സംസ്ഥാനത്ത് നാളെ ബി.ജെ.പി ഹർത്താൽ
text_fieldsകണ്ണൂർ: കണ്ണൂരിലെ ബി.ജെ.പി പ്രവർത്തകൻ രമിതിന്‍റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ ആചരിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മൻ രാജശേഖരൻ ആഹ്വാനം ചെയ്തു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ആശുപത്രി, മെഡിക്കൽ സ്റ്റോർ, പാൽ, പത്രം എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് വൈകിട്ട് സംസ്ഥാനത്തെ എല്ലാ ബൂത്തുതലങ്ങളിലും നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ വിജയിപ്പിക്കണമെന്നും കുമ്മനം അഭ്യർത്ഥിച്ചു.
കണ്ണിൽ ചോരയില്ലാത്ത സിപിഎം ക്രൂരതയുടെ ഏറ്റവും വലിയ ഉദാഹരണമാണ് ഇന്ന് കണ്ണൂരിൽ നടന്ന കൊലപാതകം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വീടിന് തൊട്ടടുത്താണ് കൊലപാതകം നടന്നത്. 2002ൽ രിമിത്തിന്‍റെ അച്ഛനും ബി.എം.എസ് പ്രവർത്തകനുമായ ഉത്തമനെ അദ്ദേഹം ഓടിച്ചിരുന്ന ബസ് തടഞ്ഞ് നിർത്തി സി.പി.എം പ്രവർത്തകർ വെട്ടിക്കൊന്നിരുന്നു. ഇനി ആ കുടുംബത്തിൽ വൃദ്ധയായ ഒരമ്മ മാത്രമാണ് അവശേഷിക്കുന്നത്.
ഉത്തമന്‍റെ ശവസംസ്കാര യാത്രയെപ്പോലും അക്രമിച്ച് സി.പി.എം അതിന്‍റെ കിരാത മുഖം വെളിവാക്കിയിരുന്നു. വിലാപയാത്രക്ക് നേരെ നടന്ന ബോംബേറിൽ 70 വയസ്സുകാരിയായ അമ്മുഅമ്മയും ജീപ്പ് ഡ്രൈവറായ ഷിഹാബും കൊല്ലപ്പെട്ടിരുന്നുവെന്നും കുമ്മനം വ്യക്തമാക്കി.
പിണറായി ഗ്രാമത്തിൽ സി.പി.എം അല്ലാതെ ആരും പ്രവർത്തിക്കേണ്ടതില്ലെന്ന കമ്മ്യൂണിസറ്റ് ധാർഷ്ട്യമാണ് സംഭവങ്ങൾക്ക് പിന്നിൽ. കേരളത്തെ കലാപഭൂമിയാക്കാനാണ് സി.പി.എമ്മിന്റെ നീക്കം. പിണറായി ഭരണത്തിൻ കീഴിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന സി.പി.എം അത് മറികടക്കാൻ നിരപരാധികളെ കൊന്നൊടുക്കുകയാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തിൽ നടക്കുന്ന നരനായാട്ടിന് സി.പി.എം ഉന്നത നേതൃത്വത്തിന്‍റെ മൗനാനുവാദമുണ്ട്. ഇതിനെതിരെ കേരളത്തിന്‍റെ മനസ്സാക്ഷി ഉണരണമെന്നും കുമ്മനം രാജശേഖരൻ അഭ്യർത്ഥിച്ചു.
കണ്ണൂരിൽ വെള്ളിയാഴ്ച നടക്കാനിരുന്ന വടക്കൻ മേഖല കായിക മേള മാറ്റിവെച്ചു. കാലിക്കറ്റ് സർവകലാശാല, എം.ജി സർവകലാശാല എന്നിവ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.