കാട്, തൃശൂർ മണ്ഡലങ്ങളിൽ വിജയിക്കുമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്രനേതൃത്വത്തെ ധരിപ്പിച്ചിട്ടുള്ളത്. ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂർ, കോഴിക്കോട്, വടകര തുടങ്ങിയ മണ്ഡലങ്ങളിൽ 25 ശതമാനത്തിന് മുകളിൽ വോട്ട് വിഹിതമുണ്ടാകുമെന്നും ധരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.