ഇലക്ടറൽ ബോണ്ട് പണം ഉപയോഗിച്ച് ബി.ജെ.പി ജനാധിപത്യം അട്ടിമറിക്കുന്നു -വൃന്ദ കാരാട്ട്
text_fieldsതൃശൂർ: രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അഴിമതിയായ ഇലക്ടറൽ ബോണ്ടിൽനിന്ന് ലഭിച്ച പണം ബി.ജെ.പി ഉപയോഗിക്കുന്നത് ജനാധിപത്യം അട്ടിമറിക്കാനാണെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. 8000 കോടിയിലേറെ രൂപയാണ് ബി.ജെ.പിക്ക് ഇതിലൂടെ ലഭിച്ചത്. വരുന്ന തെരഞ്ഞെടുപ്പിൽ ജനം ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും തൃശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ ടി.ആർ. ചന്ദ്രദത്ത് സ്മൃതി ഉദ്ഘാടനം ചെയ്യവേ വൃന്ദ പറഞ്ഞു. അഴിമതി നിയമ വിധേയമാക്കിയ സർക്കാറാണ് കേന്ദ്രം ഭരിക്കുന്നത്. ഇലക്ടറൽ ബോണ്ട് വഴിയുള്ള പകുതിയിലേറെ തുകയും ബി.ജെ.പിക്കാണ് ലഭിച്ചത്. ലോട്ടറി, ഖനി തുടങ്ങിയ മേഖലകളിലെ വമ്പന്മാരുടെ കൊള്ള അന്വേഷണ ഏജൻസികളെ വിട്ട് കണ്ടെത്തുകയും ശക്തമായ നടപടി സ്വീകരിക്കുന്ന തരത്തിൽ അവർക്കെതിരെ കേസെടുക്കുകയും തുടർന്ന് ബി.ജെ.പിക്ക് വൻ തുക നൽകാൻ സാഹചര്യമൊരുക്കി കേസുകൾ ഒഴിവാക്കുകയുമാണ് ചെയ്യുന്നത്.
ആർ.എസ്.എസ് നിയന്ത്രിക്കുന്ന ബി.ജെ.പി സർക്കാർ രാജ്യത്തിന്റെ ഐക്യവും കെട്ടുറപ്പും തകർക്കുകയാണ്. ഛത്തിസ്ഗഢിലും മണിപ്പൂരിലും യു.പിയിലും മറ്റും സ്ത്രീകൾ, ദലിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കുനേരെ കൊടുംക്രൂരതയാണ് നടക്കുന്നത്. ഇതിനെ ശക്തമായി നേരിടാനാണ് ‘ഇൻഡ്യ’യെന്ന വിശാല ആശയം രൂപംകൊണ്ടത്. പക്ഷേ, അതിനെ തളർത്തുന്ന സമീപനമാണ് പ്രധാന പ്രതിപക്ഷ പാർട്ടിയിൽനിന്ന് ഉണ്ടാകുന്നത്. രാജ്യത്തെ മാധ്യമങ്ങൾ മോദി നിയന്ത്രിക്കുന്ന കോർപറേറ്റുകളുടെ പിടിയിലമർന്നതായും വൃന്ദ കാരാട്ട് പറഞ്ഞു. ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഡോ. എം.വി. നാരായണൻ വിഷയം അവതരിപ്പിച്ചു. ഡോ. എം.എൻ. സുധാകരൻ, പി.ബി. സാജൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.