മഞ്ചേശ്വരത്ത് ബി.ജെ.പിക്ക് വീണ്ടും തലവേദന; ഇത്തവണ അപരൻ എം. സുരേന്ദ്രൻ
text_fieldsകാസർകോട്: ബി.ജെ.പിയുടെ അഭിമാനപോരാട്ടം നടക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ അപരസാന്നിധ്യം വിനയാകുമോ എന്നഭീതിയിൽ നേതൃത്വം. വോട്ടുചോർച്ച ഒഴിവാക്കാനുള്ള ശ്രമത്തിെൻറ ഭാഗമായി ബി.എസ്.പി സ്ഥാനാർഥിയുടെ പത്രിക തിങ്കളാഴ്ച പിൻവലിപ്പിച്ചിരുന്നു. ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ ആണ് ബി.ജെ.പി നേതൃത്വം ഇടപെട്ട് പത്രിക പിൻവലിപ്പിച്ചത്.
2016ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് 467 വോട്ടുകൾ പെട്ടിയിലാക്കിയ സുന്ദരക്ക് ലഭിച്ച ചിഹ്നം ഐസ്ക്രീമായിരുന്നു. അന്ന് 89 വോട്ടുകൾക്കാണ് ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ മുസ്ലിം ലീഗിലെ പി.ബി. അബ്ദുറസാഖിനോട് അടിയറവ് പറഞ്ഞത്. 645 പേർ നോട്ടക്ക് കുത്തിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥികളിൽ ഏറ്റവുമധികം വോട്ട് സ്വന്തമാക്കിയത് സുന്ദരയായിരുന്നു.
ബി.എസ്.പിക്കുവേണ്ടി മത്സരിച്ച രവിചന്ദ്ര 365 വോട്ടും പി.ഡി.പി സ്ഥാനാർഥി എസ്.എം. ബഷീർ അഹമ്മദ് 759 വോട്ടും സ്വന്തമാക്കി. ജോൺ ഡിസൂസ, കെ.പി. മുനീർ എന്നീ സ്വതന്ത്ര സ്ഥാനാർഥികൾ ചേർന്ന് 431 വോട്ടുകളും പെട്ടിയിലാക്കി. ഇത്തവണ സംസ്ഥാന പ്രസിഡൻറ് കൂടിയായ സുരേന്ദ്രൻ മഞ്ചേശ്വരത്ത് വീണ്ടും ജനവിധി തേടുേമ്പാൾ എം. സുരേന്ദ്രൻ എന്ന അപരനാണ് ബി.ജെ.പിക്ക് തലവേദനയാകുന്നത്. പൈനാപ്പിളാണ് അപരന് അനുവദിച്ച ചിഹ്നം. താമരയെ കഴിഞ്ഞതവണ ചതിച്ചത് ഐസ്ക്രീമാണെന്ന് ബി.ജെ.പി നേതൃത്വംതന്നെ വിലയിരുത്തിയിരുന്നു. ഇത്തവണ പൈനാപ്പിൾ എത്ര വോട്ട് പിടിക്കുമെന്ന ആശങ്കയിലാണ് നേതാക്കളും അണികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.