വർഗീയത പടർത്തി അധികാരത്തിലെത്തിയ ചരിത്രമാണ് ബി.ജെ.പിക്കുള്ളത് - ഇ പി ജയരാജൻ
text_fieldsചെറുവത്തൂർ: വർഗീയത പടർത്തി അധികാരത്തിലെത്തിയ ചരിത്രമാണ് ബി.ജെ.പിക്കുള്ളതെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കാലിക്കടവ് കരക്കക്കാവ് ഓഡിറ്റോറിയത്തിൽ തൃക്കരിപ്പൂർ നിയോജക മണ്ഡലം എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി ഒരിക്കൽ കൂടി ബി.ജെ.പി അധികാരത്തിലെത്തിയാൽ അത് ഇന്ത്യയുടെ നാശത്തിന് വഴിയൊരുക്കുമെന്നും 10 വർഷം ഇന്ത്യ ഭരിച്ച ബി.ജെ.പി ഇന്ത്യയിലെ ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങൾ പോലും പരിഹരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കാതെ ഗ്യാരണ്ടിയുടെ പ്രളയം മാത്രമാണ് സൃഷ്‌ടിക്കുന്നത്. പ്രതീക്ഷകൾ തകർന്ന ജനതയാണ് ഇപ്പോൾ രാജ്യത്തുള്ളത്. ഇന്ത്യ ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ കോൺഗ്രസിനും യു.ഡി.എഫിനും സാധിക്കില്ല. പാർലമെന്റിൽ 18 യു.ഡി.എഫ് എം.പി.മാർ ഉണ്ടായിരുന്നിട്ടും പൗരത്വ ദേതഗതി ബില്ലിനെതിരെ എതിർത്തില്ലെന്ന് മാത്രമല്ല ബില്ലിനെ അനുകൂലിക്കുകയാണ് ചെയ്‌ത്. നിയമം പ്രാബല്യത്തിൽ വന്നപ്പോൾ ഞങ്ങൾ അതിനെ എതിർക്കും എന്നാണ് കോൺഗ്രസ് നേതാക്കൾ ഇപ്പോൾ പറഞ്ഞു നടക്കുന്നത്. കോൺഗ്രസിൽ നിന്നും ബി.ജെ.പിയിലേക്ക് നേതാക്കൾ ഒഴുകുന്ന കാഴചയാണ് ദിവസവും കാണാൻ സാധിക്കുന്നത്. നയിക്കാൻ പോലും നേതാക്കളില്ലാതെ ഗുരുതരമായ തകർച്ചയെ നേരിടുകയാണ് കോൺഗ്രസ്. കോൺഗ്രസും യു.ഡി.എഫും ബി.ജെ.പി എതിർക്കാതെ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച് ജനങ്ങൾക്ക് വേണ്ടി ശബ്‌ദമുയർത്തുന്ന ഇടതുപക്ഷത്തെയാണ് എതിർക്കുന്നത്. എന്നാൽ ഇടതുപക്ഷത്തിൽ വലിയ പ്രതീക്ഷ ജനങ്ങൾ അർപിച്ചിരിക്കുന്ന കാഴ്‌ചയാണിപ്പോൾ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എം. അസിനാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. കരുണാകരൻ, എം. രാജഗോപാലൻ എം.എൽ.എ, സാബു എബ്രഹാം, സി.പി. ബാബു, വി വി കൃഷ്‌ണൻ, ചാക്കോ തെന്നിപ്ലാക്കൽ, സി. ബാലൻ, കെ എം. ബാലകൃഷ്‌ണൻ, സുരേഷ് പുതിയേടത്ത്, രതീഷ് പുതിയപുരയിൽ, കൈപ്രത്ത് കൃഷ്‌ണൻ നമ്പ്യാർ, ടി. വി. വിജയൻ, എ. ജി. ബഷീർ, എം കെ ഹാജി, വി. പി .പി. മുസ്‌തഫ, കെ. സുധാകരൻ, സിനിമാ താരം പി. പി. കുഞ്ഞികൃഷ്‌ണൻ എന്നിവർ സംസാരിച്ചു. ഇ. കുഞ്ഞിരാമൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.