റബറിൽ ചില ഉറപ്പുകൾ നൽകി ബി.ജെ.പി; വിടാതെ സഭയും
text_fieldsകണ്ണൂർ: തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ റബർ വിലപേശൽ രാഷ്ട്രീയത്തിൽ ചില ഉറപ്പുകളും ഡീലുകളും മുന്നോട്ടുവെച്ച് ബി.ജെ.പി. ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് റബർ വിലയിൽ കൃത്യമായ ആശ്വാസ പദ്ധതിയുണ്ടാകുമെന്ന ഉറപ്പാണ് ബിഷപ് ഹൗസിലെത്തുന്ന നേതാക്കളെല്ലാം ഏകസ്വരത്തിൽ നൽകുന്നത്.
ഏറ്റവുമൊടുവിൽ ബിഷപ്പിനെ കാണാനെത്തിയ റബർ ബോർഡ് ചെയർമാൻ ഡോ. സാവർ ദനാനിയയും ഉറപ്പുകൾ ആവർത്തിച്ചു. അനുകൂല തീരുമാനമുണ്ടാകുന്നതുവരെ വിഷയം കത്തിച്ചുനിർത്താൻ തന്നെയാണ് തലശ്ശേരി അതിരൂപതയുടെ തീരുമാനം.
റബറിന് 300 രൂപയാക്കിയാൽ കേരളത്തിൽ ബി.ജെ.പിക്ക് എം.പിയില്ലെന്ന വിഷമം മാറ്റിത്തരാമെന്ന ആർച് ബിഷപ്പിന്റെ പ്രസ്താവനയാണ് ബി.ജെ.പിയുടെ അരമനപ്രേമം കൂട്ടിയത്. വിവാദ പ്രസ്താവനക്കു പിന്നാലെ ബിഷപ്പിന് പിന്തുണ പ്രഖ്യാപിച്ച് ബി.ജെ.പി നേതാക്കളുടെ ഒഴുക്കാണ്. ജില്ല -സംസ്ഥാന നേതാക്കൾ തൊട്ട് ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി വരെയുള്ളവർ നേരിട്ടും ചിലർ ഫോണിലും ബിഷപ്പുമായി ബന്ധപ്പെട്ടു.
രണ്ടാഴ്ച മുമ്പ് റബർ ബോർഡ് വൈസ് ചെയർമാൻ കെ.എം. ഉണ്ണികൃഷ്ണൻ എത്തിയതിനു പിന്നാലെയാണ് ഇപ്പോൾ റബർ ബോർഡ് ചെയർമാനും ബിഷപ്പിനെ കാണാൻ വന്നത്. ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം നേരിട്ട് കാണണമെന്ന് ബിഷപ്പിനോട് അഭ്യർഥിക്കുകയായിരുന്നു. റബർ വില വിഷയത്തിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും പരിഗണിക്കുമെന്ന ഉറപ്പാണ് എല്ലാവരും നൽകുന്നത്.
ഉടൻ കേരളം സന്ദർശിക്കാനെത്തുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ബിഷപ്പിന് കൂടിക്കാഴ്ചക്കുള്ള അവസരവും ഇവർ മുന്നോട്ടുവെച്ചിട്ടുണ്ട്. പകരമെന്ത് എന്ന ഡീലും ബി.ജെ.പി നേരിട്ടുതന്നെ പറയുന്നുണ്ട്. വോട്ടായി മാറുന്ന പ്രതിഷേധത്തിന് ജനാധിപത്യത്തിൽ മൂല്യമുണ്ടെന്ന മുൻ നിലപാട് സഭ പ്രതിനിധികളും ആവർത്തിക്കുന്നു.
300 രൂപയാക്കിയാൽ എം.പിയെ തരാമെന്ന പ്രസ്താവന കർഷകരുടെ ആത്മാഭിമാനം പണയപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം-അങ്കമാലി അതിരൂപത മുഖപത്രമായ ‘സത്യദീപം’ രൂക്ഷമായി വിമർശിച്ചിരുന്നു.
എന്നാൽ, പ്രസ്താവന ഗുണം ചെയ്തിട്ടുണ്ടെന്നാണ് തലശ്ശേരി അതിരൂപതയുടെ വിലയിരുത്തൽ. റബർ കർഷകർക്ക് ഏഴുമാസമായി മുടങ്ങിക്കിടന്ന ഇൻസെന്റിവ് തുക അക്കൗണ്ടിൽ ഇപ്പോൾ എത്താൻ ഇടയാക്കിയത് ഇതാണെന്ന് ഇവർ കരുതുന്നു. ബി.ജെ.പിയുടെ വോട്ടുരാഷ്ട്രീയം കൂടിയുള്ളതിനാൽ ലോക്സഭ തെരഞ്ഞെടുപ്പിനുമുമ്പ് കാര്യമായ ആശ്വാസ പദ്ധതി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുമെന്നും ഇവർ കണക്കുകൂട്ടുന്നു.
റബർബോർഡ് ചെയർമാൻ ആർച് ബിഷപ്പിനെ സന്ദർശിച്ചു
കണ്ണൂർ: തലശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ റബർ ബോർഡ് ചെയർമാൻ സാവർ ദനാനിയ സന്ദർശിച്ചു. കഴിഞ്ഞദിവസം കണ്ണൂർ നെല്ലിക്കാംപൊയിലിലായിരുന്നു കൂടിക്കാഴ്ച.
റബർ കർഷകർക്ക് അനുകൂല നിലപാട് സ്വീകരിക്കാൻ കേന്ദ്ര സർക്കാറിന് നിർദേശങ്ങൾ സമർപ്പിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.
റബറിനെ കാർഷിക വിളയായി പരിഗണിക്കുക, സിന്തറ്റിക് റബറിനെയും പ്രകൃതിദത്ത റബറിനെയും ഒരേരീതിയിൽ പരിഗണിക്കുന്ന ഇറക്കുമതി നയം പുനഃപരിശോധിക്കുക തുടങ്ങിയ കാര്യങ്ങൾ ബിഷപ് ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.