ക്രൈസ്തവ സമുദായത്തെ കൂടെ നിർത്തി ബി.ജെ.പി പരീക്ഷിക്കുന്നത് പന്തളം മോഡൽ
text_fieldsപന്തളം: ക്രൈസ്തവ സമുദായത്തെ കൂടെനിർത്തി പന്തളത്ത് നേടിയ തെരഞ്ഞെടുപ്പ് വിജയം സംസ്ഥാനത്താകെ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി നേതൃത്വം. സഭ നേതാക്കന്മാരെ ഒപ്പംനിർത്തി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി പന്തളത്ത് നഗരസഭ ഭരണം പിടിച്ചെടുത്തിരുന്നു.
ഓർത്തഡോക്സ് സഭ ട്രസ്റ്റി സെക്രട്ടറി അച്ഛൻകുഞ്ഞ് ജോൺ, ഓർത്തഡോക്സ് സഭയുടെ ട്രസ്റ്റി ഭാരവാഹിയായ ബെന്നി മാത്യു എന്നിവർക്ക് ബി.ജെ.പി താമര ചിഹ്നത്തിൽ പന്തളം നഗരസഭയിലെ രണ്ടു വാർഡുകളിൽ മത്സരിക്കാൻ അവസരം ഒരുക്കി. ഇതിൽ അച്ചൻകുഞ്ഞ് ജോണിനെ ചെയർമാനാക്കും എന്ന പ്രചാരണവും ശക്തമായി. ഓർത്തഡോക്സ് സഭയെ ഒപ്പംനിർത്തി ബി.ജെ.പി നടത്തിയ തന്ത്രം പന്തളം നഗരസഭയിൽ വിജയം കാണുകയായിരുന്നു. 33 നഗരസഭ അംഗത്തിൽ 18 സീറ്റ് നേടി ബി.ജെ.പി അധികാരത്തിൽ വന്നു.
കോൺഗ്രസിനൊപ്പം എക്കാലവും ഉണ്ടായിരുന്ന ഓർത്തഡോക്സ് സഭയുടെ വോട്ട് കൂട്ടത്തോടെ ബി.ജെ.പിയിൽ എത്തിയപ്പോൾ നഗരസഭയിൽ അഞ്ച് സീറ്റിൽ ഒതുങ്ങേണ്ടിവന്നു യു.ഡി.എഫിന്. ക്രൈസ്തവ വോട്ടുകൾ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ഒഴുകുന്നത് മുൻകൂട്ടികാണാൻ സി.പി.എമ്മിനും കഴിഞ്ഞില്ല.
ബി.ജെ.പിക്ക് ഒട്ടും സ്വാധീനമില്ലാത്ത ക്രൈസ്തവ ഭൂരിപക്ഷ മേഖലയായ തുമ്പമൺ പഞ്ചായത്തിൽ വരെ അവർക്ക് ജനപ്രതിനിധിയുണ്ട്. ബി.ജെ.പിയുടെ പോഷക സംഘടനകളും മറ്റ് അനുബന്ധ മേഖലകളിലും ക്രൈസ്തവ വിഭാഗത്തെ ഉൾപ്പെടുത്തിയാണ് പല കമ്മിറ്റിയും രൂപവത്കരിക്കുന്നത്.
പന്തളത്ത് ഓർത്തഡോക്സ് സഭക്ക് നിർണായക സ്വാധീനമുള്ള മേഖലകളിൽ ബി.ജെ.പി ഒന്നാമത് എത്തിയതും ശ്രദ്ധേയമാണ്. ഇവിടങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയാണ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടത്. കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ഭവനങ്ങൾ സന്ദർശിക്കാനും ക്രൈസ്തവ പുരോഹിതന്മാരെ നേരിൽ കാണാനും ബി.ജെ.പി സംസ്ഥാന ജില്ല നേതാക്കന്മാരുടെ ഒഴുക്കായിരുന്നു പന്തളത്തുണ്ടായത്. ക്രൈസ്തവ വീടുകൾ സന്ദർശിച്ച് ആശംസകാർഡുകൾ കൈമാറാനും നേതാക്കൾ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.