സുരേഷ് ഗോപിയുടെ പാദവന്ദനം: പ്രതിരോധത്തിലായി ബി.ജെ.പി
text_fieldsതിരുവനന്തപുരം: കാറിലിരുന്ന് വിഷുക്കൈനീട്ടം നൽകുകയും വാങ്ങിയവരെക്കൊണ്ട് കാലുപിടിപ്പിക്കുകയും ചെയ്ത സുരേഷ് ഗോപിയുടെ നടപടിയിൽ പ്രതിരോധത്തിലായി ബി.ജെ.പി നേതൃത്വം. തള്ളാനും കൊള്ളാനും കഴിയാത്ത നിലയിലാണ് പാർട്ടി.
തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ സ്വന്തം നിലക്ക് സുരേഷ് ഗോപി സംഘടിപ്പിച്ച വിഷുക്കൈനീട്ട പരിപാടിക്ക് പിന്തുണ നൽകേണ്ട അവസ്ഥയിലാണ് ബി.ജെ.പി. സംഭവം വൻ വിവാദമായിട്ടും പരസ്യ പ്രതികരണത്തിന് നേതൃത്വം തയാറായിട്ടില്ല. കൈനീട്ടം നൽകുന്നത് നല്ലതല്ലേ എന്നു പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ.
സൂപ്പർ സ്റ്റാറിന്‍റെ നടപടിയിൽ പാർട്ടിയിലും അതൃപ്തിയുണ്ട്. ആ രീതി ന്യായീകരിക്കാനാകില്ലെന്നാണ് മുതിർന്ന നേതാവ് 'മാധ്യമ' ത്തോട് പ്രതികരിച്ചത്. പാർട്ടിയെ പ്രതിരോധത്തിലാക്കിയ നടപടിയായതിനാലാണ് തിരുവനന്തപുരത്ത് കാൽ തൊട്ട് വന്ദിക്കുന്നത് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കർഷകസമരത്തെ മോശമായി ചിത്രീകരിച്ച സുരേഷ് ഗോപിയുടെ പരാമർശങ്ങളിലും വ്യാപക പ്രതിഷേധമുണ്ട്. തൃശൂർ നഗരത്തിലുൾപ്പെടെ പ്രതിഷേധ പ്രകടനം നടന്നു.
കാലിൽ നമസ്കരിപ്പിച്ചിട്ട് കൈയിൽ കൊടുത്ത പണത്തെ വിഷുക്കൈനീട്ടം എന്ന് പറയരുതെന്നും തൻപ്രമാണിത്തത്തിന്‍റെയും ആണധികാരത്തിന്‍റെയും ഉത്തമ മാതൃകയായിരുന്നു സുരേഷ് ഗോപിയുടെ നടപടിയെന്നും കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ കുറ്റപ്പെടുത്തി. തമ്പ്രാന്മാരുടെ കാലമൊക്കെ കഴിഞ്ഞു. ചെയ്തത് തെറ്റായിപ്പോയെന്നെങ്കിലും പറയണമെന്നും ഷാനിമോൾ ഫേസ്ബുക്കിൽ കുറിച്ചു.
വിഷയം വിവാദമാക്കുന്നവർ ചൊറിയൻ മാക്രികളാണെന്ന് കഴിഞ്ഞദിവസം പ്രതികരിച്ച സുരേഷ് ഗോപി വ്യാഴാഴ്ച സർക്കാറിനെതിരെ പരോക്ഷ വിമർശനമാണ് നടത്തിയത്. വിഷുക്കൈനീട്ടം സംസ്കാരത്തിന്‍റെ ഭാഗമാണെന്നും കിറ്റ് കൊടുക്കുന്നതുപോലെ ഒരു രൂപ കൊടുക്കുന്നത് ആരെയും സ്വാധീനിക്കാനല്ലെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷം പേർക്ക് വിഷുക്കൈനീട്ടം നൽകുന്നതിന്‍റെ ഭാഗമായി വാമനപുരം, പാലോട്, പോത്തൻകോട്, കിളിമാനൂർ മണ്ഡലങ്ങളിലെ ബി.ജെ.പി ബൂത്ത് പ്രസിഡന്‍റുമാർക്കും നേതാക്കൾക്കും കൈനീട്ടം നൽകുന്ന ചടങ്ങിലായിരുന്നു പ്രതികരണം.
രാജ്യസഭാംഗത്വം അവസാനിക്കാൻ നാളുകൾ മാത്രമുള്ള നടൻ ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലോ തിരുവനന്തപുരത്തോ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വിഷുക്കൈനീട്ട വിതരണം പുരോഗമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.